തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

lതൃശൂർ ജില്ലയിൽ രാവിലെ മുതലേ കനത്ത പോളിങ്: നിയോജക മണ്ഡലങ്ങളില്‍ പോളിങ് കൂടി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാമണ്ഡലത്തിലെ പോളിങ് തുടക്കം മുതലേ സമാധാനപരമായിരുന്നു. വൈകീട്ട് ആറുമണിക്കുശേഷവും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. പോളിങ് സംബന്ധിച്ചു ഒരിടത്തുനിന്നും പരാതിയുയര്‍ന്നില്ല. സ്ത്രീകള്‍ വന്‍തോതില്‍ വോട്ടുചെയ്യാനെത്തി.

<strong>റെക്കോർഡ് ഭൂരിപക്ഷം ഉന്നമിട്ട് രാഹുൽ! അദ്വാനിയെ പുറത്താക്കിയ ഗാന്ധി നഗറിൽ അമിത് ഷായുടെ കന്നിയങ്കം! </strong>റെക്കോർഡ് ഭൂരിപക്ഷം ഉന്നമിട്ട് രാഹുൽ! അദ്വാനിയെ പുറത്താക്കിയ ഗാന്ധി നഗറിൽ അമിത് ഷായുടെ കന്നിയങ്കം!

ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂരില്‍ 50.23 ശതമാനം പേര്‍ വോട്ടുചെയ്തു. പിന്നീട് അഞ്ചോടെ 75.90 ആയി ശതമാനം ഉയര്‍ന്നു. കഴിഞ്ഞതവണ 72.18 ശതമാനം വോട്ടിങ്. അഞ്ചു സ്ഥലത്ത് വോട്ടിങ് തടസപ്പെട്ടു. കുരിയച്ചിറ, ഒളകര, അയ്യന്തോള്‍, അരിമ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. ശ്രീ കേരളവര്‍മ കോളജില്‍ വെളിച്ചക്കുറവു തുടക്കത്തില്‍ പ്രശ്‌നമായി.

Thrissur

തൃശൂരില്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ സാന്നിധ്യമുണ്ടായതോടെ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇടതുസ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് കണ്ണാറയിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ തളിക്കുളത്തും വോട്ടുചെയ്തു. ചാലക്കുടിയില്‍ വോട്ടിങ്ങില്‍ സ്ത്രീ പങ്കാളിത്തം തുടക്കംമുതലേ ദൃശ്യമായിരുന്നു. 79.46 ശതമാനം പേരാണ് വോട്ടുചെയ്തത്. ഉച്ചയ്ക്ക് രണ്ടുമണി പിന്നിട്ടതോടെ വോട്ടിങ് ശതമാനം 52 ആയി. തുടര്‍ന്ന് അഞ്ചേകാലോടെ 72.95 ശതമാനമായി ഉയര്‍ന്നു. ചാലക്കുടിയില്‍ എട്ടിടത്ത് വോട്ടിങ് മെഷിനുകള്‍ പണിമുടക്കി. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം വൈകി. തുമ്പൂര്‍മുഴി ഫുഡ് ടെക്‌നോളജി ബൂത്തില്‍ സെക്കന്‍ഡ് പോളിങ് ഓഫീസറും ഫസ്റ്റ് പോളിങ് ഓഫീസറും തളര്‍ന്നുവീണു.

പകരം ആളെ നിയമിച്ചു വോട്ടിങ് നടത്തി. അതിരപ്പിള്ളി അരൂര്‍മുഴി 55 -ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യാന്‍ പോയ സി.പി.എം. പ്രവര്‍ത്തകനായ യുവാവിനെ എസ്.ഐ. അകാരണമായി മര്‍ദിച്ചെന്നു പരാതിയുണ്ട്. സ്ഥാനാര്‍ഥികളായ ബെന്നി ബെഹ്നഹ്‌നാന്‍ തൃക്കാക്കരയിലും ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും എ.എന്‍.രാധാകൃഷ്ണന്‍ ചേരാനെല്ലൂരിലുമായിരുന്നു വോട്ടു ചെയ്തത്. കഴിഞ്ഞതവണ ചാലക്കുടിയില്‍ 76.84 ശതമാനം വോട്ടിങ്.

ഗുരുവായൂര്‍ മേഖലയില്‍ വോട്ടിങ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. രണ്ട് കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര തുടര്‍ന്നു. കാരയൂര്‍ സ്‌ക്കൂള്‍, ഇരിങ്ങപ്പുറം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും തിരക്കനുഭവപ്പെട്ടത്. ആറ് മണി വരെ വരിയില്‍ നിന്ന മുഴുവന്‍ പേര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി. ഏഴ് മണിയോടെയാണ് രണ്ട് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായത്.

രാവിലെ ചാറ്റല്‍ മഴയെ അവഗണിച്ചാണ് സ്ത്രീകളും പ്രായമായവരും വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിയിരുന്നതെങ്കില്‍ ഉച്ചയോടെ കനത്ത ചൂടിനെ അവഗണിച്ചും വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായി. പോളിംഗ് മന്ദഗതിയിലായതാണ് വൈകാന്‍ ഇടയായതെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. മൂന്നിടത്ത് സാങ്കേതികമായ കാരണങ്ങളാല്‍ വോട്ടെടുപ്പിന് തടസം നേരിടാനിടയായി.

കാവീട്, കുരഞ്ഞിയൂര്‍ പോളിംഗ് ബൂത്തുകളില്‍ നേരം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് യന്ത്രത്തിന്റേയും വിവിപാറ്റിന്റേയും തകരാറുകളാണ് തടസ്സത്തിനിടയായത്. കാവീട് ബൂത്തി്ല്‍ പത്ത് മിനിറ്റിനകം തകരാര്‍ പരിഹരിച്ചുവെങ്കിലും കുരഞ്ഞിയൂരില്‍ മറ്റൊരു വിവിപാറ്റ്‌കൊണ്ടു വരേണ്ടി വന്നു. കോട്ടപ്പടി ബഥനി സ്‌കൂള്‍ ബൂത്തില്‍ ഉച്ചയോടെ വോട്ടിങ് യന്ത്രം പണിമുടക്കി. അരമണിക്കൂറിനുള്ളില്‍ മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് വോട്ടെടുപ്പ് പുനാരംഭിച്ചത്.

കുന്നംകുളം നിയോജക മണ്ഡലത്തില്‍ കനത്ത പോളിങ്. വൈകിട്ട് ആറിന് വോട്ടിങ് സമയം അവസാനിച്ചശേഷം 75.83 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ചില ബൂത്തുകളില്‍ സമയത്തിനുശേഷവും നീണ്ട നിര കാണാമായിരുന്നു. അവസാന കണക്കില്‍ വോട്ടിങ് ശതമാനം ഉയരാനാണ് സാധ്യത. രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ പല പോളിങ് സ്‌റ്റേഷനുകളിലും വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ പോളിങ്ങിനെ തടസപ്പെടുത്തിയിരുന്നു. യന്ത്രത്തകരാറുകള്‍ പരിഹരിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. മണ്ഡലത്തിലെ ഒരു സ്ഥലത്തും യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആലത്തൂര്‍ ലോക്‌സഭ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ 32-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചപ്പോള്‍ രാത്രി ഒന്‍പത് കഴിഞ്ഞു. വൈകിട്ട് ആറു കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 200ലധികം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. സുരക്ഷാ ചുമതലക്ക് നിയോഗിച്ചിരുന്ന പോലീസ് സ്‌കൂളിന്റെ ഗെയിറ്റ് അടച്ചു വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. 1000 ത്തിലധികം പേര്‍ ഇവിടെ വോട്ടു രേഖപ്പെടുത്തി. ഇടിവെട്ടും മിന്നലും മഴയും ഇല്ലാതിരുന്നത് വോട്ടര്‍മാര്‍ക്ക് ആശ്വാസമായി. എല്ലാ ബൂത്തുകളിലും സ്ത്രീ വോട്ടര്‍മാരുടെ വന്‍ തിരക്ക് കാണാമായിരുന്നു.

വടക്കാഞ്ചേരി ടൗണിലെ മാതൃകാ ബൂത്തില്‍ മാത്രമാണ് കൃത്യ സമയത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഭൂരിഭാഗം ബൂത്തുകളിലും വോട്ടെടുപ്പ് കഴിയുമ്പോള്‍ രാത്രിയായി. രാവിലെ മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. നവാഗത വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ വോട്ടു ചെയ്യാനെത്തിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കിലും ആശങ്കയും ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണെന്നു ഇടതുമുന്നണിയുടെ വിലയിരുത്തല്‍.

എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയായതിന്റെ തരംഗമാണ് വ്യക്തമാകുന്നതെന്നു യു.ഡി.എഫും അവകാശപ്പെടുന്നു. വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതും നരേന്ദ്ര മോഡിക്കുള്ള പിന്തുണയുമാണ് വോട്ടര്‍മാരില്‍ പ്രതിഫലിക്കുന്നതെന്ന് എന്‍.ഡി.എയും അവകാശപ്പെട്ടു. ചേലക്കര മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും മികച്ച പോളിങ്. രാവിലെ മുതല്‍ തന്നെ വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. ചേലക്കര പങ്ങാരപ്പിള്ളി യു.പി. സ്‌കൂളിലെ ബൂത്ത് നമ്പര്‍ 92ല്‍ യന്ത്ര തകരാര്‍മൂലം അരമണിക്കൂറോളം വൈകിയാണ് പോളിങ് ആരംഭിച്ചത്.

എളനാട് സെന്റ് ജോണ്‍സ് സ്‌കൂളിലെ ബൂത്ത് 160 ല്‍ തകരാര്‍ മൂലം ഒരുമണിക്കൂര്‍ വൈകി. ഇവിടെ വെളിച്ചക്കുറവുമൂലം മെഴുകുതിരി വെളിച്ചത്തിലാണ് വോട്ടിങ് നടന്നത്. ചേലക്കര എസ്.എം.ടി. സ്‌കൂളിലെ ബൂത്ത് 77 ല്‍ വിവിപാറ്റ് മെഷിന്റെ തകരാര്‍ മൂലം കുറച്ചുസമയം പോളിങ് വൈകി. വെങ്ങാനെല്ലൂര്‍ ബൂത്ത് 65 ലും തകരാര്‍ മൂലം തടസപ്പെട്ടു. ഉച്ചവരെ ബൂത്തുകളില്‍ അസാധാരണ തിരക്കനുഭവപ്പെട്ടു. മഴക്കാറുള്ളതിനാലും കഴിഞ്ഞദിവസം മഴ പെയ്തതിനാലും ചൂട് കുറവുള്ളത് വോട്ടര്‍മാര്‍ക്ക് ആശ്വാസമായി.

ദേശമംഗലം പഞ്ചായത്ത് ഓഫീസിലെ പോളിങ് ബൂത്തിലാണ് യു.ആര്‍. പ്രദീപ് എം.എല്‍.എ. വോട്ടു ചെയ്തത്. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ തോന്നൂര്‍ക്കര എ.യു.പി. സ്‌കൂളില്‍ ബൂത്ത് 72ല്‍ ഒരുമണിക്കൂറോളം വരിനിന്ന ശേഷമാണ് വോട്ടുരേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. വേണുഗോപാല മേനോന്‍ എ.യു.പി. സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. ചേലക്കര മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഫസ്റ്റ് എയ്ഡ് സംവിധാനം ഒരുക്കിയിരുന്നു. പല ബൂത്തുകളിലും വൈകിട്ട് ഏഴിനും വരിയുണ്ടായിരുന്നു.

ചാലക്കുടിയില്‍ വോട്ടെടുപ്പ് സമാധനപരം. എവിടേയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് കണ്ടത്. എന്നാല്‍ പല ബൂത്തുകളിലും വോട്ടംഗ് മെഷിന്‍ വില്ലാനായി. വോട്ടിംഗ് മെഷില്‍ തകരാറിയാത് വോട്ട് ചെയ്യുന്നതിന് കാലതാമസം വരുത്തി. പല ബൂത്തുകളിലും മുക്കാല്‍ മണിക്കൂറുകളോളം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 185ബൂത്തുകളാണ് ഇവിടെയുള്ളത്. 108കേന്ദ്രങ്ങളിലായാണ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥരെയടക്കം 840പേരെയാണ് ഇവിടെ നിയമിച്ചിരുന്നത്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള ഇവിടെ ആകെ 185816 വോട്ടര്‍മാരാണുള്ളത്. പ്രശ്‌നബാധിത ബൂത്തുകളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വന്‍ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. 620പോലീസുകാരെയാണ് ഡ്യൂട്ടിക്കുണ്ടായത്. മലക്കപ്പാറയിലാണ് ഏറ്റവും കൂടുതല്‍ ദൂരമുള്ള ബൂത്തുകളുള്ളത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ ഒരു ബൂത്തും സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടും ബൂത്തുകളാണുമുള്ളത്. പോട്ട സെന്റ്.തെരാസ് ഐ.ടി.സി.യിലേതടക്കം രണ്ട് വനിത സൗഹൃദ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

മേലൂര്‍ ജെ.വൈ.എല്‍.പി.സ്‌കൂളിലെ 133-ാം ബൂത്തിലെ മെഷിന്‍ രാവിലെ തകരാറായി. 232പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് മെഷിന് കേടുപാട് സംഭവിച്ചത്. മേലൂര്‍-പുഷ്പഗിരി ഫാത്തിമമാത എല്‍.പി.സ്‌കൂളിലെ 137-ാം ബൂത്ത്, കോടശ്ശേരി മാരാംകോട് ആഗ്രോ സെന്ററിലെ 47-ാം നമ്പര്‍ ബൂത്ത് കോടശ്ശേരി എലിഞ്ഞിപ്ര അംഗന്‍വാടിയിലെ 49-ാം ബൂത്ത്, വി.ആര്‍.പുരം ഗവ.ഹൈസ്‌കൂളിലെ 83-ാം ബൂത്ത്, കുറ്റിക്കാട് സെന്റ്.സെബാസ്റ്റ്യന്‍ സ്‌കൂള്‍, എലിഞ്ഞിപ്ര സെന്റ് ജോസഫ് സ്‌കൂള്‍, പോട്ട ചാവറ കുര്യാക്കോസ് സ്‌കൂള്‍ എന്നിവിടങ്ങിലെ ബൂത്തുകളിലെ മെഷിനുകളാണ് തകരാറിലായത്.

എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തകരാറുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. കൊന്നക്കുഴി 79-ാ നമ്പര്‍ ബൂത്തില്‍ വൈദ്യുതി വിതരണം നിലച്ചത് ഉദ്യോഗസ്ഥര്‍ക്കും വോട്ട് ചെയ്യാനെത്തിയവര്‍ക്കും ബുദ്ധിമുട്ടായി. മൊബൈല്‍ ഫോണില്‍ ലൈറ്റ് ഓണ്‍ ചെയ്താണ് ഉദ്യോഗസ്ഥര്‍ ജോലി നോക്കിയത്. വൈകീട്ട് 5.15വരെ 72ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബി.ഡി.ദേവസ്സി എം.എല്‍.എ.കോനൂര്‍ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ഉറുമ്പന്‍കുന്ന് കമ്മ്യൂണിറ്റി ഹാളിലും വോട്ട് രേഖപ്പെടുത്തി.


തിരുവില്വാമല- കുത്താമ്പുള്ളി മേഖലകളില്‍ പല സമ്മതിദായകര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് നഷ്ടപ്പെട്ടതുമൂലം വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി. ഒന്നാം വാര്‍ഡിലും രണ്ടാം വാര്‍ഡിലുമായി നൂറിലധികം പേര്‍ക്കാണ് പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടവകാശം ഇല്ലാതായത്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാലചന്ദ്രന്‍, മോഹന്‍കുമാര്‍ ഉള്‍പ്പെടെ കഴിഞ്ഞ 40 വര്‍ഷമായി വോട്ടുചെയ്തിരുന്നവര്‍ക്കാണ് ഈ ദുര്യോഗം. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ബി.എല്‍.ഒ മാരും വോട്ടര്‍പട്ടിക കുറ്റമറ്റതാണോ എന്ന് പരിശോധിക്കാത്തതാണ് ഈ അവകാശ നിഷേധത്തിന് കാരണം. ആക്കപറമ്പ്, എരവത്തൊടി, പട്ടിപറമ്പ്, പാമ്പാടി മേഖലകളിലും ഇത്തരത്തില്‍ പലരുടെയും പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവായതായി പരാതികളുണ്ട്.


കേരളത്തില്‍ ഇടതു തരംഗമാണെന്നും ആലത്തൂരില്‍ ചരിത്രവിജയം നേടുമെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജു പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ ബൂത്ത് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ഏഴിനുതന്നെ ബൂത്തുകളില്‍ കണ്ട നീണ്ടനിര ഇതിന് ഉദാഹരണമാണ്. ഇടതു വോട്ടര്‍മാര്‍ രാവിലെതന്നെ തങ്ങളുടെ വോട്ടുകള്‍ വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുതന്നെ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഇത് മഹാവിജയം ഉണ്ടാക്കും. എല്ലാതരത്തിലുള്ള കുപ്രചാരണങ്ങളും യു.ഡി.എഫും എന്‍.ഡി.എയും മണ്ഡലത്തില്‍ നടത്തിയിരുന്നു. അതിനെ തള്ളിക്കളയുന്ന ജനവിധിയാണ് ആലത്തൂരില്‍ സംഭവിക്കുകയെന്നും ബിജു പറഞ്ഞു.

Thrissur
English summary
Poll percentage incresed in TYhrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X