ലോറിയിലെ കെട്ടുകയർ സ്കൂട്ടറിൽ കുരുങ്ങി; നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കരമന: കരമന പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയറിൽ കുരുങ്ങി മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരി ഡിവൈഡറിൽ തലയിടിച്ച് മരിച്ചു. കുളത്തൂർ ഉച്ചക്കട തുമ്പയ്ക്കൽ ലക്ഷം വീട് കോളനിയിൽ ബേബിയുടെ മകൾ അനിത (36)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കരമന പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
ഉള്ളൂരിൽ വീട്ടുജോലിക്ക് പോകവെ അനിത ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന് മുന്നിൽ പോയ ലോറിയിലെ കയറാണ് അഴിഞ്ഞ് റോഡിലേക്ക് വീണത്. റോഡിൽ വീണ കയർ ആക്ടീവയുടെ സൈലൻസറിലും സ്‌റ്റാൻഡിലുമായി കുരുങ്ങുകയും നിയന്ത്രണം നഷ്ടമായി സ്കൂട്ടറിനൊപ്പം അനിതയും റോഡിലേക്ക് വീഴുകയുമായിരുന്നു. റോഡിൽ വീണ അനിതയുടെ തല ഡിവൈഡറിലിടിച്ചു. സ്കൂട്ടറിനെ നൂറ് മീറ്ററോളം വലിച്ചു കൊണ്ടുപോയ ശേഷം കരമന പാലം കഴിഞ്ഞാണ് ലോറി നിന്നത്.

അപകടം നടന്നയുടൻ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം തുമ്പയ്ക്കൽ ലക്ഷം വീട് കോളനിയിലെ ശ്‌മശാനത്തിൽ നടത്തി. തമിഴ്നാട്ടിൽ പ്ളസ് വൺ വിദ്യാർത്ഥിയായ അങ്കിത് (16), പാറശാല വിമലഹൃദയ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി സൗമ്യ (14), ആറാം ക്ളാസ് വിദ്യാർത്ഥി അനുഷ് (12) എന്നിവരാണ് അനിതയുടെ മക്കൾ. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന ഉണക്കമീനുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി. ഡ്രൈവർ തിരുച്ചിറപ്പള്ളി സ്വദേശി ചക്രവർത്തിക്കെതിരെ പൊലീസ് കേസെടുത്തു












Click it and Unblock the Notifications