ശമ്പളവിതരണത്തിനായി കെഎസ്ആർടിസിക്ക് 50 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നവംബർ മാസത്തെ ശമ്പളവിതരണത്തിനായി കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്ക് ഓവർഡ്രാഫ്റ്റ് എടുക്കും. ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യാനാണ് ശ്രമം.
നവംബറിലെ ശമ്പളം നൽകാൻ സഹായം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നേരത്തെ തന്നെ ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഈ ഫയൽ ധനമന്ത്രി ഇന്നാണ് ഒപ്പിട്ട നൽകിയത്.
അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനായി എല്ലാ മാസവും സർക്കാർ നൽകിയിരുന്ന സഹായം നിർത്തലാക്കാൻ സർക്കാർ തന്നെ തീരുമാനിച്ചിരുന്നു.
അടുത്ത വർഷം മുതൽ സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആർടിസിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തത് വലി വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 50 കോടി രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
ശമ്പള വിതരണത്തിന് എല്ലാ മാസവും 30 മുതൽ 50 കോടി വരെ സർക്കാർ നൽകണം. ഇത് തുടരാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. സർക്കാർ സഹായം നിലച്ചാൽ 25,000 വരുന്ന ജീവനക്കാരുടെ ശമ്പളം തുലാസിലാകും. കെഎസ്ആർടിസിക്ക് സ്വന്തം കാലിൽ നിൽക്കാനായി വലിയൊരു തുക ഒറ്റത്തവണ നൽകാം എന്നതാണ് ധനവകുപ്പിന്റെ നിർദേശം.
ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്
പ്രതിവർഷം 1000 കോടിയാണ് കെഎസ്ആർടിസിക്കായി ബജറ്റിൽ സർക്കാർ വകയിരുത്തുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കെഎസ്ആർടിസിക്കായി 1500 കോടി രൂപ വകയിരുത്താമെന്ന ഫോർമുലയാണ് ധനവകുപ്പ് മുന്നോട്ട് വച്ചത്.