• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇതെന്ത് പ്രണയം? പ്രണയാഭ്യർത്ഥന നിരസിച്ചാൽ കൊല, പ്രണത്തിന്റെ പേരിലുള്ള അരും കൊലകൾ പെരുകുന്നു!

  • By Desk

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താലുള്ള അരുംകൊലകള്‍ കേരളത്തില്‍ പെരുകുന്നു. തൃശൂര്‍ ചിയ്യാരത്ത് പ്രണയം നിരസിച്ചതിന്റെ പേരിലാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഒരുമാസം മുന്‍പ് മാത്രമാണ് തിരുവല്ലയില്‍ സമാനമായ കൊലപാതകം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്.

അദ്വാനിയെ പോലുള്ളവർ പാർട്ടിയെ ശക്തിപ്പെടുത്തി... അഭിമാനിക്കുന്നു, കുറിപ്പിന് പ്രതികരണവുമായി മോദി!

തിരുവല്ലയില്‍ നടന്ന കൊലപാതകത്തിന്റെ തനിയാവര്‍ത്തനം

തിരുവല്ലയില്‍ നടന്ന കൊലപാതകത്തിന്റെ തനിയാവര്‍ത്തനമായി ചിയ്യാരത്തെ ദുരന്തം. സുഹൃത്തായി അടുത്തുകൂടിയ യുവാവ് വിവാഹത്തിനു നിര്‍ബന്ധിച്ചതു യുവതി നിഷേധിച്ചതോടെയാണ് കൊലപാതകം. കൊല്ലപ്പെട്ട നീതുവുമായി പ്രണയത്തിലാണെന്നാണ് പ്രതി നീതീഷിന്റെ മൊഴി. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് പ്രതികാരത്തിനിടയാക്കിയതെന്നു പറയുന്നു. വിവാഹക്കാര്യം വീട്ടുകാരോടു സംസാരിച്ചിരുന്നതായും ഇയാള്‍ പറയുന്നു.

പുലര്‍ച്ചെ നീതുവിന്റെ വീടിനടുത്ത് ഇടവഴിയില്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്ക് ചാരിയിരിക്കുന്ന നിലയില്‍ കണ്ടതോടെ അന്വേഷിക്കാന്‍ അയല്‍വാസികള്‍ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് വീട്ടിനകത്തുനിന്നു പുകയും കരച്ചിലും കേള്‍ക്കുന്നത്. ഓടി വീട്ടിലെത്തുമ്പോള്‍ കാണുന്നത് വീടിന്‍െ്‌റ ശുചിമുറിയില്‍ കത്തിയെരിയുന്ന നീതുവിനെയാണ്.

കിടപ്പുമുറിയിലേക്കു അതിക്രമിച്ചു കയറി

ഇന്നലെ പുലര്‍ച്ചെ ആറരയോടെ നീതുവിന്റെ വീട്ടില്‍ കിടപ്പുമുറിയിലേക്കു അതിക്രമിച്ചു കയറിയ നിതീഷ് പെണ്‍കുട്ടിയെ വാക്കുതര്‍ക്കത്തിനു ശേഷം കഴുത്തില്‍ ബ്ലേഡുകൊണ്ടു വെട്ടിയശേഷമാണ് തീകൊളുത്തിയതെന്നാണ് സൂചന. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രകോപനമെന്നു പറയുന്നു. നീതുവിനെ തടഞ്ഞുവെച്ചാണ് കുത്തിയതെന്നാണു ബന്ധുവിന്റെ മൊഴി. കൈവശമുള്ള ബാഗില്‍ കരുതിയ കുപ്പിയില്‍ നിന്നു പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചശേഷം യുവാവ് തീയിട്ടു. ചുരിദാറില്‍ തീ പടര്‍ന്നതോടെ നീതു കത്തിയമര്‍ന്നു. കുളിമുറിക്കു സമീപം അവശ നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.

ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഉടനെ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനു മാറ്റി. തീ കൊളുത്തിയതോടെ ഉച്ചത്തിലുള്ള ബഹളവും കരച്ചിലും കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നീതീഷിനെ തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ നീതീഷിനെ ആശുപത്രിയിലാക്കി.

ആറുമാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു: പിതാവ് ഉപേക്ഷിച്ചു

നീതുവിന് ആറുമാസം പ്രായമുള്ളപ്പോള്‍ അമ്മ സുമംഗല മരിച്ചു. പിതാവ് കൃഷ്ണകുമാര്‍ ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് അമ്മൂമ്മ കോരപ്പത്ത് വത്സലമേനോന്റെയും അമ്മാവന്‍ സഹദേവന്റെയും സംരക്ഷണയിലായിരുന്നു നീതു. മറ്റൊരു അമ്മാവന്‍ വാസുദേവമേനോനും തൊട്ടടുത്താണ് താമസം. ഇദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലൂടെയാണ് നിതീഷ് യുവതിയുടെ വീട്ടിലേക്കു കയറിയതെന്നാണ് അനുമാനിക്കുന്നത്.

കൊലയാളി എത്തിയത് അമ്മൂമ്മയെ മറികടന്ന്

രാവിലെ പുറകുവശത്തെ വാതില്‍ തുറക്കുന്നതിനിടെ അമ്മൂമ്മ വത്സലയെ മറികടന്നാണ് അക്രമി വീട്ടില്‍ കയറിയത്. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ നീതുവിന്റെ അമ്മൂമ്മ കരയുന്നതു കേട്ടു മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു അമ്മാവന്‍ ഓടിയെത്തി. കൊലപാതകം നടക്കുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പ് നിതീഷ് വീട്ടിലെത്തി ഒളിച്ചിരുന്നുവെന്നു കരുതുന്നു. വിശാലമായ കോമ്പൗണ്ടിലാണ് വീട്.

