നെയ്യാറ്റിന്‍കര സാധാരണ നിലയിലേക്ക്.... നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു, ഇനി ആശ്വാസം!!
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം കുറയുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് എണ്ണം കുറഞ്ഞത്. അതേസമയം തമിഴ്‌നാട് അതിര്‍ത്തി കടന്നുവരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഇന്നലെ 24 പേര്‍ക്ക് നെയ്യാറ്റിന്‍കരയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 326 പേരായി. നേരത്തെ ക്വാറന്റൈനില്‍ തുടരുന്നവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചതോടെ പലര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിയെത്തിയവരാണ്.
ഇവരെല്ലാം സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് മുമ്പ് പലവട്ടം പരിശോധനകള്‍ക്ക് വിധേയരായിരുന്നു. അതുകൊണ്ട് രണ്ടാഴ്ച്ചത്തെ നിരീക്ഷണം മാത്രം മതിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രണ്ട് പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇന്നലെ അഞ്ചുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.
അതേസമയം കേരള തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ അതിര്‍ത്തിയില്‍ നിന്നുള്ളവരുടെ വരവ് കൂടിയിയിരിക്കുകയാണ്. ഇന്നലെ മാത്രം 205 മലയാളികളാണ് തിരിച്ചെത്തിയത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയവരാണ് തിരിച്ചെത്തുന്നത്. ആറ് മണിവരെയാണ് അതിര്‍ത്തിയില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതെങ്കിലും രാത്രി വൈകിയും ഇവിടെ യാത്രക്കാര്‍ എത്തുന്നുണ്ട്. അതിര്‍ത്തിയില്‍ 24 മണിക്കൂറും അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുണ്ട്. വൈകിയെത്തുന്നവര്‍ക്ക് തങ്ങാന്‍ താല്‍ക്കാലിക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരേസമയം 500 പേര്‍ക്ക് വരെ നിരീക്ഷണ കേന്ദ്രത്തില്‍ വിശ്രമിക്കാം. ചെക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കി തെര്‍മല്‍ സ്‌കാനിംഗും നടത്തുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. റെഡ് സോണില്‍ നിന്ന് വരുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റുന്നുണ്ട്. ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മെഡിക്കല്‍ പരിശോധന നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ നിരവധി പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണനയുണ്ട്.