കടയിലെത്തിയ പെണ്‍സുഹൃത്തിനോട് മോശമായി പെരുമാറി; കടക്കാരനെ അക്രമിക്കാന്‍ ക്വട്ടേഷന്‍, അറസ്റ്റ്
നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തിൽ രാജന് ( 60 ) നേരെയാണ് ആക്രമണം ഉണ്ടായത്. തൊട്ടടുത്ത് കട നടത്തുന്ന വണ്ടന്നപാരഡൈസ് വീട്ടിൽ വിനോദ് കുമാർ ( 43 ) ആണ് ക്വട്ടേഷൻ നൽകിയത്. വിനോദിനെയും ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്ന് വിളിക്കുന്ന ആന്റണി ( 33 )യേയും പോലീസ് പിടികൂടി.
പ്രതി വിനോദ് കുമാറിന്റെ പെൺസുഹൃത്ത് രാജന്റെ കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയതാണ് ക്വട്ടേഷൻ നൽകാൻ കാരണമായത്. ഈ സംഭവത്തിൽ നെടുമങ്ങാട് സ്വദേശികളായ മൂന്ന് പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 28 ന് രാത്രി 11. 30 ന് വിഷ്ണുപുരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്.

കട അടച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന രാജനെ പിന്നിൽ നിന്നും കാറിൽ പിന്തുടർന്ന് എത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചു. തുടർന്ന് വാളും ഇരുമ്പും പൈപ്പും കൊണ്ട് ആക്രമിച്ചു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല. കൊക്കോതമംഗലം, മേലെ വീട്ടിൽ രഞ്ജിത്ത് ( 34) നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്ത് വീട്ടിൽ സുബിൻ ( 32), സാം ( 29 ) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് വിനോദും ആന്റണിയും പിടിയിലാവുന്നത്.
തന്റെ പെൺസുഹത്തിന് നേരെ മോശം പെരുമാറ്റമുണ്ടായച് വിനോദ് സുഹൃത്തായ ആന്റണിയെ അറിയിക്കുകയും 25000 രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയുമായിരുന്നു. ആന്റണി രഞ്ജിത്തിന് ഇരുപതിനായിരം രൂപ നൽകി ക്വട്ടേഷൻ ഉറപ്പിച്ചു. രഞ്ജിത്ത് സുഹൃത്തുക്കളായ സുബിനെയും സാമിനെയും കൂട്ടി സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് പെരുമ്പഴുതൂരിലെത്തി, തുടർന്നായിരുന്നു ആക്രമണം.
വിനോദ് നേരത്തെ അമരവിളയിൽ ബേക്കറി നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം അമരവിളയിലെ കട മതിയാക്കി നാല് വർഷം മുമ്പാണ് പെരുമ്പഴുതൂരിൽ കട തുടങ്ങിയത്. രാജൻ ഒരു വർഷം മുമ്പാണ് പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ തുടങ്ങിയത്.












Click it and Unblock the Notifications