തൃശൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശൂര്‍ പറപ്പൂക്കര ബൂത്ത് കമ്മിറ്റി യോഗത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. യോഗം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് മണ്ഡലം പ്രസിഡന്റ് ഏകപക്ഷിയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചന്നാരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി.

മുന്‍ കമ്മിറ്റി പ്രസിഡന്റിനെ മാറ്റിയതുമായി ബന്ധപ്പെട്ടും, നെല്ലായി സൊസൈറ്റി സെക്രട്ടറിയെ പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസിലെ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെ ബൂത്ത് പ്രസിഡന്റിനെ അറിയിക്കതെയാണ് യോഗം വിളിച്ചതെന്നും നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ യോഗത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പിന്നീട് പ്രതിഷേധക്കാര്‍ ചേരി തിരിഞ്ഞ് പരസ്‌പരം ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ തകര്‍ന്ന ബൂത്ത് ഒഫീസിന്റെ ചില്ല് കയറി ബ്ലോക്ക് സെക്രട്ടറിക്ക് സാരമായി പരിക്കേറ്റു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബൂത്ത് യോഗങ്ങളില്‍ പങ്കെടുക്കാത്ത ചിലരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് സോമന്‍ പ്രതികരിച്ചു.