കൊവിഡ് ബാധിച്ച കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച് ശ്രീജ, അഭിനന്ദിച്ച് ആരോഗ്യമന്ത്രി
തൃശൂര്‍: കൊവിഡ് ബാധിച്ച് ശ്വാസം മുട്ടി മരണത്തെ മുന്നില്‍ കണ്ട കുഞ്ഞിന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന നഴ്‌സിന് അഭിനന്ദന പ്രവാഹം. തൃശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ് ആയ ശ്രീജ പ്രമോദ് ആണ് രണ്ട് വയസ്സുകാരിയായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. തൊട്ടയല്‍ വീട്ടിലെ കുഞ്ഞിനെ അമ്മ ശ്രീജയുടെ പക്കലേക്ക് എത്തിക്കുമ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയില്‍ ആയിരുന്നു. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രീജ നിര്‍ദേശിച്ചു.

അവര്‍ കുഞ്ഞിനെ ശ്രീജയുടെ കയ്യില്‍ ഏല്‍പ്പിച്ച് ഭര്‍ത്താവിനെ വിളിക്കാനായി പോയി. ഈ സമയത്ത് കുഞ്ഞിന്റെ ചലനമറ്റു. ഉടനെ തന്നെ കുഞ്ഞിന് ശ്രീജ കൃത്രിമ ശ്വാസം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. തക്ക സമയത്ത് കൃത്രിമമായി ശ്വാസം നല്‍കിയത് കൊണ്ട് മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് അഹാന; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അടക്കമുളളവർ ശ്രീജയെ അഭിനന്ദിച്ച് രംഗത്ത് വന്നു. വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ശ്രീജയെ നേരിട്ട് വിളിച്ചത്. അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റൈനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിച്ചു.

സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്.

കുഞ്ഞ് അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം നല്‍കണമെന്ന് ശ്രീജയ്ക്കു മനസിലായി. കുഞ്ഞിന്റെ ജീവന്‍ കരുതി കോവിഡ് സാധ്യത തല്‍ക്കാലം മറന്ന് കൃത്രിമ ശ്വാസം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ശ്രീജ നല്‍കിയ കൃത്രിമ ശ്വാസമാണ് കുട്ടിയെ ഏറെ സഹായിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ മാതൃകാപരമായി ക്വാറന്റൈനില്‍ പോയി''.

സോഷ്യൽ മീഡിയയിലും ശ്രീജയ്ക്ക് അഭിനന്ദന പ്രവാഹമാണ്. '' ദൈവം എന്നത് മനുഷ്യൻ തന്നെയാണെന്ന് തെളിയിക്കപ്പെട്ട വാർത്ത. മനുഷ്യ മനസ്സ് സ്വാത്ഥതക്ക് അടിമപ്പെടാതിരുന്നാൽ ദൈവത്തെ തേടി അലയേണ്ടതില്ല. ഈ കൊച്ചു കുട്ടിയുടേയും, കുടുംബത്തിനെയും കൺകണ്ട ദൈവം ഈ മാലാഖ തന്നെ'' എന്നാണ് മന്ത്രിയുടെ പോസ്റ്റിന് താഴെയുളള പ്രതികരണങ്ങളിലൊന്ന്. ശ്രീജയ്ക്ക് സർക്കാർ ജോലി നൽകണം എന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications