'ജെബി മേത്തർ മിടുക്കിയാണ്' ; ഒരേ സ്വരത്തിൽ ലിജുവും കെ വി തോമസും
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നേതാക്കൾ. സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന എം.ലിജുവും കെ.വി തോമസുമാണ് തീരുമാനത്തിൽ നിരാശയില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഇരുവർക്കും പറയാനുള്ളത് ഒന്നു മാത്രം, ജെബി മിടുക്കിയാണ്.
സ്ഥാനാർഥിയായി പലരുടെയും പേരുകൾ പരിഗണിക്കുന്നത് സ്വാഭാവിക നടപടിയാണ്. ജെബി മേത്തർ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള ആളാണ്. പൂർണമായ മനസ്സോടെയാണ് ജെബിയുടെ സ്ഥാനാർഥിത്വത്തെ സ്വീകരിക്കുന്നതെന്നും തനിക്ക് ഒരു തരത്തിലുള്ള നിരാശയില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പാർട്ടിയുടെ നേതാവ് എന്ന നിലയിൽ കെ സുധാകരന് ഒപ്പം നിൽക്കുമെന്നും എം. ലിജു പറഞ്ഞു.

അതേ സമയം ലിജുവിന്റെ പേര് പരിഗണിക്കുന്ന വേളയിൽ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു. തോറ്റ സ്ഥാനാർഥികൾക്ക് സീറ്റ് നൽകേണ്ടതില്ല എന്ന രീതിയിലുള്ള പരാമർശങ്ങൾ വരെ ഉയർന്നിരുന്നു. എല്ലാവരും എന്നെ അനുകൂലിക്കണമെന്ന് ചിന്തിക്കുന്നതിൽ അർഥമില്ലെന്നും അനുകൂലിച്ചും പ്രതികൂലിച്ചും ഉണ്ടാകുന്ന പ്രതികരണങ്ങളെ ആ തരത്തിൽ മാത്രമേ എടുക്കുന്നുള്ളുവെന്നും ലിജു പറഞ്ഞു. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ലിജു കൂട്ടിച്ചേർത്തു.

താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് ജെബി മേത്തർ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. നിലവിൽ ജെബി സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ്. മിടുക്കിയാണ് ജെബിയെന്നും എല്ലാ ആശംസകൾ നേരുന്നുവെന്നും എം ലിജു പറഞ്ഞു. അതേ സമയം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ സ്ഥാനാർഥിയാക്കിയത് ഉചിതമായ തീരുമാനമെന്ന് കെ വി തോമസ് പ്രതികരിച്ചു. ജെബിയുടേത് കോൺഗ്രസ് കുടുംബമാണെന്നും പ്രവർത്തനപാരമ്പര്യം ഉണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി. രാജ്യസഭ സീറ്റിലേക്ക് കെ വി തോമസിന്റെയും പേര് സജീവമായി പരിഗണിച്ചിരുന്നു.

ഡൽഹിയിലെത്തിയ കെ.വി തോമസ് താരിഖ് അൻവർ അടക്കമുള്ളവരെ കണ്ട് ആവശ്യം വിശദീകരിച്ചിരുന്നു. എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇത്തരത്തിലൊരു ആവശ്യം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കെ വി തോമസിന്റെ വിശദീകരണം. താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലയെന്നും താരിഖ് അൻവർ വിളിച്ചതിനെ തുടർന്നാണ് ഞാൻ ഡൽഹിയിൽ പോയി കണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. സീറ്റിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അവഹേളിക്കുന്നുവെന്ന പരിഭവവും മുൻ എംപി പങ്കുവെച്ചു.

ടി പത്മനാഭന്റെ വിമർശനം വേദനിപ്പിച്ചെന്ന് കെ വി തോമസ് പറഞ്ഞു. ഞാൻ അട്ടയാണോ എന്ന് പത്മനാഭൻ തന്നെ ആലോചിക്കട്ടെയെന്ന് കെ വി തോമസ് മറുപടി നൽകി. കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണ് നെഹ്രു കുടുംബം. ദേശീയ തലത്തിൽ കോൺഗ്രസിനെ നെഹ്രു കുടുംബം തന്നെ നയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കെ വി തോമസ് പറയുന്നു. കെ.വി തോമസിനെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യസഭയിലേക്ക് കെ.വി. തോമസുമാരുടെ പേര് ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കും. ചിലർ വിശ്രമ ജീവിതത്തിലേക്ക് കടന്നാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications