• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജ്യം മനുസ്മൃതിയുടെ ചട്ടക്കൂടിലേക്ക് അമരുന്നു; സ്ത്രീകളും കുട്ടികളും ഇത്രയേറെ ആക്രമിക്കപ്പെടുന്ന കാലം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് സുഭാഷിണി അലി

  • By Desk

തൃശൂര്‍: രാജ്യം മനുസ്മൃതിയുടെ ചട്ടക്കൂടിലേക്ക് അമരുന്നുവെന്നാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംഘപരിവാര്‍ വിജയം കാണിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. തൃശൂരില്‍ ഇഎംഎസ് സ്മൃതി സെമിനാറില്‍ ജനാധിപത്യവും ലിംഗപദവിമാനങ്ങളും എന്ന വിഷയത്തില്‍ മുഖ്യാവതരണം നിര്‍വഹിക്കുകയായിരുന്നു അവര്‍.

ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം മാവോയിസ്റ്റ് ആക്രമണം; 5 പോലീസുകാർക്ക് വീരമൃത്യു

എഴുപതുവര്‍ഷങ്ങള്‍ക്കുമുന്നേ ഇന്ത്യന്‍ ഭരണഘടന സൃഷ്ടിക്കുമ്പോള്‍തന്നെ ജനാധിപത്യത്തിന്റെ വേരുകള്‍ ദുര്‍ബലപ്പെടാന്‍ ഇടയുണ്ടെന്ന് ഡോ. ബി. ആര്‍ .അംബേദ്ക്കര്‍ വ്യക്തമാക്കിയിരുന്നു. സമത്വവും സാഹോദര്യവും ഇല്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമായിരിക്കയാണെന്നും സുഭാഷിണി അലി വ്യക്തമാക്കി.

സ്ത്രീകളും കുട്ടികളും ഇത്രയേറെ ആക്രമിക്കപ്പെടുന്ന കാലം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് ജാതീയതയുടെപേരില്‍ തമിഴ്‌നാട്ടില്‍ സവര്‍ണവാദികള്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയത്. ജാതിയുടെയും ലിംഗവിവേചനത്തിന്റെയുംപേരില്‍ രാജ്യവ്യാപകമായി അക്രമങ്ങള്‍ അനുദിനം പെരുകുകയാണ്. ജാതിബോധം മനുഷ്യന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കുന്നു. ജാതിപരമായുള്ള ഈ നിര്‍മിതി അപകടകരമാണ്. മനുഷ്യമനസിനെ കലുഷിതമാക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ സ്ത്രീകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം.

തീവ്രഹിന്ദുത്വവാദിയായ പ്രഗ്യാസിങ് താക്കൂള്‍ ബി.ജെ.പിക്കുവേണ്ടി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിച്ചപ്പോള്‍ ഒരിക്കല്‍പോലും ബി.ജെ.പിക്കോ, നാടിന്റെ വികസനത്തിനോവേണ്ടി വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ല. രാജ്യത്ത് 75 ശതമാനം ഹിന്ദുക്കളാണെന്നും 25 ശതമാനം മുസ്ലീങ്ങളാണെന്നും ഇതില്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് തീരുമാനിച്ച് എം.പിയെ തെരഞ്ഞെടുക്കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത്. രാജ്യവ്യാപകമായി സംഘപരിവാര്‍ ഇതുതന്നെയാണ് നടത്തിയത്. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളെല്ലാം മറച്ചുവച്ച് ജനമനസുകളില്‍ ജാതിവികാരം കടത്തിവിടുകയാണ് അവര്‍ ചെയ്തത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംഘപരിവാര്‍ജയം സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള വിജയംകൂടിയാണ്. സ്ത്രീകളില്‍ മതവികാരം അടിച്ചേപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഉത്തരേന്ത്യയില്‍ സ്ത്രീപീഡനകേസില്‍ സന്ന്യാസി ആശാറാം ജയിലില്‍ കഴിയുകയാണ്. ചെറിയ കുട്ടിയെ ബലാല്‍സംഗം ചെയ്ത ആശാറാമിന്റെ മകന്‍ നാരായണ്‍സായുടെപേരിലും കേസുണ്ട്. എന്നാല്‍, അവിടത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ഇരുവരും ഹിന്ദു ദൈവങ്ങളാണെന്നും, ദൈവം തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ്.

കത്വ കേസിനെകുറിച്ച് ചോദിച്ചപ്പോള്‍, പ്രഗ്യാസിങ് പറയുന്നത് കുട്ടി ഒരിക്കലും ബലാല്‍സംഗത്തിനിരയായിട്ടില്ലെന്നാണ്. കേവലം കൊല്ലപ്പെടുകമാത്രമാണ് ഉണ്ടായതെന്നും അവര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ നിരവധി കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. സമീപകാലത്ത് 15 കുട്ടികളാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. ഈ കേസുകളില്‍ പ്രതികളായ 14 പേരും സവര്‍ണ ഹിന്ദുക്കളായിരുന്നു. ഒരാള്‍ മുസ്ലീമും. എന്നാല്‍, മുസ്ലീമിന്റെ പീഡനവാര്‍ത്ത മാത്രം പ്രചരിപ്പിക്കുകയും, മുസ്ലീമുങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചിവിടുകയുമാണ് സംഘപരിവാര്‍ ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഈ അക്രമങ്ങളെല്ലാം അരങ്ങേറിയിട്ടും, മുഖ്യമന്ത്രി യോഗിക്കോ സര്‍ക്കാരിനോ എതിരെ ഒരു പ്രതിഷേധം ഉയരുന്നില്ല.

സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണം ശക്തമാകുന്നു എന്ന് മാത്രമല്ല, അവരെ നിരാകരിക്കകൂടിയാണ് ചെയ്യുന്നത്. വനിതാബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ പോലും ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. സ്ത്രീകളുടെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കയാണ്. കേവലം പ്രകടനങ്ങളോ ധര്‍ണയോകൊണ്ട് പ്രശ്‌നപരിഹാരമാകില്ല. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പുതിയ രീതിയിലുള്ള ക്യാമ്പയിനുകള്‍ ഏറ്റെടുത്ത് നടപ്പാക്കണം. എത്ര വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാലും യാഥാര്‍ഥം ജനം തിരിച്ചറിയുകതന്നെ ചെയ്യും. അപകടകരമായ പുതിയ സാഹചര്യത്തില്‍ കേരളത്തെയാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതെന്ന് സുഭാഷിണി അലി പറഞ്ഞു.

Thrissur

English summary
Subhashini Ali's speech in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X