തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഇനി നാടക കാലം: രാജ്യാന്തര നാടകോത്സവത്തിന് തൃശൂരില്‍ തുടക്കം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സാംസ്‌കാരിക നഗരിയില്‍ രാജ്യാന്തര നാടകോത്സവം- ഇറ്റ്‌ഫോക്കിനു തിരിതെളിഞ്ഞു. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം നാടകാചാര്യന്‍ പ്രസന്നയ്ക്ക് അമ്മന്നൂര്‍ പുരസ്‌കാരം സമ്മാനിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ജി. കുമാരവര്‍മ പ്രശസ്തിപത്രം വായിച്ചു. മുരളി തിയേറ്ററില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ പുസ്തകം മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!

ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരില്‍ ഒരാളായ അരുന്ധതി നാഗ് പുസ്തകം ഏറ്റുവാങ്ങി. മറ്റൊരു ഫെസ്റ്റിവല്‍ ഡയറക്ടര്‍ എം.കെ. റെയ്‌ന നാടകോത്സവത്തെ പരിചയപ്പെടുത്തി. സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര എന്നിവര്‍ പ്രസംഗിച്ചു.

Drama

ഉദ്ഘാടന ചടങ്ങിന് ശേഷം മേളയിലെ ആദ്യ നാടകം ബിറ്റര്‍ നെക്ടര്‍ കെ. ടി മുഹമ്മദ് റീജിയണല്‍ തിയറ്ററില്‍ അരങ്ങേറി. രാത്രി 8.30 നു തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്‌സ് തീയ്യറ്ററില്‍ ഇറാനില്‍ നിന്നുള്ള നാടകം ദി വെല്‍ അരങ്ങേറി. വൈകിട്ട് എം എസ് ലാവണ്യവും സംഘവും അവതരിപ്പിച്ച സാക്‌സഫോണ്‍ സംഗീത കച്ചേരിയും അരങ്ങേറി.

Drama


ആവേശമായി മരത്താളം

മരത്താളത്തിന്റെ ദ്രുതതാളത്തില്‍ നാടകോത്സവത്തിനു തുടക്കം. ഇലഞ്ഞിത്തറ മേളവും മേളതാളങ്ങളും മാത്രം കേട്ടു തഴമ്പിച്ച പൂരനാടിന് മരത്താളം ആവേശമായി. വേലൂര്‍ ഉദിവാരം കലാസമിതിയാണ് 11-ാമത് ഇറ്റ്‌ഫോക്കിന് തുടക്കംകുറിച്ച് മുരളി തിയേറ്ററില്‍ അരമണിക്കൂര്‍ നീണ്ട മരത്താളം അവതരിപ്പിച്ചത്.

പഞ്ചാരി മേളത്തെ അനുസ്മരിപ്പിക്കുന്ന തുടക്കമാണ് മരത്താളത്തിന്റേത്. പതിഞ്ഞ് തുടങ്ങിയ താളം ദ്രുതതാളത്തിലേക്ക് കൊട്ടി കയറിയപ്പോള്‍ ആസ്വാദകരും അതിനൊപ്പം ലയിച്ചു. പറയ സമുദായത്തിന്റെ വാദ്യമായ മരത്താളം കടയണക്കം താളത്തിലാണ് അവതരിപ്പിച്ചത്. 16 മരം, അഞ്ച് വലിയ വീക്കന്‍ ചെണ്ട, കുറുങ്കുഴല്‍ എന്നിവയായിരുന്നു അവതരണത്തില്‍. സജയന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മരത്താളത്തില്‍ രണ്ട് യുവതികള്‍ അടക്കം 23 പേര്‍ അണിനിരന്നു. വന്‍ കൈയടിയോടെയാണ് ഇറ്റ്‌ഫോക്ക് വേദിയില്‍ മരത്താളം കൊട്ടിക്കലാശിച്ചത്.

ഫാസിസത്തിന്റെ കാലത്ത് സ്വാഭാവിക തിയേറ്ററിനെ തിരിച്ചുപിടിക്കണം


നിയോ ഫാസിസത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കാലത്തു സ്വാഭാവിക തിയേറ്ററിനെ തിരിച്ചുപിടിക്കണമെന്നു പ്രശസ്ത നാടക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പ്രസന്ന. കേരള സംഗീതനാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി ലഭിച്ച അമ്മന്നൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രണ്ടുതരത്തിലുള്ള തിയേറ്ററുകളാണ് ഇവിടെയുള്ളത്. ഒന്ന് യന്ത്രവത്കൃതമായ നേരംപോക്കുകളുടെ തിയേറ്ററും മറ്റേതു സ്വാഭാവിക തിയേറ്ററുമാണ്. യന്ത്രവത്കൃതമായ നേരംപോക്കുകളുടെ തിയേറ്റര്‍ വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുന്നു. എന്നാല്‍ സ്വാഭാവികമായ തിയേറ്റര്‍ ചെറുതെങ്കിലും യഥാര്‍ഥമായ അനുഭവം നല്‍കുന്നു- അദ്ദേഹം പറഞ്ഞു.

