തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുപ്രസിദ്ധ തട്ടിപ്പുകാരന്‍ പാണ്ടന്‍ തോമ പിടിയില്‍: അറസ്റ്റ് തൃശൂരില്‍ വെച്ച്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രമുഖരുടെ പരിചയക്കാരനെന്നു പറഞ്ഞു വിവിധ ആവശ്യങ്ങള്‍ നടത്തിത്തരാമെന്നു വിശ്വസിപ്പിച്ചു പണവും മറ്റും വാങ്ങി തട്ടിപ്പുനടത്തുന്ന വെള്ളിക്കുളങ്ങര മോനൊടി സ്വദേശി എടക്കുടിയില്‍ വീട്ടില്‍ തോമസ് എന്ന പാണ്ടന്‍ തോമയെ (50) ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം പിടികൂടി. പത്തുവര്‍ഷം മുമ്പു ചാലക്കുടി സ്വദേശിക്ക് മംഗലംഡാമിന് സമീപം പത്തേക്കര്‍ സ്ഥലം ചുരുങ്ങിയ വിലയ്ക്കു വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് എട്ടു ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.

ചാലക്കുടി പോലീസ് സ്‌റ്റേഷനിലെ കേസുകള്‍ കൂടാതെ വെള്ളിക്കുളങ്ങര, മാള മുതലായ സ്‌റ്റേഷനുകളിലും സമാനമായ കേസുകളില്‍ പ്രതിയായതോടെ ഇയാള്‍ ഇവിടെനിന്നും മുങ്ങി കര്‍ണാടകയിലെ സുള്ള്യയില്‍ചെന്ന് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളുടെ പേരിലുള്ള കേസുകള്‍ അനന്തമായി നീളുന്നത് ശ്രദ്ധയില്‍പ്പെട്ട ഡിവൈ.എസ്.പി. ഇയാളുടെ നിലവിലുള്ള സ്ഥിതി അറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് അറസ്റ്റിന് വഴിതെളിഞ്ഞത്.

thomaarrest-1

വെള്ളിക്കുളങ്ങരയിലെ വീട് കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ച പോലീസ് സംഘം ഇവിടെ അന്വേഷിച്ചെങ്കിലും ഇയാള്‍ വര്‍ഷങ്ങളായി നാട്ടിലെത്താറില്ലെന്ന വിവരമാണ് ലഭിച്ചത്. കൂടാതെ നാട്ടുകാരിലൊരാളുടെ കുടകിലെവിടേയോ ആണെന്നറിയാം എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് സംഘത്തിന് പ്രചോദനമായത്. തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മലയാളികള്‍ അധികമുള്ള ഭാഗങ്ങളില്‍ നടത്തിയ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടുവാന്‍ സഹായകരമായത്.

പ്രത്യേകാന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ. വി.എസ്. വത്സകുമാര്‍, എ.എസ്.ഐ. ജിനു മോന്‍ തച്ചേത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്‍, സി.പി.ഒ. രാജേഷ് ചന്ദ്രന്‍, വെള്ളിക്കുളങ്ങര എസ്.ഐ. ഷിജു എസ്.എസ്, വനിതാ പോലീസുകാരായ ഷീബ അശോകന്‍, ഷീജ കെ.ടി. എന്നിവരുമുണ്ടായിരുന്നു. പിടിയിലായ തോമയെ ചാലക്കുടി കോടതി മുമ്പാകെ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്കയച്ചു.


മുന്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയുടെ രൂപസാദൃശ്യത്തേയും തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചു പാണ്ടന്‍ തോമ. ഒരുപാടു പേരോട് എ.കെ. ആന്റണിയുടെ അടുത്ത ബന്ധുവാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കൂടാതെ രാഷ്ട്രീയക്കാരോടും ഉന്നതര്‍ മുതല്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരോടുംവരെ പുലര്‍ത്തിയിരുന്ന അവിശുദ്ധ കൂട്ടുകെട്ടും തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തോമയ്ക്ക് സഹായകരമായി.പോലീസിലെ കളങ്കിതരായ ചിലരുടെ വഴിവിട്ട സഹായത്താല്‍ ഇയാളുടെ വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തോമയുടെ പതിവായിരുന്നു.

സ്ഥലമിടപാടുകള്‍ കൂടാതെ ഇരുതലമൂരി , നക്ഷത്ര ആമ, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍ മുതലായവയുടെ പേരിലും ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പു നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.കര്‍ണാടകത്തിലെ സുള്ള്യയില്‍ ഇയാളെ തേടിച്ചെല്ലുമ്പോള്‍ തെലങ്കാനയില്‍ ഇത്തരം ഇടപാടിനായി പോയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇത്തരം ആവശ്യവുമായി തോമയെ സമീപിച്ചാണ് തന്ത്രപരമായി ഇയാളെ വലയിലാക്കിയത്.

Thrissur
English summary
man arrested in fruad case from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X