കൗൺസിൽ ഹാളിലെ ബിജെപിയുടെ രാപകൽ സമരം; കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി
നഗരസഭ കത്ത് വിവാദത്തിൽ കൗൺസിൽ ഹാളിൽ ബിജെപി നടത്തുന്ന രാപകൽ സമരം സമരത്തിനെതിരെ നടപടിയുമായി പോലീസ്. രാപ്പകൽ സമരം നടത്തുകയായിരുന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി നേതാക്കളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു . എന്നാൽ രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം നഗരസഭയിൽ ബിജെപി വനിത കൗൺസിലർമാർ മേയർ ആര്യ രാജേന്ദ്രന്റെ വഴിതടഞ്ഞിരുന്നു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൗൺസിലർമാരും ചേർന്ന് മേയറെ ഡയസിലേക്ക് എത്തിക്കുകയായിരുന്നു.

പ്രതിഷേധത്തിന് പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തൻറെ വാദങ്ങൾക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. മുൻ കൗൺസിലർ ജി.എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്.
മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറഞ്ഞായിരുന്നു ഹർജി. മേയറെ കൂടാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയിൽ പറയുന്നു. മേയർ, ഡിആർ അനിൽ, സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജി.എസ്. സുനിൽ കുമാർ ഹർജി സമർപ്പിച്ചിരുന്നത്
അതേസമയം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ, ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് കൗൺസിലർ ഡി.ആർ. അനിൽ ബി.ജെ.പി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ പരാമർശം വിവാദമാവുക ആയിരുന്നു.
'പൈസ കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരേ' എന്ന അനിലിൻറെ പരാമാർശമാണ് വിവാദമായത്. വനിതാ കൗൺസിലർമാരെ അനിൽ അധിക്ഷേപിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.
മേയറുടെ ഡയസിനുമുന്നിൽ ബാനറുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒമ്പത് കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ, ഇവർ അറ്റൻഡൻസ് രജിസ്റ്റർ പിടിച്ചുവാങ്ങി ഹാജർ രേഖപ്പെടുത്തിയപ്പോഴായിരുന്നു അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശം.












Click it and Unblock the Notifications