കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം, തമ്പാനൂരിലെ വെള്ളക്കെട്ട് നീക്കാൻ അടിയന്തര നടപടി
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുകയുണ്ടായി.
കടകംപള്ളിയുടെ കുറിപ്പ് വായിക്കാം: ' കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ നഗരസഭ അധികൃതർക്കൊപ്പം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഞാൻ കൂടി പങ്കെടുത്ത് നഗരസഭയിൽ മേയറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവെയുടെ ഭാഗത്തുള്ള 117 മീറ്റർ സ്ഥലത്ത് മണ്ണടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതാണ് തമ്പാനൂർ - കിഴക്കേകോട്ട ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായത്.

മഴക്കാലപൂർവ്വ ശുചീകരണത്തിൻറെ ഭാഗമായി മാർച്ച് 22ന് റെയിൽവെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ റെയിൽവെയുടെ ഭാഗത്തുള്ള പ്രവൃത്തികൾ റെയിൽവെ ചെയ്യാമെന്ന് ഏറ്റിരുന്നു. എന്നാൽ ആ ഉറപ്പ് റെയിൽവെ പാലിക്കാതിരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ യഥാർത്ഥ കാരണം. അടിയന്തിര സാഹചര്യത്തിൽ ഈ പ്രവൃത്തി ചെയ്യുന്നതിന് ഇപ്പോഴും കഴിയില്ലെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. എന്നാൽ നഗരസഭ ചെയ്യുന്ന പ്രവൃത്തിക്ക് വേണ്ട സഹകരണം റെയിൽവെ ഉറപ്പ് നൽകിയിട്ടുണ്ട്.
അതിൻ്റെ കൂടി അടിസ്ഥാനത്തിൽ നാളെ രാവിലെ മുതൽ യുദ്ധകാലാടിസ്ഥാനത്തിൽ ആമയിഴഞ്ചാൻ തോടിലെ റെയിൽവെയുടെ ഭാഗത്ത് വരുന്ന 117 മീറ്റർ സ്ഥലത്ത് അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു. റെയിൽവെയുടെ ഭാഗത്ത് 2.9 മീറ്റർ യഥാർത്ഥ ആഴമുള്ള തോടിന് നിലവിൽ മണ്ണ് നിറഞ്ഞ് ഒരു അടി പോലും ആഴം ഇല്ലാത്ത അവസ്ഥയാണ്. ഈ മണ്ണ് നീക്കി സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിന് യന്ത്രങ്ങളുടെ സഹായത്തോടെ നാളെ രാവിലെ മുതൽ അടിയന്തിരമായി പ്രവൃത്തി ആരംഭിക്കും. തമ്പാനൂരിലെ വെള്ളക്കെട്ടിന് മറ്റൊരു കാരണമായ പൊന്നറ ശ്രീധരൻ പാർക്കിലെ സംഭരണിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കാൻ റോഡ് ഫണ്ട് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications