ആനാട് ജയന്‍ ആ അപൂര്‍വ നേട്ടം ആവര്‍ത്തിച്ചാല്‍ വാമനപുരം യുഡിഎഫിന്; ഒന്നും നടക്കില്ലെന്ന് എല്‍ഡിഎഫും
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടകളില്‍ ഒന്നാണ് വാമനപുരം. മണ്ഡലം രൂപീകൃതമായതിന് ശേഷം ഇന്നുവരേയുള്ള പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രമാണ് വാമനപുരത്ത് സിപിഎം പരാജയപ്പെട്ടിട്ടുള്ളു. 1970 ലെ തിരഞ്ഞെടുപ്പിലായിരുന്നു അത്. കോണ്‍ഗ്രസിലെ എം കുഞ്ഞുകൃഷ്ണ പിള്ളയായിരുന്നു അത്തവണത്തെ വിജയി. അതിന് ശേഷം ഒരിക്കല്‍ പോലും മണ്ഡലത്തില്‍ സിപിഎമ്മിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇത്തവണയും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി കോണ്‍ഗ്രസും കളം പിടിച്ചതോടെ മണ്ഡലത്തിലെ മത്സരം ഇത്തവണ പ്രവചനാതീതമായി മാറിയിട്ടുണ്ട്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

44 വര്‍ഷം സിപിഎം കോട്ട
കഴിഞ്ഞ 44 വര്‍ഷം തുടര്‍ച്ചയായി സിപിഎം നിലനിര്‍ത്തുന്ന മണ്ഡലമാണ് വാമനപുരം. പ്രമുഖ സിപിഎം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇവിടെ നിന്നും വിജയിച്ച് കയറിയത് അഞ്ച് തവണയാണ്. മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണയും സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത് സിറ്റിങ് എംഎല്‍എയായ ഡികെ മുരളിയെയാണ്.

2011 ലെ ലീഡ്
2011 ല്‍ ഒരിടവേളക്ക് ശേഷം വീണ്ടും കോലിയക്കോട് കൃഷ്ണന്‍ നായര്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. സി മോഹനചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അന്നത്തെ മത്സരത്തില്‍ സിപിഎമ്മിന് വാമനപുരത്ത് ലഭിച്ച ലീഡ് 2236 വോട്ടുകള്‍ മാത്രമായിരുന്നു.

കഴിഞ്ഞ തവണ
എന്നാല്‍ 2016 ല്‍ ഡികെ മുരളി സ്ഥാനാര്‍ത്ഥിയായി വന്നതോടെ സിപിഎമ്മിന്‍റെ ലീഡ് വീണ്ടും ഉയര്‍ന്നു. കോണ്‍ഗ്രസിലെ ടി ശരത് ചന്ദ്ര പ്രസാദിനെതിരെ 9596 വോട്ടുകള്‍ക്കാണ് ഡികെ മുരളി വിജയിച്ചത്. എല്‍ഡിഎഫിന് 65848 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 56252 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിഖിലിന് 13956 വോട്ടുകളും സ്വന്തമാക്കാനായി.

തദ്ദേശ തിരഞ്ഞെടുപ്പിലും
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എണ്ണായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിനുണ്ട്. മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷം മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കുന്നത്. വെഞ്ഞാറമൂടി ജംഗ്ഷനിലെ മേല്‍പ്പാലം ഉള്‍പ്പടെ എടുത്ത് പറയാന്‍ വിവിധ പദ്ധതികള്‍ ഇടതുപക്ഷത്തിന് മണ്ഡലത്തിലുണ്ട്.

ആനാട് ജയന്‍
അതേസമയം, മറുപക്ഷത്താവട്ടെ എന്ത് വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പൊതു രംഗത്ത് സജീവവുമായ ആനാട് ജയനെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ജയന് മണ്ഡലത്തിലുള്ള വ്യക്തിബന്ധം വോട്ടാവുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

അപൂര്‍വ നേട്ടം
മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോല്‍ക്കാത്ത സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകതയും ആനാട് ജയന് സ്വന്തമായുണ്ട്. വാമനപുരത്ത് ആ അപൂര്‍വ നേട്ടം ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മണ്ഡലത്തില്‍ സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്നതും തങ്ങള്‍ക്ക് ഗുണകരമായി മാറുമെന്ന് യുഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉണ്ടായ മണ്ഡലം കൂടിയാണ് വാമനപുരം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി നായര്‍ക്കായിരുന്നു സാധ്യതാ പട്ടികയില്‍ മുന്‍തൂക്കം. എന്നാല്‍ നറുക്ക് വീണത് ആനാട് ജയന്. ഇതോടെ രമണി പി നായര്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു.

എന്‍ഡിഎയില്‍ ബിഡിജെഎസ്
എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 24200 വോട്ടുകള്‍ നേടാന്‍ സാധിച്ചതിലാണ് അവരുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും മത്സരിച്ച തഴവ സഹദേവനാണ് ഇക്കുറി വാമനപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 9 പഞ്ചായത്തുകളുള്ള മണ്ഡലത്തില്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫും നാലും പഞ്ചായത്തുകള്‍ ഭരിക്കുന്നു.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications