വിഴിഞ്ഞം: ' കരുതിക്കൂട്ടിയുള്ള ആക്രമണം, പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണി'; മൂവായിരം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ പോലീസ് കേസെടുത്തു.
ലഹളയുണ്ടാക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. സമരക്കാർ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണം ആണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കാളികളായി. സമരക്കാർ ഫോർട്ട് എസിപി അടക്കം പോലീസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാർ പോലീസുകാരെ ആക്രമിച്ചു.
കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കിൽ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി എന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. വിഴിഞ്ഞം എസ്എച്ച്ഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പോലീസ് സ്റ്റേഷൻ ഉപരോധിച്ച സമരക്കാർ നടത്തിയ അക്രമത്തിൽ 36 പോലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. സമരക്കാർ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും. പരിക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്നലെ അറസ്റ്റ് ചെയ്ത നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടൻ റിമാൻഡിലാണ്. സെൽട്ടനെ മോചിപ്പിക്കാനെത്തിയതാണ് നാലുപേർ. അറസ്റ്റ് ചെയ്ത അഞ്ചുപേരെയും വിട്ടയയ്ക്കാനായിരുന്നു സംഘർഷം.
അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ കർശന നടപടിയുണ്ടാകും എന്ന് എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനടപടി തുടരും. മൂന്നുമണിക്കൂറോളം പൊലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു.
സമരം സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ ഇന്ന് സർവകകക്ഷിയോഗം ചേരും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ ചേംബറിലാണ് ചർച്ച. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ എന്നിവർ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേരയുമായി കോർപ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫീസിൽ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം ചർച്ച നടത്തിയിരുന്നു.