• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കെടുതി: തൃശൂര്‍ ജില്ലയില്‍ 117 കുടുംബങ്ങളെ മാറ്റി, റോഡുകള്‍ ചെളിക്കുഴികളായി, പെരുവഴിയില്‍ ജനം

  • By Desk

തൃശൂര്‍: ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 117 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കടലാക്രമണം നാശം വിതച്ച മേഖലകളില്‍ തുറന്ന ക്യാമ്പുകളിലായി 29 കുട്ടികളടക്കം 423 പേരാണ് കഴിയുന്നത്. എറിയാട് വില്ലേജില്‍ കടല്‍കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് എറിയാട് ബീച്ച്, മണപ്പാട്ടുച്ചാല്‍, ചേരമാന്‍ ബീച്ച്, ആറാട്ടുവഴി, പേബസാര്‍ എന്നിവിടങ്ങളില്‍ നിന്നും 113 പേരെ എറിയാട് കേരളവര്‍മ്മ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറന്ന ക്യാമ്പിലേക്ക് മാറ്റി. 407 പേരാണ് കഴിയുന്നത്. എടവിലങ്ങ് വില്ലേജില്‍ നാല് കുടുംബങ്ങളിലായി 16 പേരെ കാര സെന്റ് ആല്‍ബന സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി.

സ്‌കൂള്‍ കുട്ടികളില്‍നിന്നും എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പണംകൈപ്പറ്റുന്നു, വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍, മലപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്നും 95,000 രൂപ പിടികൂടി

കടലേറ്റം രൂക്ഷമാകുന്ന ചാവക്കാട് താലൂക്കില്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സുനാമിഷെല്‍ട്ടറുകള്‍ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം തേടിയതിനാല്‍ ആരും താമസത്തിനെത്തിയിട്ടില്ല. മേഖലയിലെ കടല്‍ഭിത്തിക്ക് സമീപമുള്ള വീടുകള്‍ക്ക് പിറകില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത് മൂലമാണ് വീടുകള്‍ സുരക്ഷാഭീഷണി നേരിടുന്നത്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലയില്‍ നിന്ന് എത്രയും പെട്ടെന്ന് വീടൊഴിയണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

തൃശൂരില്‍ ഇന്നും 14നും യെലോ അലര്‍ട്ട്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയത്തിന്റെ പുതുക്കിയ മഴ പ്രവചന പ്രകാരം ഇന്നും 14 നും തൃശൂര്‍ ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ (24 മണിക്കൂറില്‍ 12 സെന്റി മീറ്റര്‍ വരെ) ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

റോഡുകള്‍ ചെളിക്കുഴികളായി പെരുവഴിയില്‍ ജനം

കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡുകളില്‍ മിക്കയിടത്തും ടാറിങായില്ല. ഹൈറോഡിലുള്‍പ്പെടെ കുഴിക്കു മീതെ മെറ്റല്‍ വിരിച്ചിരിക്കുകയാണ്. ചെളിയും വെള്ളവും അടിഞ്ഞു കൂടിയതോടെ റോഡ് ചെളിമയമായി. ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീഴാനുള്ള സാധ്യതയുമേറെ.

നഗരമധ്യത്തിലെ പുത്തന്‍പള്ളിക്കു സമീപത്തെ റോഡ് ശോചനീയാവസ്ഥയിലാണ്. ബിഷപ് ഹൗസിനു മുന്നിലെ കിഴക്കുമ്പാട്ടുകര റോഡ്, മിഷ്യന്‍ ക്വാര്‍ട്ടേഴ്‌സിലെ ഫാത്തിമനഗര്‍ റോഡും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നു കണ്ണംകുളങ്ങരയിലേക്കു പോകുന്ന റോഡ്, ഒല്ലൂരിലെ റോഡ് എന്നിവയൊക്കെ ഗുരുതരാവസ്ഥയിലാണ്. പൈപ്പ് സ്ഥാപിച്ച ശേഷം സമയബന്ധിതമായി ടാറിങ് നടത്തിയിരുന്നുവെങ്കില്‍ സ്ഥിതി ഇത്ര വഷളാകുമായിരുന്നില്ല. റോഡ് ഉറച്ചശേഷമേ ടാറിങ് ജോലികള്‍ നിര്‍വഹിക്കാനാകൂ എന്നാണ് പറയുന്നത്.