നീതുവിന്‍െ്‌റ അച്ഛനും അമ്മയും വഴക്കിട്ടു പിരിഞ്ഞതാണ്. കഴിഞ്ഞ 20 വര്‍ഷമായി അമ്മൂമ്മ കോരപ്പത്ത് വത്സല മേനോനാണ് നീതുവിനെ വളര്‍ത്തിയത്. അമ്മാവന്മാരായ വാസുദേവമേനോന്റെയും, സഹദേവന്റേയും അരുമയുമായിരുന്നു നീതു. വീട്ടില്‍ അമ്മൂമ്മയുടെയും അമ്മാവന്റെയും ഒപ്പമായിരുന്നു നീതു താമസിച്ചത്.

അതേസമയം ഇന്നലെ പുലര്‍ച്ചെ നാലിനു നിതീഷ് വടക്കേക്കാട്ടെ വീട്ടില്‍ നിന്നു പോന്നതായി പറയുന്നു. പുലര്‍ച്ചെ നാലേകാലിനു ഇയാളെ വീട്ടില്‍ തെരഞ്ഞപ്പോള്‍ കാണാനുണ്ടായിരുന്നില്ല. ഒരാഴ്ച്ചയായി ഇയാള്‍ ലീവിലായിരുന്നു.

യുവാവിന്റെ വീട്ടുകാര്‍ അറിയുന്നത് ടിവിയിലൂടെ

ചിയ്യാരത്ത് ബി ടെക് വിദ്യാര്‍ഥിനിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല നടത്തിയ വിവരം യുവാവിന്റെ വീട്ടുകാര്‍ അറിയുന്നത് ടിവിയിലൂടെ. വടക്കേക്കാട് മുക്കിലപീടിക കല്ലൂകാട്ടില്‍ സത്യനാഥന്റെ മകനാണ് പിടിയിലായ നിതീഷ് . എറണാകുളത്തെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിതീഷ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് വീട്ടില്‍ എത്തിയത്.

അന്ന് പകല്‍ മുഴുവന്‍ മുറി അടച്ച് ഇരിക്കുകയായിരുന്നുവെന്ന് അമ്മ രത്‌നകുമാരി പറയുന്നു. നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ വീട്ടില്‍ വന്നാല്‍ ഉറക്കം പതി വാണ്. അതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഭക്ഷണവും കഴിച്ചിരുന്നില്ലത്രെ. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ബുള്ളറ്റുമായി നിതീഷ് പോയ വിവരം മനസിലായത്. മൊബൈലില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് ടിവിയില്‍നിന്നാണ് ദുരന്ത വാര്‍ത്ത അറിയുന്നത്. നീതു നിതീഷിനൊപ്പം ഒട്ടേറെ തവണ വീട്ടില്‍ വന്നിരുന്നെന്ന് അമ്മ പറയുന്നു. ഇവരുടെ പ്രണയം നീതുവിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. നീതുവിന്റെ പഠനം കഴിഞ്ഞാല്‍ വിവാഹം നടത്തണമെന്നായിരുന്നു നിതീഷിന്റെ കുടുംബം തീരുമാനിച്ചിരുന്നുത്.

ആദ്യംവെട്ടി; പിന്നീട് തീ കൊളുത്തി മരണം ഉറപ്പാക്കി

ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ ആദ്യം കത്തികൊണ്ടു വെട്ടിയ ശേഷമാണ് നിതീഷ് പെട്രോളൊഴിച്ചു തീ കൊളുത്തിയതെന്നു മൊഴി. നീതുവിന്റെ കിടക്കറയിലേക്ക് ഓടിക്കയറിയ നിതീഷ് വാക്കുതര്‍ക്കത്തിനിടെ കഴുത്തില്‍ വെട്ടിയെന്നാണ് നിഗമനം. തുടര്‍ന്ന് പെട്രോളൊഴിച്ചു. അതിനിടെ നീതു ബാത്ത്‌റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതു തടഞ്ഞ നിതീഷ് തീ കൊളുത്തിയെന്നാണ് സാഹചര്യതെളിവുകള്‍ വെച്ച് പോലീസ് അനുമാനിക്കുന്നത്. രാവിലെ പെണ്‍കുട്ടിയുടെ അമ്മൂമ്മ പിറകുവശത്തെ വാതില്‍ തുറന്നയുടനെ നിതീഷ് അകത്തേക്ക് കയറുകയായിരുന്നു.

കോളജിലേക്കു പോകാനായി വിദ്യാര്‍ഥിനി ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. നിതീഷ് സഞ്ചരിച്ച ബുള്ളറ്റ്, ചെരുപ്പ്, കത്തി, പെട്രോള്‍ സൂക്ഷിച്ചുവെച്ച ബാഗ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ചെരുപ്പ് ബൈക്കിനടുത്ത് ഊരിയിട്ട നിലയിലായിരുന്നു. സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി. എസ്. ഷംസുദ്ദീന്‍, നെടുപുഴ എസ്.ഐ: അനീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും എത്തി.

Thrissur

English summary
The girl who fired by man at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X