തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്താംക്ലാസ് പരീക്ഷ രാവിലെ നടത്തണം: ആവശ്യം ശക്തം, മാറ്റമില്ലാതെ പരീക്ഷാ സമയം, 1.30 മുതല്‍ 4.30 വരെ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പത്താംക്ലാസ് പരീക്ഷ രാവിലെ നടത്തണമെന്ന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷ ടൈംടേബിള്‍ ഉച്ചയ്ക്കു തന്നെ. കൊടുംവേനലില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ള ക്യു.ഐ.പി. നിര്‍ദേശം. 2019 മാര്‍ച്ച് 13 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയം 1.30 മുതല്‍ 4.30 വരെയാണ്. ഈ ടൈംടേബിള്‍ അനുസരിച്ച് ഉച്ചയ്ക്ക് തന്നെയാണ് പരീക്ഷ നടക്കുക.

എന്നാല്‍ പരീക്ഷണമെന്ന നിലയില്‍ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ രാവിലെ നടത്തും. ഈ ശ്രമം വിജയകരമായാല്‍ പത്താംക്ലാസ് പരീക്ഷ രാവിലേക്ക് മാറ്റുന്നത് പരിഗണിക്കും. അല്ലാത്തപക്ഷം വിദ്യാര്‍ഥികള്‍ ഉച്ചച്ചൂടില്‍ പരീക്ഷ എഴുതേണ്ടിവരും. ഏതെങ്കിലും കാരണവശാല്‍ മോഡല്‍ പരീക്ഷ പരാജയപ്പെടുകയാണെങ്കില്‍ കുറച്ചുകൂടി മുതിര്‍ന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷ ഉച്ചയ്ക്ക് നടത്തണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. 2006 വരെ പത്താംക്ലാസ് പരീക്ഷ രാവിലെയായിരുന്നു നടത്തിയിരുന്നത്. അക്കാലയളവില്‍ ഉച്ചയ്ക്കാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തിയിരുന്നത്.

1-14-1513263981

പത്താംക്ലാസ് പരീക്ഷ രാവിലെ പത്തിന് നടത്തുന്നതിനെ കുറിച്ച് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിരുന്നു. സ്ഥലപരിമിതിയാണ് പരീക്ഷകള്‍ ഒന്നിച്ചു നടത്താത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് ഉന്നയിക്കുന്ന കാരണം. എന്നാല്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍മാത്രം അറുപതിനായിരത്തിലധികം അധ്യാപകരും ഹൈസ്‌കൂളിനോട് ചേര്‍ന്ന എല്‍.പി, യു.പി. വിഭാഗത്തില്‍ പതിനായിരത്തിലധികം അധ്യാപകരുമാണുള്ളത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി. പരീക്ഷയ്ക്ക് ആകെ നാല്‍പ്പത്തയ്യായിരം ക്ലാസ് മുറികള്‍ വേണ്ടതിന് പകരം അറുപതിനായിരത്തോളം ക്ലാസ് മുറികള്‍ ലഭ്യമാണ്. സൗകര്യങ്ങള്‍ കുറവാണെങ്കില്‍ തന്നെ ക്ലസ്റ്റര്‍ സ്‌കൂള്‍ പരീക്ഷ അടിസ്ഥാനത്തില്‍ ക്രമീകരിക്കാനും കഴിയും. അതിനാല്‍ പരീക്ഷ സമയം രാവിലെയാക്കുന്നതില്‍ പരാജയ സാധ്യതയില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കടുത്ത വേനലായ മാര്‍ച്ചില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നുവരെ കുട്ടികളും മുതിര്‍ന്നവരും വെയിലേല്‍ക്കരുതെന്നാണ് ദേശീയ ദുരന്തനിവാരണസമിതിയുടെ നിര്‍ദേശം. ഈ വര്‍ഷം ചൂട് ഇരട്ടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പഠന സമിതി മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്‌ക്കെടുക്കണമെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഇത്് വിശദമാക്കി രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ചില്‍ സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉച്ചയ്ക്ക് പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കഴിഞ്ഞ പരീക്ഷകളില്‍ നിരവധി കുട്ടികള്‍ തളര്‍ന്നു വീണ സാഹചര്യത്തില്‍ പരീക്ഷ സമയം മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പരീക്ഷകളുടെ ഗുണനിലവാരം കുറയുമെന്ന വാദമുയര്‍ത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഈ ആവശ്യത്തിനെ എതിര്‍ക്കുകയാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ ഒരുമിച്ചു നടത്താനുള്ള നീക്കം അപ്രായോഗികവും പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്നതുമാണെന്നുമാണ് അസോസിയേഷന്റെ വാദം. കുറ്റമറ്റ രീതിയില്‍ നടത്തിവരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ സംവിധാനംതന്നെ അട്ടിമറിക്കുമെന്നും പരീക്ഷകള്‍ ഒന്നിച്ചു നടത്തുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നുമാണ് എച്ച്.എസ്.എസ്.ടി.എ. അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ വാദം ബാലിശമാണെന്ന് അധ്യാപകര്‍ പറയുന്നു.

കുട്ടികളെ സുരക്ഷിതരായി പരീക്ഷയെഴുതിക്കാനുള്ള ഉത്തരവാദിത്തം അധ്യാപക സംഘടനകള്‍ക്കുമുണ്ട്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടന മാത്രമാണ് പരീക്ഷകര്‍ ഒന്നിച്ചു നടത്തുന്നത് എതിര്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ കൂടാതെ പത്താംക്ലാസ് പരീക്ഷയുടെ ടൈംടേബിളിലും അപാകതകളുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. നാല്‍പ്പത്, എണ്‍പത് മാര്‍ക്കിന്റെ പരീക്ഷകള്‍ അടുത്തടുത്ത തീയതികളില്‍ വരുന്ന വിധമാണ് ടൈംടേബിള്‍. ഇതിന് പകരം നാല്‍പ്പത് മാര്‍ക്കിന്റെ പരീക്ഷയ്ക്കിടെ എണ്‍പത് മാര്‍ക്കിന്റെ പരീക്ഷകള്‍ ക്രമീകരിക്കുന്നത് വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് കുറയ്ക്കും. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യം.

Thrissur
English summary
Directions to SSLC examination coordination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X