മഴക്കാലം മുന്‍കുട്ടി കണ്ടു പണികള്‍ തീര്‍ക്കേണ്ടതായിരുന്നു. മിക്കയിടത്തും കാനപണികള്‍ അടക്കം പുരോഗമിക്കുകയാണ്. അതിനിടെ കനത്ത മഴ തുടങ്ങിയാല്‍ പണികള്‍ എന്തുപേരില്‍ നിര്‍ത്തിവെക്കുമെന്ന ആശങ്കയുമുണ്ട്. കാനകളുടെ സ്ലാബുതുറന്നാണ് പലയിടത്തും വൃത്തിയാക്കല്‍. അതിനാല്‍ മഴവെള്ളം കാനകളിലേക്ക് ഒഴുകിയെത്തിയാലും പ്രശ്‌നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി കമ്പികള്‍ക്കിടയിലൂടെ നില്‍ക്കുന്ന മരം രണ്ട് മാസമായിട്ടും മുറിച്ച് മാറ്റാതെ അധികൃതര്‍

ഇരിങ്ങാലക്കുടയില്‍ വൈദ്യുതി കമ്പികള്‍ക്കിടയിലൂടെ നില്‍ക്കുന്ന മരം രണ്ട് മാസമായിട്ടും മുറിച്ച് മാറ്റാതെ അധികൃതര്‍. കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന്‍ വളപ്പിലെ മരം രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സമീപത്തെ വൈദ്യൂതി ലൈനിന് മുകളിലൂടെ വീണത്. കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മരത്തിന്റെ കുറച്ച് ഭാഗം മാത്രം വെട്ടി ഇവര്‍ വൈദ്യൂതി പുനസ്ഥാപിക്കുകയായിരുന്നു. മാസം രണ്ട് പിന്നിട്ടിട്ടും മരം മുറിച്ച് മാറ്റുന്നതിന് ഇരു കൂട്ടരും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല മരം വൈദ്യൂതി കമ്പികള്‍ക്കിടയിലൂടെ വളരെ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുകയാണ്. കനത്ത കാറ്റും മഴയും ആരംഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ് ഇത് വഴി കടന്ന് പോകുന്നത്. ഇത് കൂടാതെ സമീപത്തെ സ്വദേശി ലൈന്‍ റോഡില്‍ മറ്റൊരു മരത്തിനിടയിലൂടെ പോകുന്ന വൈദ്യൂതി കമ്പി മരത്തില്‍ ഉരസി തീയും പുകയും വരുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ആഴ്ച്ചകളോളമായി പ്രദേശവാസികള്‍ കെ.എസ്.ഇ.ബി യില്‍ പരാതി നല്‍കിയിട്ട്.

വീടിന്റെ ട്രസ് മറിഞ്ഞ് വീണു

ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുട ഠാണ ബസ് സ്റ്റാന്റ് റോഡില്‍ എസ്.ബി.എ ബാങ്കിന് സമീപത്തെ മാമ്പിള്ളി വീട്ടില്‍ തോമസിന്റെ വീടിന്റെ മുകളിലെ ട്രസ്സ് റോഡിലേയ്ക്ക് മറിഞ്ഞ് വീണു. ഏറെ പഴക്കമുള്ള വീടിന് മുകളിലെ നിര്‍മ്മാണം കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതാണ് അപകട കാരണമായത്. ആള്‍താമസമില്ലാത്ത വീട് വാടകയ്ക്ക് നല്‍കുന്നതിനായി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ട്രസ്സ് പൂര്‍ണ്ണമായും മറിഞ്ഞ് വീണ് റോഡിലെ കേബിള്‍ വയറില്‍ കുരുങ്ങി നിന്നത് ഏറെ നേരം പ്രദേശത്ത് അപകട ഭീഷണി നിലനിര്‍ത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ട്രസ്സ് റോഡില്‍ നിന്നും മാറ്റിയത്.

തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ചിരട്ടക്കുന്ന് സ്വദേശി മുണ്ടഞ്ചേരി വള്ളിക്കുട്ടിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു.കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയുണ്ടായ കാറ്റിലാണ് തെങ്ങ് കടപുഴകി ഓടു മേഞ്ഞ വീടിനുമുകളിലേക്ക് വീണത്.പട്ടികയും ഓടും തകര്‍ന്നിട്ടുണ്ട്.വീടിന്റെ പുറകുവശത്താണ് തെങ്ങ് വീണത്.

ചാലക്കുടിപുഴയിലെ ജലനിരപ്പുയര്‍ട്ടില്ല

മഴ കനത്തിട്ടും ചാലക്കുടിപുഴയിലെ ജലനിരപ്പുയര്‍ട്ടില്ല. പുഴയുടെ പലഭാഗത്തുള്ള തടയണകളുടെ ഷട്ടറുകള്‍ തുറന്നിട്ടതാണ് പുഴയില്‍ ജലവിതാനം ഉയരാത്തതിന് കാരണമായി പറയുന്നത്. ജലവിതാനം കാര്യമായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കാനാകില്ലെന്നതിനാല്‍ ഇത്തവണ മഴ തുടങ്ങും മുമ്പേ തടയണകളിലെ ഷട്ടറുകളെല്ലാം ഉയര്‍ത്തിവച്ചു. ഇതോടെ പുഴയിലെ വെള്ളം പെട്ടെന്ന് ഒഴുകി പോവുകയാണ്.

Thrissur

English summary
Heavy rain in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X