വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് ഇടിച്ച് കെ എസ് ആര്‍ ടി സി ബസ് തകര്‍ന്നു. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 1.30 നായിരുന്നു അപകടം. ട്രെയിലര്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന വിമാനത്തിന്റെ ചിറക്ക് ഇടിച്ചാണ് കെ എസ് ആര്‍ ടി സി ബസ് തകര്‍ന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ കെ എസ് ആര്‍ ടി സി ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചിലേറെ യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം അപകടം ഉണ്ടായ ഉടന്‍ ട്രെയിലര്‍ ലോറിയിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുയായിരുന്നു ട്രെയിലര്‍ ലോറി.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായിരുന്നു ഈ ലോറിയില്‍ ഉണ്ടായിരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് സര്‍വീസ് നിര്‍ത്തിയ എയര്‍ബസ് എ 320 എന്ന വിമാനത്തിന്റെ ഭാഗമായിരുന്നു ഹൈരാബാദിലേക്ക് കൊണ്ടുപോയത്. 30 ലേറെ വര്‍ഷം സര്‍വീസ് നടത്തിയ വിമാനമാണ് എയര്‍ബസ് എ 320. തിരുവനന്തപുരം - മുംബൈ-ദല്‍ഹി റൂട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും ഈ വിമാനം സര്‍വീസ് നടത്തിയിരുന്നു.

ദല്‍ഹിയില്‍ നിന്നും 186-ലധികം യാത്രക്കാരുമായി തിരുവനന്തപുരത്തേക്കായിരുന്നു അവസാന പറക്കല്‍. ഇതിന് ശേഷം ചാക്കയിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിനായിയി ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമായതോടെ വില്‍ക്കുകയായിരുന്നു. ലേലത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്.

റെസ്റ്റോറന്റായി പുനര്‍നിര്‍മ്മിക്കാനാണ് ഹൈദരാബാദിലേക്ക് വിമാനം കൊണ്ടുപോകുന്നത് ഇതിനിടെ ആണ് അപകടം. വിമാനം പൂര്‍ണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളില്‍ കൊണ്ടുപോവുകയായിരുന്നു. ഫ്രാന്‍സില്‍ നിര്‍മിച്ച വിമാനമാണിത്.












Click it and Unblock the Notifications