തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ വ്യാപക അക്രമം; വാഹനങ്ങള്‍ക്കുനേരെ കല്ലേറ്, മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു, പ്രാദേശികചാനലിന്റെ ക്യാമറ തകര്‍ത്തു , ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാളുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമല വിഷയത്തില്‍ കര്‍മസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ തൃശൂരില്‍ വ്യപക അക്രമം. അക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 280 ലേറെ പേര്‍ക്ക് എതിരേ പോലീസ് കേസെടുത്തു. 46 പേരെ അറസ്റ്റുചെയ്തു. തൃശൂര്‍ നഗരത്തിലെ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തില്‍ വന്‍ സംഘര്‍ഷമുണ്ടായി. എം.ജി. റോഡിലെ ട്രാഫിക് ഡിവൈഡറുകള്‍ തകര്‍ത്തു നീങ്ങിയ പ്രകടനത്തില്‍ പോലീസിനും സി.പി.എമ്മിനുമെതിരേ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ന്നു. വഴിനീളെ സി.പി.എമ്മിന്റെ കൊടിയും ബോര്‍ഡുകളും പറിച്ചെറിഞ്ഞു.

ശബരിമല കര്‍മസമിതി ഹര്‍ത്താലില്‍ തൃശൂരിൽ വ്യാപക അക്രമം, വാടാനപ്പള്ളിയില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു, കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു, മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം, ജനജീവിതം സ്തംഭിച്ചു!!

ഇതിന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഒരുസംഘം തെരഞ്ഞുപിടിച്ചു കൈയേറ്റം ചെയ്തു. ഫോട്ടോഗ്രാഫര്‍മാര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് ലാത്തിവീശിയാണു സ്ഥിതി നിയന്ത്രിച്ചത്. കാമറാന്മാരായ രഞ്ജിത്ബാലന്‍, ബിബിന്‍, ജോണ്‍സണ്‍, സിദ്ദിഖ്, അനുപ് എന്നിവര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. രാമനിലയത്തിനടുത്ത് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസിനു നേരെയും വലിയ തോതില്‍ കല്ലേറുണ്ടായി.

പുതുക്കാട് വ്യാപക അക്രമം

പുതുക്കാട് വ്യാപക അക്രമം

ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന് കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പുതുക്കാട് മേഖലയില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രാദേശിക ചാനലിന്റെ ക്യാമറ തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്കു നേരെയും അക്രമമുണ്ടായി. പ്രതിഷേധം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയും കൈയേറ്റം.

വ്യാഴാഴ്ച രാവിലെ 10.30ന് ആമ്പല്ലൂര്‍ കുണ്ടുക്കാവ് ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ദേശീയപാതയിലേക്ക് പ്രവേശിച്ചതോടെയാണ് അക്രമാസക്തമായത്. ദേശീയപാതയിലൂടെവന്ന വാഹനങ്ങളേയും പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളേയും ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ എല്‍.ഡി.എഫിന്റെ കൊടിക്കാലുകളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. പ്രകടനം പുതുക്കാട് സെന്ററില്‍ എത്തിയപ്പോളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം ഉണ്ടായത്. പുതുക്കാട് എന്‍.സി.ടിവി ചാനലിന്റെ ക്യാമറ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു.

ദീപിക പ്രാദേശിക ലേഖകന്‍ സുനോജ് വൈലോപ്പിള്ളി, എന്‍.സി.ടിവി ചാനലിന്റെ ക്യാമറമാന്‍മാരായ അബിന്‍, യദു എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഈ സമയം പ്രകടനക്കാര്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുകയായിരുന്നു.

ഈ സമയം സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ത്തു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുനേരെ വ്യാപകമായി കൈയേറ്റ ശ്രമങ്ങളുണ്ടായി. നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും പ്രവര്‍ത്തകര്‍ പ്രകോഭിതരായിരുന്നു.

പ്രകടനത്തിനിടെ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. കര്‍ണാടകയില്‍നിന്ന് ചേന്ദമംഗലം ഗവ. സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്ന കാറും അക്രമത്തില്‍ തകര്‍ന്നു. പുതുക്കാട് പോലീസില്‍ പരാതി നല്‍കി. വെളുപ്പിന് നന്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസിനു നേരെയും കല്ലേറുണ്ടായി. മുത്രത്തിക്കരയിലും കല്ലൂരും വാഹന ഗതാഗതം തടഞ്ഞു. വൈകിട്ട് നാലുമണിയോടെ മണലിപ്പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന വാനിനുനേരെ അക്രമികള്‍ കല്ലെറിഞ്ഞു. വാനിലുണ്ടായിരുന്ന പുളിഞ്ചോട് സ്വദേശി ആദര്‍ശി(20)ന് പരുക്കേറ്റു.

വരന്തരപ്പിള്ളിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി അക്രമം നടത്തി. റോഡില്‍ തീയിട്ട പ്രതിഷേധക്കാര്‍ സി.പി.എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിക്കാലുകളും നശിപ്പിച്ചു. നൂറിലേറെ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു.

ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ സംഘര്‍ഷഭരിതം

ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ സംഘര്‍ഷഭരിതം

കഴിഞ്ഞ ദിവസം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ സംഘര്‍ഷഭരിതമായി. പഞ്ചായത്തുകളില്‍ രാവിലെതന്നെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചുരുക്കം ചില കടകള്‍ തുറന്നിരുന്നത് പ്രതിഷേധക്കാര്‍ അടപ്പിച്ചു. ഇടതുപക്ഷ അനുകൂലികളുടെ ലോട്ടറിക്കടയും കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി സ്‌റ്റോറും മാപ്രാണത്ത് തുറന്ന് പ്രവര്‍ത്തിച്ചത് ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.

പോലീസ് ഇടപെട്ടെങ്കില്ലും കടകള്‍ അടയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ച് നിന്നു. നീതി സ്‌റ്റോറിന് മുന്നില്‍ ഏറെ നേരത്തെ മുദ്രാവാക്യം വിളികളുടെ പ്രതിഷേധത്തിനൊടുവില്‍ സ്‌റ്റോര്‍ അടച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം റോഡിലെ എസ്.ബി.ഐ. ബാങ്കില്‍ കയറിയ പ്രതിഷേധക്കാര്‍ ബാങ്ക് ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാങ്കിന് പുറത്തെ ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു.

നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ഓഫീസുകളും സമരക്കാര്‍ അടപ്പിച്ചു. പ്രതിഷേധ പ്രകടനം കടന്നുപോയ വഴിയില്‍ ഉണ്ടായിരുന്ന ഇടതുപക്ഷ അനുകൂല ബോര്‍ഡുകള്‍ എല്ലാം തന്നെ നശിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. കാക്കത്തുരുത്തിയില്‍ കടതുറന്നയാള്‍ക്ക് ഹര്‍ത്താലനുകൂലികളുടെ മര്‍ദനത്തില്‍ പരുക്കേറ്റു. പുല്ലൂരില്‍ സി.പി.എം. കൊടിമരം നശിപ്പിച്ചു. നിരത്തില്‍ അവശ്യസര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് സ്ഥാപനങ്ങളും കടകളും ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല.

