ജയിൽ മോചിതയായ സ്വപ്ന വിദഗ്ധ ചികിത്സക്ക് ഒരുങ്ങുന്നു; ബാലരാമപുരത്തെ വീടിനു മുന്നിൽ വൻ മാധ്യമപ്പട
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള പ്രമാദമായ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ് ബാലരാമപുരത്തെ രാമപുരത്തുള്ള വീട്ടില്‍ വിശ്രമത്തില്‍. സ്വപ്നക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതായിട്ടാണ് വിവരം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്വപ്‌ന സുരേഷ് തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ

ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം സ്വപ്ന മാധ്യമങ്ങളെ കാണുമെന്ന് അമ്മ പ്രഭ സുരേഷ് വ്യക്തമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും മാധ്യമങ്ങള്‍ അവരുടെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍, പുറത്തുനിന്നാരുമായും കൂടിക്കാഴ്ചയ്ക്ക് സ്വപ്ന തയ്യാറായില്ല. അടുത്ത ബന്ധുക്കളില്‍ ചിലര്‍ മാത്രമാണ് സ്വപ്നയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്. സ്വർണക്കടത്ത് കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിവച്ചിരുന്നു. തന്ത്ര പ്രധാനമായ പല ചുമതലകളിൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും വരെ ചില ഘട്ടങ്ങളിൽ ഇത് മുൾമുനയിൽ നിർത്തിയിരുന്നു.
ഐഷു... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ജയിലിൽ കഴിഞ്ഞിരുന്ന സ്വപ്നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി സ്വപ്‌നയുടെ അടുത്ത ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. ജയില്‍ ഭക്ഷണം ഇഷ്ടപ്പെടാതിരുന്ന സ്വപ്‌ന അധികം ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരം ക്ഷീണിക്കാന്‍ കാരണമായി. ജാമ്യം ലഭിക്കാന്‍ വൈകിയത് മാനസികപിരിമുറുക്കത്തിനും ഉറക്കകുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടാക്കിയതായാണ് വിവരം. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നിയമപരമായി നേരിടാനാണ് സ്വപ്ന ഒരുങ്ങുന്നത്. അതിന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനും സ്വപ്ന ഉദ്ദേശിക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്.

അതേസമയം, ഏഴ് മാസം മുന്‍പുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിക്കാന്‍ ഇടയായതെന്നാണ് വിവരം. മുഹമ്മദ് ഷാഫി കേസ് എന്നറിയപ്പെടുന്ന കേസില്‍ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലാണ്, കസ്റ്റംസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വര്‍ണ കള്ളക്കടത്ത് യുഎപിഎ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടില്ലെന്ന് നിരീക്ഷിച്ചത്.

ഈ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ അടക്കം വാദിച്ചത്. തുടര്‍ന്നാണ് കുറ്റപത്രത്തില്‍ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള, തീവ്രവാദ പ്രവര്‍ത്തനവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നു പറയാനാവില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

യുഎപിഎയുടെ പതിനഞ്ചാം വകുപ്പ് പ്രകാരം നിര്‍വചിച്ചിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്രതികള്‍ ഉള്‍പ്പെട്ടെന്നു പ്രഥമദൃഷ്ട്യാ വെളിവാകുന്നില്ലെന്നാണു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ എന്‍ഐഎ കോടതി അഭിപ്രായപ്പെട്ടത്. ഇത് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നതിനു വസ്തുതകള്‍ അന്വേഷണ ഏജന്‍സിക്ക് കണ്ടെത്താനായാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വപ്നയുടെ ബോസ് ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ക്കായിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്നല്ലാതെ സ്വര്‍ണക്കടത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ആര്‍ക്കുവേണ്ടിയാണ് സ്വപ്ന സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് ഇനി വേണം കണ്ടെത്താന്‍.

ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ജാമ്യനടപടികൾ പൂർത്തിയാക്കി സ്വപ്ന സുരേഷ് ജയിൽമോചിതയായത്. അമ്മ പ്രഭാ സുരേഷാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാനായി അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയത്. തുടർന്ന് ഇരുവരും കാറിൽ ബാലരാമപുരത്തെ വീട്ടിലെത്തി. ഇവരുടെ വാഹനം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചയുടൻ തന്നെ വീടിന്റെ ഗേറ്റുകൾ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്നീട് പ്രതികരിക്കാമെന്ന് പ്രഭ സുരേഷ് പറഞ്ഞത്.

യു.എ.ഇയുടെ നയതന്ത്ര ചാനല്‍ ദുരുപയോഗിച്ച് അതീവരഹസ്യമായി നടത്തിയ സ്വര്‍ണക്കടത്ത് ഒറ്റുകൊടുത്തതാരാണെന്നും പുറത്തറിഞ്ഞിട്ടില്ല. 2020 ജൂലായ് 11നാണ് സ്വപ്നയെ എന്‍.ഐ.എ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിനടക്കം കൂട്ടുനിന്ന ഉന്നതര്‍ ജയിലില്‍ നിന്നിറക്കാന്‍ സഹായിക്കാതിരുന്നതില്‍ സ്വപ്ന പ്രകോപിതയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയിൽമോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരിൽ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വർണക്കടത്ത് കേസിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വിവാദമായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങിയ സ്വപ്നസുരേഷ് ഇനി ഈ വിഷയത്തിൽ എന്തു പറയും എന്നുള്ളതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ സ്വപ്നയുടെ വീടിന് മുന്നിൽ മാധ്യമപ്പടയുടെ സാന്നിധ്യവുമുണ്ട്.












Click it and Unblock the Notifications