ചൂട് കഠിനം: തൃശൂരില്‍ പുഴകളിലെ മീനുകള്‍ ചത്തുപൊങ്ങുന്നു, കക്ക കിട്ടാനില്ല

കൊടുങ്ങല്ലൂര്‍: ചൂട് കൂടുന്നതിനാല്‍ പുഴയില്‍ മത്സ്യ ലഭ്യത കുറഞ്ഞു. പലയിടത്തും മത്സ്യം ചത്തുപൊങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി കടലിലും കരയിലും ചൂട് കൂടുന്നതിന് അനുസരിച്ച് പുഴകളിലും കനാലുകളിലും അമിതമായ ചൂടാണ് അനുഭവപ്പെടുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധനം വലിയ പ്രതിസന്ധിയാണ് തൃശൂര്‍ ജില്ലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍.
നേരത്തെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന കണമ്പ്, തിരുത, പൂമീന്‍, വറ്റ എന്നിവ ഇപ്പോള്‍ ലഭിക്കാറില്ല. കക്കയും ചത്തുപൊന്തുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വൈകത്ത് നിന്ന് കക്ക വാരാന്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ വെറും കയ്യോടെയാണ് മടങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് പൊതുവെ കനത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 30വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു . സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.












Click it and Unblock the Notifications