പൊറത്തിശ്ശേരി സ്വദേശിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി

പൊറത്തിശ്ശേരി സ്വദേശിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി

ഹര്‍ത്താലില്‍ സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് അംഗമായ തലയിണക്കുന്നത്തെ കുന്നത്ത് വീട്ടില്‍ ഉണ്ണി മകന്‍ വാസുദേവനേയും ഭാര്യ ബിന്ദുവിനേയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. പരുക്കേറ്റ വാസുദേവനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലനുകൂലികളുടെ ആക്രമണത്തില്‍ വാസുദേവന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി പറയുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഭാര്യ ബിന്ദുവിനെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് പുത്തന്‍തോടിന് സമീപമാണ് സംഭവം നടന്നത്. പ്രകടനം വരുന്നത് കണ്ട് സ്‌കൂട്ടര്‍ ഒരു വീടിന്റെ ഗെയ്റ്റിനോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയായിരുന്ന വാസുദേവനേയും ഭാര്യയേയും പ്രകടനത്തിനിടയില്‍നിന്നും മുഖംമറച്ച് വന്ന ആളാണ് ആക്രമിച്ചത്.

ഹര്‍ത്താലില്‍ കടതുറന്ന കാക്കത്തുരുത്തി സ്വദേശിക്ക് മര്‍ദനം

ഹര്‍ത്താലില്‍ കടതുറന്ന കാക്കത്തുരുത്തി സ്വദേശിക്ക് മര്‍ദനം

ഇരിങ്ങാലക്കുട കാക്കാതുരുത്തി സ്വദേശി വലൂപറമ്പത്തില്‍ അനിയ (44) നാണ്് മര്‍ദനമേറ്റത്. കുറ്റിക്കടവ് റോഡില്‍ പലചരക്കുകട നടത്തിവരുന്ന അനിയന്‍ രാവിലെ 10 മണിക്ക് കട തുറന്നു പുറത്തേക്ക് കൊണ്ടുപോകാന്‍ പഴക്കുലകള്‍ ഇറക്കുന്നതിനിടയില്‍ സമീപവാസിയായ യുവാവ് വന്നു കട അടയ്ക്കുവാന്‍ പറയുകയായിരുന്നു. ഇതിനിടയില്‍ മൊബൈലില്‍ കോള്‍ വന്നപ്പോള്‍ സംസാരിച്ച അനിയനെ മറ്റു രണ്ടുപേര്‍ കൂടി വന്നു ഇട്ടിക്കട്ട പോലുള്ള ആയുധംവച്ച് മുഖത്ത് ഇടിക്കുകയായിരുന്നുവെന്നും കടയിലെ സാധനങ്ങള്‍ കേടുപാടു വരുത്തുകയായിരുന്നുവെന്നും സമീപവാസികളായ കണ്ടാലറിയുന്നവരാണ് തന്നെ മര്‍ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും ഇയാള്‍ പറഞ്ഞു. സി.പി.എം. കാക്കത്തുരുത്തി ബ്രാഞ്ച് അംഗമാണ് അനിയന്‍. സംഭവശേഷം ആശുപത്രിയിലേക്ക് വരുന്നതിനിടയില്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും അനിയന്‍ പറഞ്ഞു. സംഭവത്തില്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റിമാന്റില്‍

അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റിമാന്റില്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ കുന്നംകുളം കേന്ദ്രീകരിച്ച് ഉച്ചയോടെ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുകയും നിര്‍ബന്ധിച്ച് ബലമായി കടകള്‍ അടപ്പിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത അഞ്ചുപേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി വില്ലന്നൂര്‍ റിജേഷ് (33), പഴുന്നാന സുമേഷ് (36), പെരുമ്പിലാവ് ആല്‍ത്തറ ഹരികൃഷ്ണന്‍ (21), കുന്നംകുളം അടുപ്പുട്ടി സ്വദേശികളായ സുമേഷ് (24), ബിനു (38) എന്നിവരെയാണ് എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും കോടതി റിമാന്റ് ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.

