കേരളത്തിലെ ദേശീയപാതകള്‍ 3 വര്‍ഷത്തിനുള്ളില്‍ ആറ് വരിയാക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതകള്‍ 3 വര്‍ഷത്തിന് ഉള്ളില്‍ 6 വരിയാക്കും എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ മൈലക്കര, പൂഴനാട്, മണക്കാല, പേരേക്കോണം റിങ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പി എ മുഹമ്മദ് റിയാസ്.
അടുത്ത 5 കൊല്ലത്തിനുള്ളില്‍ 50 ശതമാനം റോഡുകളും ബി എം ബി സി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റശേഖരമംഗലം കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന റോഡാണ് മൈലക്കര, പൂഴനാട്, മണ്ഡപത്തിന്‍ കടവ്, മണക്കാല, പേരേക്കോണം റിംഗ് റോഡ്.

10 കോടി രൂപ ചെലവിട്ടാണ് ബി എം ബി സി നിലവാരത്തില്‍ റോഡ് നവീകരിക്കുന്നത്. സി കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി ലാല്‍ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ചെറുപുഷ്പം, പന്ത ശ്രീകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
നിലവില്‍ സംസ്ഥാനത്തെ പല ജില്ലകളിലും ആറ് വരി പാത നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ദേശീയപാത 66ല്‍ 202.99 കിലോമീറ്റര്‍ ആറുവരിയാക്കാന്‍ നിര്‍മാണക്കരാറായിട്ടുണ്ട്. ഇതിന്റെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. എല്ലാ ഭാഗത്തെയും ജോലികള്‍ 2025 ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനമാണ് നല്‍കിയത്.
മഹാരാഷ്ട്രയിലെ പനവേല്‍ മുതല്‍ കന്യാകുമാരി വരെ അഞ്ച് സംസ്ഥാനത്തിലൂടെ പോകുന്ന ദേശീയപാത 66 ല്‍ കേരളം മാത്രമാണ് സ്ഥലം ഏറ്റെടുക്കാന്‍ പണം നല്‍കുന്നത്. കേരളത്തില്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ ഏറ്റെടുക്കേണ്ടത് 1076.64 ഹെക്ടര്‍ ഭൂമിയാണ്. ഇതിന്റെ നഷ്ടപരിഹാരം ഏകദേശം 21,568 കോടി വരും.
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
ഇതില്‍ 5392 കോടിയാണ് സംസ്ഥാന വിഹിതമായി കേരളം വഹിക്കുന്നത്. മലപ്പുറം ജില്ലയില്‍ രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമാണ് ആറ് വരി ദേശീയപാത നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ്, മരം മുറിക്കല്‍ പ്രവര്‍ത്തികളെല്ലാം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.












Click it and Unblock the Notifications