സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം; വാച്ച് ആൻഡ് വാർഡും എംഎൽഎമാരും തമ്മിൽ ഉന്തുംതള്ളും
പ്രതിഷേധിച്ച എംഎൽഎമാരെ വാച്ച് ആന്റ് വാർഡ് ബലം പ്രയോഗിച്ചു നീക്കി

തിരുവനന്തപുരം: നിയസഭയിൽ പ്രതിപക്ഷവും വാച്ച് ആന്റ് വാർഡും തമ്മിൽ സംഘർഷം. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് വലിയ പ്രശ്നത്തിൽ കലാശിച്ചത്.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിനിടെ ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആന്റ് വാർഡ് മർദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. അതിനിടെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു.
പ്രതിഷേധിച്ച എംഎൽഎമാരെ വാച്ച് ആന്റ് വാർഡ് ബലം പ്രയോഗിച്ചു നീക്കി. നിരന്തരമായി അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അനുമതി നിഷേധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കേണ്ട സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.
ബ്രഹ്മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രസ്താവന കേൾക്കാൻ നിൽക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്. പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി
അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. 'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്'-മന്ത്രി സ്പീക്കറോട് പറഞ്ഞു












Click it and Unblock the Notifications