കുന്നംകുളത്ത് താലൂക്കാഫീസിനുനേരെ ആക്രമണം

കുന്നംകുളത്ത് താലൂക്കാഫീസിനുനേരെ ആക്രമണം

സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താല്‍ കുന്നംകുളത്ത് പൂര്‍ണം. കക്കാട് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്കാഫീസിനുനേരെ ആക്രമണമുണ്ടായി. കക്കാട് ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചയുടനെ രണ്ടുപേര്‍ താലൂക്കാഫീസില്‍വന്ന് ബഹളമുണ്ടാക്കി. ഓഫീസ് അടയ്ക്കണമെന്നാവശ്യപ്പെട്ടു. തഹസില്‍ദാരുടെ ഭരണകേന്ദ്രമായ താലൂക്കാഫീസ് അടയ്ക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ രണ്ടുപേരും ഇറങ്ങിപ്പോയി. പിന്നീട് ക്ഷോഭം തീര്‍ക്കാനായി താലൂക്കാഫീസ് കെട്ടിടത്തിന്റെ മതിലിന്റെ ഗ്രില്ലുകള്‍ തകര്‍ത്ത് താഴേക്ക് വലിച്ചിട്ടു. മുന്‍വശത്തെ ജീവനക്കാരുടെ സംഘടനകളുടെ കൊടിയും കൊടിക്കാലുകളം തകര്‍ത്തു. ഇത് സംബന്ധിച്ച് താലൂക്ക് അധികൃതര്‍ പോലീസിലും കലക്ടര്‍ക്കും പരാതി നല്‍കി. കടകള്‍ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കടകള്‍ തുറന്നിരുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ച് മറ്റ് വാഹനങ്ങളൊന്നും ഓടിയില്ല. ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കുന്നംകുളം മേഖലയില്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലും ഹര്‍ത്താല്‍ പ്രകടനങ്ങള്‍ നടന്നിരുന്നു.

തൃപ്രയാറില്‍ ഹര്‍ത്താല്‍ പൂര്‍ണം; സംഘര്‍ഷം

തൃപ്രയാറില്‍ ഹര്‍ത്താല്‍ പൂര്‍ണം; സംഘര്‍ഷം

ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ജനജീവിതം ദുസഹമാക്കി. ബുധനാഴ്ചയിലെ അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നാലെ ഇന്നലെ നടത്തിയ രണ്ടാംദിന ഹര്‍ത്താലില്‍ യാത്രക്കാരും നാട്ടുകാരും വീര്‍പ്പുമുട്ടി. ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങളും ഒറ്റപ്പെട്ട നിലയില്‍ അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങളും മാത്രമാണ് സര്‍വീസ് നടത്തിയത്. തളിക്കുളത്ത് ഒരു സ്വകാര്യ കാറിനുനേരെ കല്ലേറുണ്ടായി. വാടാനപ്പള്ളിയില്‍ എസ്.ഡി.പി.ഐ.- ബി. ജെ.പി. സംഘര്‍ഷത്തെ തുടര്‍ന്ന് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ക്കും സര്‍വീസ് നടത്താനാകാതെ മണിക്കൂറുകളോളം വഴിയില്‍ തങ്ങേണ്ടിവന്നു. കച്ചവട സ്ഥാപനങ്ങള്‍ ഒരിടത്തും തുറന്നുപ്രവര്‍ത്തിച്ചില്ല. ഒറ്റപ്പെട്ട നിലയില്‍ തുറന്ന സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ വാടാനപ്പള്ളിയില്‍ നീതി ടെക്‌സ്‌റ്റൈല്‍സ് അടയ്ക്കാന്‍ ആവശ്യപ്പെടാതെ അടിച്ചുതകര്‍ക്കുകയായിരുന്നു.

പുന്നയൂര്‍ക്കുളം

പുന്നയൂര്‍ക്കുളം

ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അത്യാവശ്യ സര്‍വീസുകള്‍ ഒഴിച്ച് വാഹനങ്ങളെന്നും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പുന്നയൂര്‍ക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കര്‍മസമിതി പ്രവര്‍ത്തകരായ സി.എസ്. രാജീവ്, വിനല്‍കുമാര്‍, പി. വത്സലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടക്കാഞ്ചേരിയിലും വ്യാപക അക്രമം

