'എതിര്‍ത്തവരോട് ഒന്നേ പറയാനുള്ളൂ.. മരണം വരെ ഒന്നിച്ച് ജീവിക്കും'; ഒടുവില്‍ അല്‍ഫിയയെ താലികെട്ടി അഖില്‍
കോവളം: പൊലീസ് ഇടപെടലിനെ തുടര്‍ന്ന് മുടങ്ങിയ വിവാഹം അതേ ക്ഷേത്രത്തില്‍ വെച്ച് തന്നെ വീണ്ടും നടന്നു. കോവളം സ്വദേശി അഖിലും കായകുളം സ്വദേശി അല്‍ഫിയയും തമ്മിലുള്ള വിവാഹമാണ് മാടന്‍തമ്പുരാന്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിരുന്നു. അല്‍ഫിയയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു വിവാഹം മുടങ്ങിയത്.
അല്‍ഫിയയെ ബലം പ്രയോഗിച്ച് ക്ഷേത്രപരിസരത്ത് നിന്ന് പൊലീസ് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പിന്നീട് അല്‍ഫിയയെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. അഖിലിന്റെ കൂടെ പോകാനാണ് താല്‍പര്യമെന്ന് അല്‍ഫിയ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ഇതോടെ മജിസ്‌ട്രേറ്റ് അല്‍ഫിയയ അഖിലിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു അഖിലും അല്‍ഫിയയും തമ്മില്‍ വിവാഹിതരായത്. തങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും ജീവിതാവസാനം വരെ ഒന്നിച്ച് ജീവിക്കുമെന്നും അഖില്‍ വിവാഹശേഷം പറഞ്ഞു. പിടിച്ചിറക്കി കൊണ്ടുപോയ ഇതേ ക്ഷേത്രത്തില്‍ വെച്ച് തന്നെ വിവാഹം കഴിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. എതിര്‍ത്ത് പറഞ്ഞവരോട് തങ്ങള്‍ അവസാനം വരെ ഒന്നിച്ച് ജീവിക്കും എന്ന് മാത്രമെ പറയാനുള്ളൂ എന്ന് അല്‍ഫിയയും പ്രതികരിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയാണ് അല്‍ഫിയെയും അഖിലും പ്രണയത്തിലാകുന്നത്. വെള്ളിയാഴ്ച കോവളത്ത് എത്തിയ അല്‍ഫിയ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തി അഖിലിനൊപ്പം പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതിയുമായി എത്തിയ കായംകുളം പൊലീസ് അല്‍ഫിയയെ കൊണ്ടുപോയത്.
അതേസമയം വെള്ളിയാഴ്ച അല്‍ഫിയ വീട് വിട്ട് കോവളത്തെത്തിയ കാര്യം ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് അഖില്‍ പറഞ്ഞത്. അല്‍ഫിയയുടെ ബന്ധുക്കളും അന്ന് തന്നെ കോവളത്തെത്തിയിരുന്നു എന്നും കോവളം പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അല്‍ഫിയ പറഞ്ഞിരുന്നു എന്നും അഖില്‍ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അല്‍ഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷന്‍ എസ് ഐയുടെയും വാര്‍ഡ് മെമ്പറുടെയും മധ്യസ്ഥതയില്‍ ആയിരുന്നു ചര്‍ച്ച നടത്തിയത്. ഇതോടെയാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വിവാഹം നടത്താന്‍ തീരുമാനിച്ചത് എന്നാണ് അഖില്‍ പറഞ്ഞിരുന്നത്. ഇത് പ്രകാരം വിവാഹം നടക്കാനിരിക്കെയാണ് അല്‍ഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്.












Click it and Unblock the Notifications