ദീപാവലിയിൽ പ്രതീക്ഷയോടെ കേരളത്തിൻ്റെ ശിവകാശി; കമ്പക്കെട്ടിൽ ആശാന്മാരുടെ മുഖമുദ്രയിൽ നന്ദിയോട് ഗ്രാമം
തിരുവനന്തപുരം: ജില്ലയിലെ പ്രധാന പടക്കനിർമ്മാണ ശാലയാണ് നെടുമങ്ങാട്ടെ നന്ദിയോട് ഗ്രാമം. ഓരോ ദീപാവലിയും സന്തോഷത്തിൻ്റെയും നന്മയുടെയും പൂത്തിരി നാളങ്ങൾ വാരിവിതറുമ്പോൾ അത് തങ്ങളുടെ ജീവിതത്തിൽ കൂടി ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ പടക്കനിർമ്മാണ തൊഴിലാളികൾ സാധനസാമഗ്രികൾ നിർമ്മിക്കുന്നത്.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ ആഘോഷങ്ങള്‍ തിരികെയെത്തുമെന്നും കച്ചവടത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ദീപാവലിക്കാലത്തും തൊഴിലാളികളും ലൈസൻസികളും.പടക്കനിര്‍മ്മാണത്തില്‍ തങ്ങളുടെ പേരും പെരുമയും വാനോളമെത്തിച്ച ആശാന്‍മാരുടെ നാടാണ് നന്ദിയോട് എന്നുള്ള പ്രത്യേകതയും കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
സാരിയില്‍ സുന്ദരിയായി നന്ദന വർമ്മ, ചിത്രങ്ങള്‍ കാണാം

ദീപാവലി സ്പെഷ്യല്‍ പടക്കങ്ങളുടെ വലിയശേഖരം തന്നെ എല്ലാക്കൊല്ലവും നെടുമങ്ങാട്ടെ ഈ ഗ്രാമത്തിൽ ഒരുക്കാറുണ്ട്. ഇക്കുറിയും വലിയ ശേഖരം തന്നെ നന്ദിയോടുണ്ട്. പടക്കനിര്‍മ്മാണത്തില്‍ തങ്ങളുടെ പേരും പെരുമയും വാനോളമെത്തിച്ച ആശാന്‍മാരുടെ നാടായിട്ടാണ് ഇത് അറിയപ്പെടുന്നത്. പടക്ക നിര്‍മ്മാണത്തിനൊപ്പം കമ്പക്കെട്ടിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭന്മാരായ ആശാന്‍മാരാണ് ഈ ഗ്രാമത്തെ മറ്റിടങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത്.

ഉത്സവ പറമ്പുകളില്‍ ആകാശ വിസ്മയം തീര്‍ക്കുന്ന പടക്ക ആശാന്മാർ എന്ന് വിളിക്കാവുന്ന നിരവധി പേർ ഇന്ന് നന്ദിയോടിന് സ്വന്തമാണ്. സ്വന്തം പടക്കശാലയില്‍ കരുതലോടെ നിര്‍മിച്ചു വിതരണം നടത്തുന്ന പനയോല ഉല്‍പ്പന്നങ്ങളാണ് നന്ദിയോട്ടെ പ്രത്യേകതയായി എടുത്തു പറയാനാകുന്നത്. അതുകൊണ്ടു തന്നെ മികച്ച ഗുണനിലവാരമുള്ളതാണ് ഇവിടെ നിർമ്മിക്കുന്ന പടക്കങ്ങളുമെന്നതിൽ തർക്കമില്ല. ഓലപ്പടക്കം, ഓലമാല, പേപ്പര്‍പടക്കം, കുറ്റിപടക്കം, പൂത്തിരി, അമിട്ട്, ഏറുപടക്കം, പൂക്കുറ്റി തുടങ്ങിയവയെല്ലാം ഇവിടെ നിർമ്മിക്കാറുണ്ട്. പനയോല നാട്ടില്‍ സുലഭമായിരുന്ന കാലമൊക്ക പോയി. ഇന്ന് പടക്കത്തിനുള്ള പനയോല അടക്കം അസംസ്‌കൃത വസ്തുക്കള്‍ തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. വലിയൊരു വിഭാഗത്തിന്റെ ഉപജീവന മാര്‍ഗം കൂടിയാണ് ഈ തൊഴില്‍ മേഖല.

ഇരുപതോളം ലൈസന്‍സികളും ആയിരത്തോളം തൊഴിലാളികളുമാണ് നന്ദിയോട്ടുള്ളത്. ഇവര്‍ ജീവിതത്തില്‍ എന്തെങ്കിലും കണ്ടെത്തി വെയ്ക്കുന്നത് ആകെ ലഭിക്കുന്ന ദീപാവലി കച്ചവടത്തിൽ നിന്നാണ്. പടക്കനിര്‍മ്മാണ സാമഗ്രികള്‍ക്ക് വില വര്‍ധനയുണ്ടെങ്കിലും ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വിലതന്നെയാണ് ഇവിടെ ഇപ്പോഴുമുള്ളത്. കഴിഞ്ഞ വർഷവും അതിനു മുൻപും കൊവിഡ് സംഹാര താണ്ഡവമാടിയപ്പോൾ ഇവർ പ്രതീക്ഷിച്ച കച്ചവടം ഇവിടെ നടന്നിരുന്നില്ല. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് ദീപാവലി വിപണിയെയും ബാധിച്ചിരുന്നു. എന്നാൽ, ഇക്കുറി വിപണികൾ സജീവമാകുന്നത് ദീപാവലിയിൽ തങ്ങളുടെ ജീവിതത്തിൽ തന്നെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവയ്ക്കുന്നത്.

ഒരു ദീപാവലി സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണിലേക്കുള്ള ജോലികള്‍ തുടരുകയാണ് പതിവ്. ഒരു നിര്‍മാണ ലൈസന്‍സി ഒട്ടേറെ കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവനും ജോലി നല്‍കുന്നു. നിരവധി കടമ്പകള്‍ കടന്നാണ് ഇവർക്ക് ലൈസന്‍സ് ലഭിക്കുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്കോ ലൈസന്‍സികള്‍ക്കോ നിലവില്‍ ക്ഷേമനിധിയോ, ഇന്‍ഷ്വറന്‍സ് പരിരക്ഷയോ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ ഇനിയും സ്വീകരിച്ചിട്ടില്ല. പലകുറി മാറിമാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടും നിരാശ മാത്രമാണ് ഫലം. കൊവിഡ് പശ്ചാത്തലം കൂടി വന്നപ്പോൾ തകർന്നുപോയ പ്രധാനപ്പെട്ട മേഖലകളിൽ ഒന്നായിരുന്നു പടക്ക നിർമാണ മേഖല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ക്ഷേത്രങ്ങളിലും പള്ളികളിലും വരെ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇതൊക്കെ മാറി തങ്ങളുടെ ജീവിതവും പഴയ പടിയിലാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ. ഇളവുകൾ നൽകി ഈ മേഖലയിലുള്ളവരെയും സംരക്ഷിക്കണമെന്നാണ് പടക്ക നിർമ്മാണ തൊഴിലാളികൾ പറയുന്നത്.












Click it and Unblock the Notifications