വടക്കാഞ്ചേരിയിലും വ്യാപക അക്രമം

ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിനെത്തിച്ചതിനെതിരെ അയ്യപ്പകര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടയില്‍ വടക്കാഞ്ചേരിയില്‍ വ്യാപക അക്രമം. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സി.പി.ഐ. ഓഫീസിനുനേരെ കല്ലെറിഞ്ഞു. ഓട്ടുപാറയില്‍ സി.ഐ.ടി.യു. തൊഴിലാളികളുടെ ഷെഡ്ഡ് തകര്‍ത്തു. റോഡരുകിലെ കൊടികളും കാലുകളും ബോര്‍ഡുകളും നശിപ്പിച്ചു. മുപ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. സി.പി.എം. ഓഫീസില്‍നിന്നുള്ള കല്ലെറില്‍ പ്രകടനക്കാരില്‍ ഒരാള്‍ക്കും നെല്ലിക്കുന്നത്തുണ്ടായ സംഘട്ടനത്തില്‍ മറ്റൊരാള്‍ക്കും ഉള്‍പ്പെടെ രണ്ടു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ സി.പി.എം. ഓഫീസില്‍നിന്നുള്ള കല്ലേറില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കുംകര തടത്തില്‍ സദാനന്ദന്‍ (50), നെല്ലിക്കുന്നത്തുണ്ടായ സംഘട്ടനത്തില്‍ സി.പി.എമ്മുകാരുടെ മര്‍ദനമേറ്റ് ബി.ജെ.പി. പ്രവര്‍ത്തകന്‍ പള്ളിമണ്ണ സ്വദേശി സുധിഷ് (30) എന്നിവരാണ് ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

എങ്കക്കാട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മുത്തലങ്ങാട്ട് ശ്രീകുമാറിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തു. പോലീസ് അറസ്റ്റുചെയ്ത 30 പേര്‍ അയ്യപ്പകര്‍മസമിതിയുടെയും ബി.ജെ.പി യുടെയും പ്രവര്‍ത്തകരാണ്.

പട്ടിക്കാട് സംഘര്‍ഷം

പട്ടിക്കാട് സംഘര്‍ഷം

പട്ടിക്കാട് സെന്ററില്‍ ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനു മുമ്പേ സംഘര്‍ഷം. പ്രകടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പീച്ചി റോഡ്‌വഴി കുടുംബവുമായിവന്ന കാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. സംഭവംകണ്ട എസ്.ഐ. വിബിന്‍ പി. നായര്‍ ഓടിയെത്തി പ്രവര്‍ത്തകരെ ബലമായി മാറ്റി കാര്‍ കടത്തിവിട്ടു. ഇതിനിടെയുണ്ടായ അക്രമത്തില്‍ എസ്.ഐക്കു മര്‍ദനമേറ്റു. കൈവിരലിനു സാരമായി മുറിവേറ്റു. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. മണ്ണുത്തിയില്‍നിന്നും എസ്.ഐ. പി.എം. രതീഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയതോടെ പ്രകടനക്കാര്‍ ജാഥയായി പീച്ചി റോഡ് ജങ്ഷനില്‍നിന്നും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എത്തി തിരിച്ച് പീച്ചി റോഡ് ജങ്ഷനില്‍ എത്തി. പ്രകടനക്കാര്‍ നടത്തിയ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ മംഗളത്തിന്റെ പ്രാദേശിക ലേഖകന്‍ റിജീഷിനെ ഭീഷണിപ്പെടുത്തി ക്യാമറ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ കര്‍മസമിതി നേതാവ് കെ. രാഘവന്‍ പ്രകടനക്കാര്‍ അക്രമത്തിലേക്ക് തിരിഞ്ഞതോടെ പ്രകടനത്തില്‍ പങ്കെടുക്കാതെ തിരികെ പോയി. പീച്ചി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനിടെ സി.പി.ഒ. അഭിലാഷിനും പരുക്കേറ്റു.

Thrissur
English summary
Harthal; Mass violence in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X