'പ്രതിയെ ആവശ്യമുണ്ട്; എകെജി സെന്ററുമായി ബന്ധപ്പെടുക'... സിപിഎമ്മിനെ ട്രോളി വിപി സജീന്ദ്രന്‍
തിരുവനന്തപുരം: എകെജി സെന്ററിനെതിരെ ബോംബെറിഞ്ഞുവെന്ന കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാത്തത് വിമര്‍ശനത്തിന് ഇടയാക്കുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനോ കേസില്‍ തുമ്പുണ്ടാക്കാനോ സാധിച്ചിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ചിട്ടും പ്രതിയെ പിടിക്കാന്‍ സാധിക്കാത്തത് കേരള പോലീസിനും സിപിഎമ്മിനും ചീത്തപ്പേരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നു.
അതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. എകെജി സെന്ററിനെതിരായ ഫേസ്ബുക്ക് കുറിപ്പിന്റെ പേരിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിന് ആസ്പദമായ സംഭവത്തില്‍ പങ്കില്ലെന്ന് ബോധ്യമായി. ചുവന്ന സ്‌കൂട്ടറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അന്വേഷത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
ആക്രമണത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ആരോപിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചെയ്തതാണ് എന്നാണ് അവരുടെ വിമര്‍ശനം. ഈ വേളയിലാണ് കെപിസിസി വൈസ് പ്രസിഡന്റ് സജീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. സിപിഎമ്മിനെ വളരെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയാണ് അദ്ദേഹം. സജീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും
കിട്ടിയോ ? ഉടന്‍ എകെജി ഭവനുമായി ബന്ധപ്പെടുക. പ്രതിയെ ആവശ്യമുണ്ട്. തക്ക പ്രതിഫലം തരും.
കോണ്‍ഗ്രസ് എന്ന് പറയുന്നവര്‍ക്ക് മുന്‍ഗണന.
ചോദിക്കുന്ന പ്രതിഫലവും ആശ്രിതര്‍ക്ക് ജോലിയും നല്‍കും.
അട്ടപ്പാടി മധുവിന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് പോലെ കേസില്‍ നിന്ന് രക്ഷിക്കും.
ചുവന്ന സ്‌കൂട്ടര്‍ നിര്‍ബന്ധമില്ല. അത് എകെജി ഭവനില്‍ നിന്ന് സംഘടിപ്പിച്ചു തരും.
ഒരു ദുര്‍ബല നിമിഷത്തില്‍ ഇ.പി ജയരാജന്‍ അവിഹിതമായി ബന്ധപ്പെട്ടത് മൂലം ഉണ്ടായ കുഴപ്പമാണിത്. ആരെങ്കിലും ഒന്ന് ഏറ്റെടുക്കണം പ്ലീസ് അല്ലെങ്കില്‍ ചീഞ്ഞ് നാറും.
വി പി സജീന്ദ്രന്‍. കെപിസിസി വൈസ് പ്രസിഡണ്ട്.