വിഴിഞ്ഞത്ത് പതിനാലുകാരിയുടെ മരണം:'അബന്ധം പറ്റി'; 'പൊലീസ് മാപ്പ് പറഞ്ഞു'; ഐക്യദാർഡ്യവുമായി സതീശൻ
വിഴിഞ്ഞത്ത് പതിനാലുകാരിയുടെ മരണം:'അബന്ധം പറ്റി'; 'പൊലീസ് മാപ്പ് പറഞ്ഞു'; ഐക്യദാർഡ്യവുമായി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മാപ്പ് പറച്ചിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ഗീതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു അബന്ധം പറ്റിയതാണെന്ന് പൊലീസ് പറഞ്ഞത്.
ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെ പൊലീസ് നടത്തിയത് അതിക്രൂര പീഡനം ആണ്. ഈ ഒരു വർഷം കുടുംബം അനുഭവിച്ചത് വലിയ ദുരന്തമായിരുന്നു. കൊലപാതകം ചെയ്തത് അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണെന്ന് യാദൃശ്ചികമായാണ് പൊലീസ് കണ്ടെത്തിയത്.
മറ്റൊരു കേസിൽ അറസ്റ്റിലായ റഫീക്കയെയും മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. മുല്ലൂർ സ്വദേശി വയോധികയുമായ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ഇതോടെ 14 കാരിയുടെ മരണത്തിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടാകുകയായിരുന്നു.

വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഫീഖയുടെ മകൻ ഷെഫീഖ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 14 കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതാണ് പൊലീസിന് ലഭിച്ചിരുന്ന നിർണ്ണായക തെളിവുകൾ. കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചിരുന്നു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്.
പോലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്തും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് തൊട്ട് പുറകിലാണ് വാടകയ്ക്ക് താമസം. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേർന്ന് 14 കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് പെൺകുട്ടിയെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 13 നാണ് ഈ പതിന്നാലുകാരി മരണപ്പെടുന്നത്. ഈ സമയത്ത് മകന് പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു എന്ന് പോലീസ് സംശയിച്ചിരുന്നു. റഫീഖയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി തല ചുമരിൽ ചേർത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. അന്ന് മരണ സമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനൊക്കെ റഫീഖ ഉൾപ്പെടെയുള്ളവരായിരുന്നു മുൻകൈയെടുത്തത്. എന്നാൽ, വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. തലക്ക് ക്ഷതം ഏറ്റതാണ് മരണ കാരണം എന്നായിരുന്നു അന്ന് കണ്ടെത്തിയിരുന്നത്.
അതേ സമയം, കുറ്റം ഏറ്റു പറയാൻ പൊലീസ് ചൂരൽ കൊണ്ടടിച്ചെന്നും കെട്ടി തൂക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും വ്യക്തമാക്കിയത്. പെൺകുട്ടിയുടെ കൊലപാതകക്കുറ്റം ഏറ്റടുക്കാൻ പൊലീസ് പീഡിപ്പിച്ചെന്ന് ഗീതയും ഭർത്താവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ അവസ്ഥയിലെത്തിച്ച പൊലീസിന് എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നും ഗീത പറഞ്ഞു.
എന്നാൽ, വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസിൽ പിടിയിലായ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത് യാദൃശ്ചികമായാണ്. ഈ പെൺകുട്ടിയെ മക്കളില്ലാത്ത ആനന്ദൻ, ഗീത ദമ്പതികൾ എടുത്ത് വളര്‍ത്തിയതായിരുന്നു. അതേസമയം, മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി ആനന്ദനോടും ഗീതയോടും മോശമായി പെരുമാറിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. ഇതിന് പിന്നാലെ ആണ് 14 - കാരി കൊലപ്പെട്ടതിൽ മാപ്പ് അറിയിച്ച് പൊലീസ് എത്തിയത്.
അതേ സമയം, പതിനാലുകാരിയുടെ മാതാപിതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തിയിരുന്നു. മകളുടെ മരണത്തിൽ പൊലീസ് കുറ്റവാളികളാക്കാൻ ശ്രമിച്ച രക്ഷിതാക്കളെ വി ഡി സതീശൻ വീട്ടിലെത്തി കണ്ടു. സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാൻസർ രോഗിയായ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ചു.












Click it and Unblock the Notifications