വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്എെക്ക് പരിക്കേറ്റു: സ്കൂട്ടർ യാത്രികനെ വിട്ടുകിട്ടാൻ പ്രതിഷേധം
തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴി ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്എെ കെ ശെെലേന്ദ്ര പ്രസാദിന് (54) വാഹനമിടിച്ച് പരിക്കേറ്റതിനെച്ചൊല്ലി വാക്കുതർക്കവും സംഘർഷവും. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ പരുത്തിക്കുഴി ജംഗ്ഷന് സമീപം സർവീസ് റോഡിൽ വാഹന പരിശോധന നടത്തുമ്പോൾ കുമരിച്ചന്ത ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറാണ് ശെെലേന്ദ്ര പ്രസാദിനെ ഇടിച്ചത്.
മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്റെ നീക്കത്തിന് തിരിച്ചടി; പിന്തുണയ്ക്കില്ലെന്ന് വയല്ക്കിളികള്
സ്കൂട്ടർ ഒാടിച്ചിരുന്ന പൂന്തുറ സ്വദേശിയും ഡിവെെഎഫ്എെ ചേരിയാമുട്ടം കമ്മിറ്റി അംഗവുമായ പ്രവീണിനെ (19) പൊലീസ് പിടികൂടി. സ്റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ ഇയാളെ വിട്ടയ്ക്കമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തി.
എന്നാൽ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന വാദത്തിൽ ഗ്രേഡ് എസ്.എെ ഉറച്ചു നിന്നു. പ്രവീണിന് ലൈസൻസും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക ഡിവെെഎഫ്എെ - സിപിഎം പ്രവർത്തകർ മനപൂർവമല്ലാതെ സംഭവിച്ച അപകടത്തിൽ പ്രവീണിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുകയും യുവാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മണിക്കൂറുകളോളം സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. പുലർച്ചെ 2 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. തുടർന്ന് പ്രവീണിനെതിരെ ലെെസൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിന് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പെട്രോൾ അടിക്കാൻ പൂന്തുറ വഴി മുട്ടത്തറ ഭാഗത്തേക്ക് പോകുമ്പോൾ ഓട്ടോയുടെ പിറകിൽ നിന്നാണ് എസ്എെ കെെകാണിച്ചതെന്നും സ്കൂട്ടർ നിറുത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിലാണ് എസ്ഐയുടെ മേൽ തട്ടിയതെന്നും പ്രവീൺ പറയുന്നു. തന്നെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന പ്രവീൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.