വിതുരയിൽ യുവതിയെ കൊലപ്പെടുത്തിയ കാരണം വെളിപ്പെടുത്തി പ്രതി; അന്ന് സംഭവിച്ചത് ഇങ്ങനെ
വിതുര: വിതുരയിൽ വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൊല്ലപ്പെട്ട സുനിലയുടെ സുഹൃത്ത് അച്ചു (24) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചത് കാരണമാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അച്ചു മാെഴി നൽകി.

തിങ്കളാഴ്ച്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കെന്ന് പറഞ്ഞ് സുനില പോയത്. രാവിലെ പോയ സുനിലെ ഏറെ വൈകിയിട്ടും കാണതെ ആയതോടെയാണ് ഭർത്താവ് പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെയാണ് സുനിലയുടെ മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
അച്ചു ഭീഷണിപ്പെടുത്തിയാണ് സുനിലയെ വിളിച്ചുവരുത്തിയത് എന്നാണ് പറയുന്നത്. ഭർത്താവിന്റെ പരാതിക്ക് പിന്നാലെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനില അച്ചുവിനൊപ്പം പോയതായി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തി. വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്ന് സുനിലയോട് പ്രതി ആവശ്യപ്പെട്ടു.
കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ പറഞ്ഞു. തത്ക്കാലം വിവാഹം നടക്കില്ലെന്നും കുറച്ചുനാൾ കാത്തിരുന്നാൽ കൂടെ വരാമെന്ന് സുനില പറഞ്ഞതായും പറയുന്നു. എന്നാൽ വിവാഹത്തിന് സമ്മതിക്കാത്തതിൽ ക്ഷുഭിതനായ അച്ചു യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
മരണം ഉറപ്പാക്കാനായി തറയിൽ വീണ യുവതിയുടെ കഴുത്തിൽ ചരട് മുറുക്കി. രാത്രി 8.30 നായിരുന്നു കൊലപാതകം. പരിസരത്ത് ആൾത്താമസം ഇല്ലാത്തത് കൊണ്ട് യുവതിയുടെ നിലവിളി ആരും കേട്ടില്ല.
മരണം ഉറപ്പാക്കിയ അച്ചു പുലരുവോളം മൃതദേഹത്തിന്റെ കൂടെ ഉറങ്ങി. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാൾ പറയുന്നു. പിറ്റേ ദിവസം പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം പൂർത്തീകരിക്കും എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications