തൃപ്രയാർ രാമസ്വാമി ക്ഷേത്രം സന്ദർശിക്കാൻ നരേന്ദ്ര മോദി; ഇന്ന് പോലീസിന്റെ സുരക്ഷാ പരിശോധന
തൃശൂർ: വീണ്ടും കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കൊച്ചിയിലും, തൃശൂരിലുമായി രണ്ട് ദിവസത്തെ പരിപാടികളാണ് മോദി ഇത്തവണത്തെ കേരള സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗമായിരിക്കും മോദി തൃപ്രയാറിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി തൃപ്രയാർ ക്ഷേത്രത്തിൽ പോലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും.

ജനുവരി 16നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. തിരഞ്ഞെടുപ്പ് ഏകോപനത്തിനുള്ള ബിജെപി ബൂത്തുകളുടെ സമിതിയായ 'ശക്തികേന്ദ്ര'യുടെ ചുമതലയുള്ളവരുടെ യോഗത്തിലായിരിക്കും അദ്ദേഹം ആദ്യം പങ്കെടുക്കുക. 7000 ശക്തികേന്ദ്ര പ്രമുഖന്മാരാണ് കേരളത്തിലുള്ളത്. യോഗത്തിനു ശേഷം 16ന് രാത്രി കൊച്ചി നഗരത്തിൽ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. ശേഷം വെല്ലിങ്ഡൻ ഐലൻഡിലെ താജ് ഹോട്ടലിൽ അന്ന് താമസിക്കും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17ന് രാവിലെ 8 മണിക്ക് ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രദർശനത്തിനും വിവാഹച്ചടങ്ങിനും ശേഷം തിരികെ കൊച്ചിയിൽ തന്നെ എത്തുമെന്നും, കൊച്ചിൻ ഷിപ്‌യാഡിൽ രണ്ടു സുപ്രധാന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 10.30നു നിർവഹിച്ച് മടങ്ങുമെന്നുമായിരുന്നു വിവരം. എന്നാൽ ഇതിനൊപ്പം തൃപ്രയാർ ക്ഷേത്ര സന്ദർശനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ കെപി വിനയൻ അറിയിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ആം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ നടത്തില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications