വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിൽ മോഷണം; ആസൂത്രിതം
തിരുവനന്തപുരം: വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ മോഷണം. നേപ്പാൾ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയത്. വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷമായിരുന്നു മോഷണം. സംഘത്തിലെ രണ്ട് പേരെ പിടികൂടി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഹരിഹരപുരം എൽ പി സ്കൂളിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിൽ ശ്രീദേവിയമ്മ, മരുമകളും സ്കൂൾ പ്രിൻസിപ്പലും ആയ ദീപ, ഹോം നേഴ്സായ സിന്ധു എന്നിവരായിരുന്നു താമസം. ഇവരെ മൂന്ന് പേരെയും മയക്കി കിടത്തി ആണ് സ്വർണവും പണവും അപഹരിച്ചത്. 15 ദിവസമായി ഇവിടെ ജോലിക്ക് വരുന്ന നേപ്പാൾ സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിലാണ് മോഷണം. ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തിയാണ് മോഷണം നടത്തിയത്.

ശ്രീദേവിയമ്മയുടെ മകൻ ബെംഗളൂരുവിലാണ്. കഴിഞ്ഞ ദിവസം രാത്രി മകൻ ഭാര്യ ദീപയെ ഫോൺ വിളിച്ചു, എന്നാൽ മറുപടി ലഭിച്ചില്ല. ഇതിന് പിന്നാലെ അയൽ വീട്ടിൽ വിളിച്ച് കാര്യം അറിയിച്ചു. അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു എത്തിയപ്പോൾ വീട്ടിൽ നിന്ന് നാല് പേർ ഇറങ്ങി ഓടുന്നത് കണ്ടു.
ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്ന് നോക്കിയപ്പോൾ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കമ്പി വേലിയിൽ ഒരാളെ കുടുങ്ങിക്കിടക്കുന്നത് കണ്ടു. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളിൽ ഒരാളാണെന്ന് മനസ്സിലായത്. ബാഗിൽ സ്വർണവും പണവുമുണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒളിച്ചിരുന്ന മറ്റൊരാളെ കൂടി കണ്ടെത്തുകയായിരുന്നു, പിടികൂടിയ രണ്ട് പേരെയും അയിരൂർ പോലീസിൽ ഏൽപ്പിച്ചു. വീട്ട് ജോലിക്ക് നിന്ന യുവതിയക്കം മൂന്ന് പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. നലാംഗ സംഘം കറങ്ങി നടക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ആസൂത്രിതമായ മോഷണം ആണെന്നാണ് പോലീസ് നിഗമനം, മോഷണം ലക്ഷ്യമിട്ടാണ് യുവതി വീട്ടു ജോലിക്ക് വന്നത് എന്നാണ് അനുമാനം. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമത്തിന് ഇരായായ മൂന്ന് പേരെയും കൊല്ലത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications