• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആദിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി നാലു വര്‍ഷങ്ങള്‍ക്കുശേഷം കസാക്കിസ്ഥാന്‍കാരി ദില്‍നാസ് എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ചെറുപുഞ്ചിരിയോടെ ആദിത്തിന്റെ മാതാപിതാക്കളും സഹോദരിയും സ്വീകരിച്ചു!

  • By Desk

തൃശൂര്‍: ഹൃദയം നുറുങ്ങുന്ന വേദനയിലും ചെറുപുഞ്ചിരിയോടെ ദില്‍നാസിനെ ആദിത്തിന്റെ മാതാപിതാക്കളും സഹോദരിയും സ്വീകരിച്ചു. 2015 ഓഗസ്റ്റ് 18 ന് മസ്തിഷ്‌കമരണമടഞ്ഞ ആദിത്തിന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്തതില്‍ ഹൃദയം ദാനമായി സ്വീകരിച്ച കസാക്കിസ്ഥാനിലെ അസാന നഗരത്തിലെ എസാന്‍അനാറ ദമ്പതികളുടെ മകള്‍ ദില്‍നാസ് എസാനാണ് ഇരിങ്ങാലക്കുട ചേലൂരുള്ള ആദിത്തിന്റെ വീട്ടിലെത്തിയത്. ദില്‍നാസിനോടൊപ്പം മാതാവ് അനാറയും ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ലോജിസ്റ്റിക് മാനേജര്‍ സതീഷും ഭാഷാ പരിഭാഷകന്‍ പ്രവീണുമുണ്ടായിരുന്നു.

വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കാം; ഇമ്രാന്‍ ഖാനെ വാതോരാതെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്!

ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ദില്‍നാസ്, തനിക്ക് ഹൃദയം ദാനംചെയ്ത കുടുംബത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നു മാതാവ് അനാറ പറഞ്ഞു. ഹൃദയം ദാനംചെയ്ത കുടുംബത്തെയും കേരളകേന്ദ്ര സര്‍ക്കാരുകള്‍ക്കും ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നന്ദിയോടെ ഓര്‍ക്കുന്നെന്നു ദില്‍നാസ് പറഞ്ഞു. ഇന്നലെ രാവിലെ ചെന്നൈയില്‍ നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തിയ ദില്‍നാസിനെ ആദിത്തിന്റെ പിതാവ് കല്ലൂക്കാരന്‍ പോള്‍സന്‍ കാറില്‍ ചേലൂരുള്ള വീട്ടിലെത്തിച്ചു.

ആദിത്തിന്റെ മാതാവ് ഷിന്‍സിയും ഏക സഹോദരി ആര്യയും ആദിത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടനും ചേര്‍ന്നു സ്വീകരിച്ചു. വീടിനുള്ളില്‍ ആദിത്തിന്റെ ഫോട്ടോയും നെഞ്ചോടടക്കി ആദിത്തിന്റെ പ്രിയപ്പെട്ട അമ്മാമയും ദില്‍നാസിനെ കാത്തിരിക്കുകയായിരുന്നു. ദില്‍നാസിനെ കണ്ടതോടെ അമ്മാമയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇവരെ ആശ്വസിപ്പിച്ച് ദില്‍നാസും മാതാവും ആദിത്തിനേക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആദിത്തിന്റെ ആല്‍ബങ്ങളും മറ്റും ദില്‍നാസിനും മാതാവിനും ആദിത്തിന്റെ സഹോദരി ആര്യ കാട്ടിക്കൊടുത്തു.

ആദിത്തിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആദിത്തിന്റെ ഭക്ഷണതാത്പര്യങ്ങളേക്കുറിച്ച് ചോദിച്ചറിഞ്ഞ ദില്‍നാസിന്റെ മാതാവ്, ദില്‍നാസിന് ഹൃദയ ശസ്ത്രക്രിയയ്ക്കുമുമ്പ് ഓറഞ്ച് ജ്യൂസ് ഇഷ്ടമായിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്കുശേഷം ഓറഞ്ച് ജ്യൂസ് കൂടുതല്‍ ഇഷ്ടപ്പെടുന്നതായും പറഞ്ഞു. ആദിത്തിന് ഓറഞ്ച് ജ്യൂസ് കൂടുതല്‍ ഇഷ്ടമായിരുന്നുവെന്ന് ആദിത്തിന്റെ മാതാവ് ഷിന്‍സി പറയുമ്പോള്‍, ദില്‍നാസിനെ കാണാനായി എത്തിച്ചേര്‍ന്ന ആദിത്തിന്റെ ബന്ധുക്കളുടെയും കണ്ണുകള്‍ നിറഞ്ഞു. ചേലൂര്‍ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിലെ ആദിത്തിന്റെ കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിനുശേഷം, ആദിത്തിന്റെ പേരില്‍ ചാവറ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ പരിപാടിയിലും ദില്‍നാസ് പങ്കെടുത്തു.

2015 ഓഗസ്റ്റ് 15 നായിരുന്നു ആദിത്തും പിതാവ് പോള്‍സനും സഞ്ചരിച്ചിരുന്ന കാര്‍ കൊമ്പിടിയില്‍വച്ച് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇരുവരെയും തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഗുരുതരാവസ്ഥയിലായ ആദിത്തിനെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 18നു പുലര്‍ച്ചെ ആദിത്തിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ബന്ധുക്കള്‍ അവയവദാനത്തിന് തയാറാകുകയുമായിരുന്നു. സര്‍ക്കാരിന്റെ പുനര്‍ജനി അവയവദാന നെറ്റ്‌വര്‍ക്കുവഴി ഹൃദയം ആവശ്യമുള്ളവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും യോജിച്ച ഇന്ത്യക്കാരെ കണ്ടെത്തിയില്ല.

ഇതേത്തുടര്‍ന്നാണ് ഹൃദയം മാറ്റിവയ്ക്കാനായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കസാക്കിസ്ഥാന്‍കാരിയായ 10 വയസുള്ള ദില്‍നാസിന് ഹൃദയം സ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്. ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം ഡോക്ടര്‍മാരുടെ സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിയാണു ഹൃദയം കൊണ്ടുപോയത്. നിര്‍ധന കുടുംബമായ ദില്‍നാസിന് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മുഴുവന്‍ തുകയും കസാക്കിസ്ഥാന്‍ സര്‍ക്കാരാണ് നല്‍കിയതെന്നും ആദിത്തിന്റെ കുടുംബത്തെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമെന്നും കഴിയുമെങ്കില്‍ ആദിത്തിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഇനിയും എത്തുമെന്നും ദില്‍നാസും മാതാവ് അനാറയും പറഞ്ഞു.

നിയമവിധേയമായ രാജ്യാന്തര അവയവ ദാനത്തിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍. വാഹനാപകടത്തില്‍ മരിച്ച ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി നന്ദിപ്രകാശനത്തിനായി കസാക്കിസ്ഥാനിലെ അസാനയില്‍നിന്നു ദില്‍നാസ് എസ്സാന്‍ ഇരിങ്ങാലക്കുടയില്‍ എത്തിയവേളയില്‍ ആദിത്ത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫാ. ഡേവിസ് ചിറമ്മല്‍.

അവയവദാനം നടത്തുന്ന നിസ്വാര്‍ത്ഥമതികള്‍ക്ക് സമൂഹം മതിയായ പരിഗണന നല്‍കണമെന്നും മനുഷ്യനും മനുഷ്യനും തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത കുറയ്ക്കാന്‍ അവയവദാനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസാക്കിസ്ഥാനിലെ അസാനയില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദില്‍നാസിന് കാര്‍ഡിയാക് മയോപ്പതി എന്ന അസുഖം ബാധിച്ചത്. 60 ദിവസമായി യോജിച്ച ഹൃദയം ലഭിക്കുന്നതിനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട ചേലൂര്‍ കല്ലൂക്കാരന്‍ വീട്ടില്‍ പോള്‍സന്റെയും ഷിന്‍സിയുടെയും മകനായ ആദിത്ത് വാഹന അപകടത്തിലാണ് ആശുപത്രിയില്‍ എത്തിയത്. ജീവന്‍ തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പോള്‍സണും ഷിന്‍സിയും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

ആദിത്തിന്റെ സ്മരണാര്‍ഥം ചേലൂര്‍ സ്‌കൂളിലെ 30 വിദ്യാര്‍ഥികള്‍ക്കായി ചാവറ ഫാമിലിഫോറം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സഹായ വിതരണത്തിലും ദില്‍നാസ് പങ്കെടുത്തു. ചടങ്ങില്‍ കാത്തലിക്‌സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, ചാവറ ഫാമിലി ഫോറം ഭാരവാഹികളായ സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ലിയോണ്‍സ്, ജിമ്മി മാവേലി, നിക്ലാവോസ്, ബാബു കൂവക്കാടന്‍, വെസ്റ്റ് ലയണ്‍സ് പ്രസിഡന്റ് ഷാജന്‍ ചക്കാലയ്ക്കല്‍, ശാന്തിനികേതന്‍ സ്‌കൂള്‍ സെക്രട്ടറി എ.കെ. ബിജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Thrissur

English summary
Dilnas, a Kazakhstan, arrived four years later with Adi's heart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X