പാർക്കിങ് ഇനി ഈസി; നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം; നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭാ കോമ്പൗണ്ടിലാണ് പാര്‍ക്കിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. 5.64 കോടി രൂപ മുടക്കി 7 നിലകളിലായി 102 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സെമി ഓട്ടോമാറ്റിക് പസിൽ മോഡ് ( semi - automatic - puzzle mode ) സംവിധാനമാണ് അവലംബിക്കുന്നത്.
Recommended Video

ആദ്യ മൾട്ടിലെവൽ പാർക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനത്തിന് ഒപ്പം രണ്ട് നൂതനപദ്ധതികളുടെ ശിലാസ്ഥാപനോദ്ഘാടനവും
മുഖ്യമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം സ്മാർട് സിറ്റി പ്രൊജക്ടിന്റെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് സമുച്ചയത്തിൽ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെയും പാളയത്ത് ഇലക്ട്രോ-മെക്കാനിക്കൽ മൾട്ടി ലെവൽ പാർക്കിങ് സംവിധാനത്തിന്റെയും നിർമാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രളയം ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നഗരസഭയിൽ ഒരുക്കുന്നത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഐടി അധിഷ്‌ഠിത സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും പ്രവർത്തനം. കോർപ്പറേഷൻ എൻജിനീയറിങ്, കെ എസ് ആർ ടി സി, ആരോഗ്യ വിഭാഗം, റവന്യൂ, ഐകെഎം, ഐ ടി മിഷൻ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥർ ഈ കൺട്രോൾ റൂമിൽ ഉണ്ടാകും.
സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയാനും വാഹനാപകടം കുറയ്‌ക്കാനും വീഡിയോ മാനേജ്‌മെന്റ് സംവിധാനവുമുണ്ട്. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ഓൺലൈനായി പണം അടയ്‌ക്കാനുള്ള സിംഗിൾ പേയ്‌മെന്റ് ഗേറ്റ് വേ സൗകര്യവും തയ്യാറാക്കും.
പാളയം സാഫല്യം കോംപ്ലക്‌സിന് പിറകിലായാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരത്തെ രണ്ടാമത്തെ മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനം നിർമിക്കുന്നത്. ഏഴു നിലയുള്ള പാർക്കിങ് സംവിധാനത്തിൽ 568 കാറും 270 ഇരുചക്രവാഹനവും പാർക്ക് ചെയ്യാം. 32.99 കോടിയാണ് ചെലവ്. പാളയം മാർക്കറ്റ്,യൂണിവേഴ്‌സിറ്റി കോളേജ്,എം ജി റോഡ്,സെക്രട്ടറിയേറ്റ് തുടങ്ങിയിടങ്ങളിലേക്ക് വരുന്ന സന്ദർശകർക്ക് അനുഭവിക്കേണ്ടി വരുന്ന പാർക്കിങ് പ്രശ്‌നത്തിന് ഇതോടുകൂടി പരിഹാരം കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications