നേമത്ത് നിര്‍ണായകം ഈ 35,000 വോട്ടുകള്‍; ഇടതിന് ഫിക്‌സഡ് ഡെപ്പോസിറ്റ് അരലക്ഷം വോട്ടുകള്‍... എന്ത് സംഭവിക്കും
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഇത്തവണ തീപാറുന്ന ത്രികോണ പോരാട്ടമാണ്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെ ബിജെപി വിശേഷിപ്പിക്കുന്നത് കേരളത്തിലെ ഗുജറാത്ത് എന്നാണ്. അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയ കുമ്മനം രാജശേഖരന്‍ തന്നെയാണ് അവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
നേമത്ത് ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട കോണ്‍ഗ്രസ് ഇത്തവണ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത് ജയത്തില്‍ കുറഞ്ഞ ഒന്നും ലക്ഷ്യം വച്ചല്ല. എന്തായാലും നേമത്ത് നിര്‍ണായകമാകുന്ന ഘടകങ്ങള്‍ പലതാണ്. പരിശോധിക്കാം...

35,000 ന്യൂനപക്ഷ വോട്ടുകള്‍
മണ്ഡലത്തില്‍ 35,000 ല്‍ പരം ന്യൂനപക്ഷ വോട്ടുകള്‍ ഉണ്ട്. ഈ വോട്ടുകള്‍ തന്നെ ആയിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുക എന്നാണ് വിലയിരുത്തലുകള്‍. ഈ വോട്ടുകള്‍ ആര്‍ക്ക് കിട്ടും?

യുഡിഎഫിന്റെ സ്ഥിതി
ബൂത്ത് കമ്മിറ്റികള്‍ പോലും ഇല്ലാത്ത സ്ഥിതിയില്‍ ആയിരുന്നു നേമം മണ്ഡലം. എന്നാല്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസ് സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. മാസ്സ് പ്രാചരണത്തിലൂടെ വോട്ടുകള്‍ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുരളീധരന്‍.

ഇടതിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്
നേമം മണ്ഡലത്തില്‍ ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ് സിപിഎം. മുന്‍ എംഎല്‍എയും കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയും ആയ വി ശിവന്‍കുട്ടി തന്നെയാണ് ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥി. അരലക്ഷത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍
2016 ല്‍ വി ശിവന്‍കുട്ടി നേടിയത് 59,142 വോട്ടുകളാണ്. 2011 ല്‍ 50,076 വോട്ടുകളും ശിവന്‍കുട്ടി നേടിയിരുന്നു. കഴിഞ്ഞ തവണ 8,617 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനോട് അദ്ദേഹം പരാജയപ്പെട്ടത്.

വോട്ടുകള്‍ വിഭജിക്കും
2006 ല്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ ശക്തന്‍ വിജയിച്ച മണ്ഡലം ആയിരുന്നു നേമം. അന്ന് ബിജെപിയ്ക്ക് ലഭിച്ചത് 6,705 വോട്ടുകള്‍ മാത്രമായിരുന്നു. യുഡിഎഫിന് ലഭിച്ചിരുന്ന വോട്ടുകളാണ് പിന്നീട് ബിജെപി പിടിച്ചെടുത്തത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ, കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നതോടെ ആ വോട്ടുകള്‍ വിഭജിക്കപ്പെടും എന്ന വിലയിരുത്തലും ഉണ്ട്.

പ്രതീക്ഷിക്കുന്നത് 60,000 വോട്ടുകള്‍
ഇത്തവണ നേമത്ത് തങ്ങള്‍ പ്രതീക്ഷിക്കുന്നത് 60,000 വോട്ടുകളാണ് എന്നാണ് കെ മുരളീധരന്‍ പറയുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ 50,000 മുതല്‍ 55,000 വരെ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് മുരളീധരന്റെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസിന്റെ കണക്ക്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ നാല്‍പത്തിയേഴായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ യുഡിഎഫ് വോട്ടുകള്‍ 20,623 ആയി ചുരുങ്ങി. ഈ ഘട്ടത്തില്‍ കെ മുരളീധരന്‍ പ്രതീക്ഷിക്കുന്ന വോട്ട് സമാഹരണം സാധ്യമാകുമോ എന്ന ആശങ്ക യുഡിഎഫില്‍ തന്നെയുണ്ട്.

എല്‍ഡിഎഫ് പ്രതീക്ഷ
കെ മുരളീധരന്‍ പിടിക്കുന്ന ഓരോ വോട്ടും തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് ലഭിച്ച വോട്ടുകളില്‍ ആയിരിക്കും ഇത് വിള്ളല്‍ വീഴ്ത്തുക എന്നും എല്‍ഡിഎഫ് കരുതുന്നു. മുരളീധരന്‍ മത്സരിച്ചാലും തങ്ങളുടെ വോട്ടുകള്‍ കൈവിട്ടുപോകില്ലെന്നാണ് എല്‍ഡിഎഫിന്റെ വിശ്വാസം.

ബിജെപിയുടെ ഉറപ്പ്
2016 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ ഭൂരിപക്ഷം ബിജെപിയ്ക്ക് മാത്രമാണ്. കേരളം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ച ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇടത് തരംഗം അഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പിലും നേമം ബിജെപിയ്‌ക്കൊപ്പം ആയിരുന്നു. അത് തന്നെയാണ് ഇത്തവണയും ബിജെപിയുടെ പ്രതീക്ഷ.

രാജഗോപാലിന്റെ വാക്കുകള്‍
തനിക്ക് കിട്ടിയ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് കരുതുന്നില്ലെന്നും ആയിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്. രാഷ്ട്രീയത്തിന് അതീതമായ രാജഗോപാലിന് മണ്ഡലത്തില്‍ സ്വീകാര്യതയുണ്ടായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കുമ്മനത്തിന്റെ കാര്യം അങ്ങനെയല്ല.
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications