തൃശൂരില്‍ എടിഎം കൗണ്ടറുകള്‍ക്ക് 'രക്ഷയില്ല': വീണ്ടും എടിഎം കൗണ്ടറില്‍ മോഷണ ശ്രമം, കമ്പിപ്പാര ഉപയോഗിച്ച് മെഷീന്‍ കുത്തിത്തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു
തൃശൂര്‍: കനറാ ബാങ്കിന്റെ കിഴക്കുമ്പാട്ടുകരയിലുള്ള കിഴക്കേ കോട്ട ശാഖയോട് ചേര്‍ന്ന എടിഎം കൗണ്ടറില്‍ മോഷണ ശ്രമം. ഇന്നലെ രാവിലെയെത്തിയ ബാങ്ക് ജീവനക്കാരാണ് മെഷീന്‍ തകര്‍ക്കാന്‍ ശ്രമം നടന്നതു കണ്ടെത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് മെഷീന്‍ കുത്തിത്തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. കിഴക്കുമ്പാട്ടുകരയിലെ ജെസ് വെ ബില്‍ഡിങ്ങിനു താഴെയാണു എടിഎം കൗണ്ടര്‍. മെഷീനില്‍നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
വിവരമറിഞ്ഞ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. കൗണ്ടറിലെ സിസിടിവി ക്യാമറകള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ക്യാമറയ്ക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി ക്യാമറ പരിശോധിച്ചു വരികയാണ്.

ചാലക്കുടി എടിഎം കവര്‍ച്ച അന്വേഷണം കോയമ്പത്തൂരിലേക്ക്
കൊരട്ടി എടിഎം കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. ചാലക്കുടിയില്‍ നിന്നുള്ള നാലംഗ സംഘമാണ് കോയമ്പത്തൂരിലെത്തി അന്വേഷണം നടത്തുന്നത്. കോയമ്പത്തൂരില്‍ പീഴ്‌മേടില്‍ കഴിഞ്ഞ വര്‍ഷം നടന്ന എടിഎം കവര്‍ച്ചയിലെ പ്രതികളെ നിരീക്ഷിക്കാനാണ് സംഘം കോയമ്പത്തൂരിലെത്തിയത്. അവിടെ നടന്ന കവര്‍ച്ചയില്‍ ഉള്‍പ്പെട്ട 11 പേരില്‍ ഒമ്പതു പേര്‍ ഇപ്പോള്‍ ജയിലിലാണ്. മറ്റു മൂന്നു പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്. കൊരട്ടി , ഇരിമ്പനം എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചക്ക് സമാനമാണ് കോയമ്പത്തൂരിലേതെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
ജില്ലയില്‍ കവര്‍ച്ച പെരുകുന്നു
തൃശൂര്‍ ജില്ല കവര്‍ച്ചാ ഭീഷണിയില്‍. ഉത്തരേന്ത്യയില്‍ നിന്നടക്കം ഇതര സംസ്ഥാന മോഷ്ടാക്കള്‍ ജില്ലയിലെത്തിയെന്നാണ് സൂചന. വീടുകള്‍, എ.ടി.എമ്മുകള്‍, ക്ഷേത്ര ഭണ്ഡാരങ്ങള്‍ എന്നിവ കൊള്ളയടിക്കുന്ന മോഷ്ടാക്കള്‍ വിലസുകയാണ്. ഇന്നലെ എ.ടി.എം. കവര്‍ച്ചാശ്രമത്തിന് പുറമേ അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച,
കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കുടുംബക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ 25,000 രൂപയോളം കവര്‍ന്നു. തുടര്‍ച്ചയായുണ്ടാകുന്ന മോഷണ പരമ്പര ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. വന്‍ കവര്‍ച്ചകള്‍ അടക്കം ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് തുടര്‍ച്ചയായി നടക്കുന്നത്. കൊരട്ടി എ.ടി.എം. കവര്‍ച്ച ഉള്‍പ്പെടെ കൃത്യമായി ആസൂത്രണം ചെയ്തു നടക്കുന്ന കവര്‍ച്ചകളില്‍ പ്രതികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. ആ മാസം ജില്ലയിലെ ഏറ്റവും വലിയ കവര്‍ച്ചയാണ് മതിലകത്ത് നടന്നത്. മംഗലംപിള്ളി അബ്ദുള്‍ അസീസിന്റെ വീട് കുത്തിത്തുറന്ന് 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. കള്ളന്‍മാരെ പിടികൂടാനാകാതെ പോലീസ് നെട്ടോട്ടത്തിലാണ്.
ചേര്‍പ്പ് കോടന്നൂരില്‍ നടന്ന മോഷണവും ജില്ലയെ നടുക്കി. വീടിന്റെ ജനലിന്റെ കമ്പിക്കിടയിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു. ഇതിന് തൊട്ടുമുമ്പായി അയല്‍വീട്ടില്‍ പ്രാവിനെ മുറിവേല്‍പ്പിച്ചു പറപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചും മോഷണശ്രമം നടന്നു. തുടര്‍ന്ന് മോഷണം നടന്ന കുട്ടന്റെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ അയല്‍വാസിയുടെ വീട്ടില്‍ വിചിത്രമായ രീതിയിലും മോഷണശ്രമം അരങ്ങേറി. വീട്ടുകാര്‍ കിടന്നുറങ്ങുന്ന മുറിയുടെ ജനലിനു പുറത്ത് പ്രാവിനെ കൊണ്ട് ചിറകടി ശബ്ദം ഉണ്ടാക്കി വീട്ടമ്മയുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ജനല്‍ തുറന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാനും മോഷ്ടാവ് ശ്രമിച്ചു.
കഴിഞ്ഞയാഴ്ച തൃശൂര്‍ കൊരട്ടിയില്‍ എ.ടി.എം. കവര്‍ച്ച നടന്നിരുന്നു. ഒറ്റ രാത്രികൊണ്ടു നാലു എ.ടി.എമ്മുകളാണു കവര്‍ച്ചാസംഘം ലക്ഷ്യംവച്ചത്. ഇവിടെ നിന്നും പത്തുലക്ഷം രൂപയാണു കവര്‍ന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണു പോലീസ്. ഇതിനിടെയാണ് വീണ്ടും എ.ടി.എം. കവര്‍ച്ച ഉണ്ടായിരിക്കുന്നത്. അയ്യന്തോളില്‍ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചിരുന്നു. കുട്ടിയുമായി പോകുകയായിരുന്ന യുവതിയുടെ കഴുത്തില്‍ അടിച്ച് വീഴ്ത്തിയാണ് മാല കവര്‍ന്നത്. പല മോഷണങ്ങളിലും വിരലടയാളവും ഡോഗ് സ്‌ക്വാഡുമെല്ലാം മോഷ്ടാക്കള്‍ക്ക് മുന്നില്‍ വിഫലമായ നിലയിലാണ്. മോഷ്ടാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശമുണ്ട്.












Click it and Unblock the Notifications