വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ: അറസ്റ്റ് തിരുവനന്തപുരത്ത് വെച്ച്!! ഇരയായത് മത്സ്യതൊഴിലാളികള്‍
തിരുവനന്തപുരം: വലിയതുറ പ്രദേശത്തെ മത്സ്യതൊഴിലാളികൾക്കും മറ്റും സിംഗപ്പൂരിൽ ലക്ഷങ്ങൾ മാസശമ്പളമുളള ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ തമിഴ് നാട് തഞ്ചാവൂർ സ്വദേശിയും നിലവിൽ വർക്കല ഇടവ പണ്ടാരവിളയിൽ താമസക്കാരനുമായ ഹംസയുടെ മകൻ നസീർ (46) വലിയതുറ പൊലീസിന്റെ പിടിയിലായി.

വലിയതുറ കൊച്ചുതോപ്പ് സ്വദേശിയായ മാർട്ടിൻ എന്നയാളിൽ നിന്നും സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് വിസയ്ക്കായി 2 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മറ്റു നിരവധി ആളുകളിൽ നിന്നും സമാനമായ തരത്തിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശംഖുംമുഖം അസി.കമ്മീഷണർ ഷാനിഹാന്റെ നേതൃത്വത്തിൽ വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസറായ ബിജോയ്.എസ്, സബ് ഇൻസ്‌പെക്ടർമാരായ ആശിഷ്.എസ്.വി, അശോകൻനായർ.ബി, സി.പി.ഒ മാരായ വിനോദ്. വി.പി, ബിനു. എസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.












Click it and Unblock the Notifications