പ്രിസൺ ഓഫീസർ അവധി അനുവദിച്ചില്ല; 'കലിപ്പ് സീനാക്കി' അസിസ്റ്റന്റ് പ്രിസൺ ഓഫീസർ; പിന്നാലെ സസ്പെൻഷൻ
തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറും അസിസ്റ്റന്റ് പ്രിസൺ ഓഫീസറും തമ്മിൽ കയ്യാങ്കളി. ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇടിയേറ്റു അദ്ദേഹത്തിന്റെ മൂക്കിന്റെ പാലത്തിനു ചെറിയ പരിക്കു പറ്റിയിട്ടുണ്ട് .
സംഭവത്തിന് പിന്നാലെ അസി. പ്രിസൺ ഓഫിസർ കെ. രാജേഷിനെ സസ്പെൻഡ് ചെയ്തു. അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തിയെന്നാണ് റിപ്പോർട്ട്.അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഒരുമാസം മുൻപ് അതിസുരക്ഷാ ജയിലിലേക്കു സ്ഥലംമാറി എത്തിയവരാണു പ്രിസൺ ഓഫീസറും അസി. പ്രിസൺ ഓഫീസറും.

ജയിലിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവധി അനുവദിക്കുന്നുള്ളൂ. ചീഫ് വാർഡന്റെ ചുമതലയുള്ള പ്രിസൺ ഓഫീസറാണ് അവധി അനുവദിക്കേണ്ടത്.
പ്രതിസ്ഥാനത്തുള്ള അസി. പ്രിസൺ ഓഫിസർ രാജേഷ് 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, അനുവദിച്ചത് ഒരു ദിവസം മാത്രം. ഇതേത്തുടർന്നാണ് ആക്രമിച്ചത്. കാലിന്റെ ഉപ്പൂറ്റിക്കു മുകളിലേറ്റ ചവിട്ടിലാണ് അസ്ഥിക്ക് പൊട്ടലുണ്ടായത്. മൂക്കിന്റെ പാലത്തിനും ഇടിയേറ്റു. പ്രതിസ്ഥാനത്തുള്ള ജീവനക്കാരനു രണ്ടാഴ്ച മുൻപും മോശം പെരുമാറ്റത്തിന്റെ പേരിൽ താക്കീത് ലഭിച്ചിരുന്നതായി സൂചനയുണ്ട്.
അതേസമയം, അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നു പോലും ഇല്ലാത്തതു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 400 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 100 ജീവനക്കാരെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ, ആകെയുള്ളത് 28 പേർ മാത്രം. ഇതിൽ 8 പേർ പരിശീലനത്തിലും മറ്റുമാണ്. ഡ്യൂട്ടിക്കുള്ളത് ആകെ 20 പേർ മാത്രവും.












Click it and Unblock the Notifications