കീഴായിക്കോണത്ത് നിയന്ത്രണം വിട്ട ജീപ്പ് ആട്ടോയിലും കാറിലും ഇടിച്ച് മറിഞ്ഞു; ഒൻപത് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
വെഞ്ഞാറമൂട്: സ്റ്റേറ്റ് ഹൈവേയിൽ കീഴായിക്കോണത്ത് നിയന്ത്രണം വിട്ട ബൊലേറൊ ജീപ്പ് എതിരെ വന്ന ആട്ടോയിലും കാറിലും ഇടിച്ച ശേഷം റോഡിൽ മറിഞ്ഞു. ഒൻപത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ആട്ടോയാത്രക്കാരും മഞ്ചേരി സ്വദേശികളുമായ ബാലകൃഷ്ണൻ (57), ജയകൃഷ്ണൻ (46), ജയിംസ് (46), കൊല്ലം സ്വദേശികളായ യഹിയ (48), ആട്ടോ ഡ്രൈവർ സജീവ് (41), ജീപ്പ് യാത്രക്കാരും കടയ്ക്കൽ സ്വദേശികളുമായ സാബു പുരുഷോത്തമൻ (48), മകൻ ബൊബറ്റോ (13), ജീപ്പ് ഡ്രൈവർ മനോജ് (38), കാർ ഡ്രൈവർ നേമം സ്വദേശി മുഹമ്മദ് (70) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ബാലകൃഷ്ണന്റെ നില ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ കീഴായിക്കോണം എറിപാറ ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു കടയ്ക്കലിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരെ വരുകയായിരുന്ന ആട്ടോയിലും കാറിലും ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോ പൂർണമായും തകർന്നു.
ആട്ടോയാത്രക്കാരായ മഞ്ചേരി സ്വദേശികൾ കൊല്ലത്തിറങ്ങി ആട്ടോ പിടിച്ച് സുഹൃത്തിനെയുംകൂട്ടി വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications