തൊഴിലുറപ്പ് തൊഴിലാളിയും സ്വീപ്പറും: കോമളം ഇനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കസേരയിലേക്ക്!!
പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോമളമെത്തുമ്പോൾ ഒരു ചരിത്രമാണ് കുറിക്കുന്നത്. പാലോട് ഡിവിഷനിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കോമളം നേരത്തെ പാലോട് സർക്കാർ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അധികാരത്തിലെത്തിയ ബ്ലോക്കിന്റെ പരിധിയിൽത്തന്നെയാണ് ഈ ആശുപത്രിയും ഉൾപ്പെടുന്നത്.
തൊഴിലുറപ്പ് തൊഴിലാളിയായി ജോലി നോക്കി വന്നതിന് പിന്നാലെയാണ് അഞ്ച് വർഷത്തേക്ക് സർക്കാർ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തുവന്നിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ എത്തിയിരുന്നത്. എന്നാൽ അതേ ഓഫീസിലേക്ക് പ്രസിഡന്റായി എത്തുന്നത് ഏറെ സന്തോഷം തരുന്നുവെന്നാണ് കോമളത്തിന് പറയാനുള്ളത്. ഇതിനെല്ലാം പുറമേ കല്ലൻകുടിയിലുള്ള ഒരു സ്വകാര്യ അംഗൺവാടിയിലും ഇവർ താൽക്കാലികമായി ജോലി നോക്കിവരുന്നുമുണ്ട്.

നേരത്തെ പച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പട്ടികജാതി സർവീസ് സഹകരണ സംഘത്തിലാണ് അംഗമായി പ്രവർത്തിച്ചുവരുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ കോമളം വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണ്. മൂത്ത മകൾ ശരണ്യ വിവാഹിതയാണ്. രണ്ടാമത്തെ മകൾ വിദ്യ ഡിഗ്രി വിദ്യാർത്ഥിയും മകൻ ഗൌതമൻ പോളിടെക്നിക് വിദ്യാർത്ഥിയുമാണ്. പാലോട് കുശവൂരിൽ പൂക്കട നടത്തിവരുന്ന ശശിയാണ് ഭർത്താവ്.












Click it and Unblock the Notifications