Drama

ഒരു നടന്റെ പേരില്‍ തിയേറ്റര്‍ അറിയപ്പെടുന്നത് ലോകത്തു അപൂര്‍വതയാണെന്നും അമ്മന്നൂര്‍ അത്തരത്തില്‍ ഒരു അപൂര്‍വ വ്യക്തിത്വമാണെന്നും പ്രസന്ന പറഞ്ഞു. സാധാരണക്കാരുടെ വിഷയങ്ങള്‍വിട്ട് എല്ലാ ചര്‍ച്ചകളും അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും കേന്ദ്രീകരിക്കുന്ന ഈ കാലത്ത് അമ്മന്നൂരിന്റെ പേരിലുള്ള പുരസ്‌കാരം പ്രാധാന്യമര്‍ഹിക്കുന്നു. കാരണം അദ്ദേഹം തിയേറ്ററിനെ അമ്പലങ്ങളില്‍നിന്നു പൊതുജനമധ്യത്തിലേക്കു ഇറക്കിക്കൊണ്ടു വന്നുവെന്നും പ്രസന്ന കൂട്ടിച്ചേര്‍ത്തു.

കന്നഡ, ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലായി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രസന്ന നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്. കൈകൊണ്ടു നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് അദ്ദേഹം നടത്തിയ ബദന്‍വല്‍ സത്യഗ്രഹത്തിന്റെ വിജയം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇറ്റ്‌ഫോക്ക് ആരവങ്ങള്‍ക്കൊപ്പം 'ശക്തിഭദ്രം'

ഇറ്റ്‌ഫോക്കിനോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയില്‍ ആരംഭിച്ച 'ശക്തിഭദ്രം' മ്യൂറല്‍ടെറാക്കോട്ട ക്യാമ്പ്. 16 മുതല്‍ സംഗീത നാടക അക്കാദമി അങ്കണത്തിലെ ചുവരുകളില്‍ വര തുടങ്ങിയ മ്യൂറലുകള്‍ ചാരുത തുളുമ്പുന്നവയാണ്. കളിമണ്‍ ശില്പ ക്യാമ്പും തുടങ്ങിയിട്ടുണ്ട്. മണ്ണില്‍ മെനഞ്ഞെടുക്കുന്ന ശില്പഭാവങ്ങള്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ശക്തിഭദ്രം ക്യാമ്പിന്റെ ഭാഗമായി ചേളന്നൂര്‍ ഗോത്രകലാഗ്രാമം അവതരിപ്പിച്ച നാടന്‍പാട്ട് ജനകീയമായിരുന്നു. ഓരോ പാട്ടിനൊപ്പവും ആവേശചുവടുവെക്കാന്‍ നിരവധി പേരെത്തി. നാടന്‍ പാട്ടുകള്‍ വൈവിധ്യത്തോടെ അവതിപ്പിച്ചത് ജയകൃഷ്ണന്‍ വേങ്ങേരി, ദിനേഷ് പുല്ലൂരാന്‍, കൃഷ്ണദാസ് വല്ലാപ്പുന്നി, ജിതിന്‍ കുന്ദമംഗലം, ജോതിഷ് ചേളന്നൂര്‍, മുനീര്‍ നടുക്കണ്ടി, മണികണ്ഠന്‍ തവന്നൂര്‍, വിവേക് എന്നിവരാണ്.

ഗുരുവായൂര്‍ ചുമര്‍ ചിത്രപഠനകേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യു. കൃഷ്ണകുമാര്‍ ഡയറക്ടറായ ചുമര്‍ ചിത്രകലാ ക്യാമ്പില്‍ വിദ്യാര്‍ത്ഥികളായ സൂരജ് രാജന്‍, സുദര്‍ശന്‍, കാര്‍ത്തിക്, ആതിര കെ.ബി., പത്മപ്രിയ, അപര്‍ണ, മോനിഷ് ടി.എം., അനന്തകൃഷ്ണന്‍, ശ്രീജിത്ത്, ശ്രീഹരി പിള്ള, ശ്രീചരണ്‍ദാസ്, അക്ഷയ്കുമാര്‍ എന്നിവരാണ് ചുമര്‍ ചിത്രരചന നടത്തുന്നത്.

സമകാലീന കലയില്‍ ടെറാക്കോട്ടയ്ക്ക് മാധ്യമമെന്ന നിലയില്‍ ഏറെ പ്രസക്തിയുണ്ട്. വിവിധ ഓക്‌സൈഡുകളും വൈവിധ്യങ്ങളായ കളിമണ്ണുകളും ഉപയോഗപ്പെടുത്തുന്ന ആധുനിക സംവിധാനങ്ങള്‍ പല സ്റ്റുഡിയോകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ജ്യോതിലാല്‍ ടി.ജി., സുനില്‍ കുമാര്‍ എ.പി., ശ്രീജിത്ത് കുമ്പള, അനില്‍ ബി. കൃഷ്ണ, വി.കെ. ജയന്‍, ആഷിക് എം. സജീവ്, യദുകൃഷ്ണന്‍ എന്‍.ആര്‍., സബിത കെ., അജീഷ് സി., വെങ്കിടേശ്വരന്‍ എന്നിവരാണ് ടെറാക്കോട്ട ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.

Thrissur
English summary
International drama festival in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X