തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥി സംഘർഷം ; കെഎസ്‌യു പ്രവർത്തകയെ കയ്യേറ്റം ചെയ്‌തു
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ സംഘർഷം. കെഎസ്‌യു എസ്‌എഫ്‌ഐ പ്രവർത്തകരാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. യൂണിയൻ ഉദ്‌ഘാടനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റും വനിത നേതാവുമായ സഫ്‌നയെ എസ്‌എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിനെ മതിലിൽ ചാരി നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കെഎസ്‌യു ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞ ഉടനെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തുകയും വിദ്യാർഥികളെ സംഘർഷ സ്ഥലത്ത് നിന്ന് പിരിച്ചുവിടുകയായിരുന്നു. കോളജ് ഹോസ്റ്റലിനോട് സമീപമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുമെന്ന് മ്യൂസിയം പൊലീസ് വ്യക്തമാക്കി. മുമ്പ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു.
ലോ അക്കാദമി ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒമ്പത് സീറ്റിലും എട്ട് സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. ഒരു സീറ്റിൽ മാത്രമാണ് കെഎസ്‌യുവിന് വിജയിക്കാനായത്. 80 ശതമാനമായിരുന്നു എസ്‌എഫ്‌ഐയുടെ വോട്ട് വിഹിതം. ലോ കേളജ് സമരത്തിന് ശേഷം നടന്ന ആദ്യ യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു ഇത്.












Click it and Unblock the Notifications