തൃശൂര്‍ കോര്‍പ്പറേഷനില്‍ മുട്ടുമടക്കി സിപിഎം, കോണ്‍ഗ്രസ് വിമതന് മേയര്‍ സ്ഥാനം 2 വര്‍ഷത്തേക്ക്!!
തൃശൂര്‍: വിമതന്റെ മുന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ മുട്ടുമടക്കി സിപിഎം. ഇവിടെ വിമതന്‍ എംകെ വര്‍ഗീസിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ആദ്യത്തെ രണ്ട് വര്‍ഷം വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വര്‍ഗീസിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വൈകിയിരുന്നു.
സിപിഎമ്മിന്റെ രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയറാകും. രാമവര്‍മപുരം ഡിവിഷനിലെ കൗണ്‍സിലറാണ് രാജശ്രീ ഗോപന്‍. എല്‍ഡിഎഫ് പരിഗണനയിലുണ്ടായിരുന്ന മുതിര്‍ന്ന അംഗം സാറാമ്മ റോബിന്‍സണ്‍, ബീന മുരളി എന്നിവരെ തള്ളിയാണ് രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. നേരത്തെ കോര്‍പ്പറേഷനില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ തന്നെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. വിമതന്‍ അഞ്ച് വര്‍ഷവും മേയറാക്കണമെന്ന നിലപാടിലായിരുന്നു ആദ്യം. ഇതിനെ തുടക്കം മുതല്‍ തന്നെ സിപിഎം തള്ളിയിരുന്നു.
സിപിഎം ആവശ്യം അംഗീകരിക്കാത്തതോടെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം വേണമെന്നായിരുന്നു എംകെ വര്‍ഗീസിന്റെ ആവശ്യം. എന്നാല്‍ ആദ്യത്തെ രണ്ട് വര്‍ഷം തന്നെ മേയര്‍ സ്ഥാനം വേണമെന്ന് വിമതന്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ചര്‍ച്ചകള്‍ നേരത്തെ വഴിമുട്ടിയിരുന്നു. ഇതിന് പിന്നാലെ വിമതനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ യുഡിഎഫും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ സസ്‌പെന്‍സിലേക്ക് നീങ്ങിയിരുന്നു. നിലവില്‍ എല്‍ഡിഎഫിന് 24 അംഗങ്ങളാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ ഉള്ളത്. യുഡിഎഫ് അഞ്ച് വര്‍ഷവും വിമതന് മേയര്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞിരുന്നു.
നേരത്തെ വിമതന് പൂര്‍ണമായും കീഴടങ്ങണോ എന്ന് സിപിഎമ്മില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന ഘടകം ഏത് വിധേനയും തുടര്‍ഭരണം ഉറപ്പാക്കാനാണ് നിര്‍ദേശിച്ചത്. ഇതോടെ മന്ത്രി എസി മൊയ്തീന്‍ അടക്കമുള്ളവര്‍ രംഗത്തിറങ്ങി. ഇവര്‍ അടങ്ങുന്ന സിപിഎം നേതാക്കള്‍ എംകെ വര്‍ഗീസുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തിയാണ് ഭരണം ഉറപ്പാക്കിയത്. മൂന്നാം തവണയാണ് എല്‍ഡിഎഫ് തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരിക്കാന്‍ പോകുന്നത്. അതേസമയം മുന്‍ പ്രതിപക്ഷ നേതാവായിരുന്ന എംകെ മുകുന്ദന്റെ വിയോഗത്തെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതാണ്. ഇവിടത്തെ ഫലവും ഇനി നിര്‍ണായകമാകും.