താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തി, വീട് കണ്ട് അമ്പരന്ന വധു തിരിഞ്ഞോടി.. 'ഈ ബന്ധം വേണ്ട', സംഭവം തൃശൂരില്‍
തൃശൂര്‍: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു, വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം തെക്കേപുറത്താണ് ആണ് സംഭവം. താലികെട്ടും അതിനോട് അനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകളും അടക്കമുള്ളവ കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വന്നതിന് പിന്നാലെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വിവാഹം വേണ്ടെന്ന് വെച്ചത്.
വീട്ടിലേക്ക് വലതുകാല്‍ വെച്ച് കയറാനിരിക്കെ വധുവിനെ വീട്ടിലേക്ക് ആനയിക്കുമ്പോള്‍ നടത്താറുള്ള അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിനിടെ ആണ് സംഭവം. ഇതിനിടെ ആണ് വരന്റെ വീട് വധുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ വധു വീട്ടില്‍ കയറുന്നതിന് മുന്‍പ് തിരികെ ഓടുകയായിരുന്നു. അഞ്ച് സെന്റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്റെ വീട്.

ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും കൊണ്ടൊക്കെയാണ് വീട് മറച്ചിരിക്കുന്നത്. ഈ വീട്ടിലേക്ക് താന്‍ വരില്ല എന്ന് പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വീട്ടില്‍ കയറില്ലെന്ന് പറഞ്ഞ് തിരിഞ്ഞോടിയ വധുവിനെ കണ്ട് പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. ചടങ്ങില്‍ പങ്കെടുക്കണം എന്നും അത് കഴിഞ്ഞ് മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നും വധുവിനോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വധു തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യത പോലും ലഭിക്കില്ല എന്നാണ് വധു പറഞ്ഞത്. തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ വധു തയ്യാറാകാതിരുന്നതോടെ വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലേക്ക് കയറുന്ന ചടങ്ങില്‍ പങ്കെടുക്കണം എന്ന് മാതാപിതാക്കളും വധുവിനോട് ആവശ്യപ്പെട്ടു.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
എന്നാല്‍ വധു ഇതും ചെവിക്കൊണ്ടില്ല. ഇതോടെ പ്രശ്‌നം നേരിയ സംഘര്‍ഷത്തിലേക്ക് മാറുകയും ചെയ്തു. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം രൂക്ഷമായി. ഇതിനിടെ വധു വരനെയും വരന്‍ വധുവിനെയും തള്ളിപ്പറയുകയും ചെയ്തു. ഇതോടെ നാട്ടുകാരാണ് പൊലീസിനെ വിരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസുകാരും വധുവിനോട് വീട്ടില്‍ കയറണം എന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ വധു വഴങ്ങിയില്ല. പിന്നീട് പൊലീസുകാര്‍ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയച്ചു. സംഭവം വിശദമായി ബുധനാഴ്ച നടത്താം എന്നും പൊലീസ് പറഞ്ഞു. അതേസമയം ഈ വീട്ടിലാണ് തന്റെ സഹോദരങ്ങളായ ഏഴ് പേരുടെയും വിവാഹങ്ങള്‍ നടന്നിട്ടുള്ളതെന്നും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത പ്രശ്നമാണ് വധുവിന് ഉള്ളതെന്നുമാണ് വരനും ബന്ധുക്കളും പറയുന്നത്.












Click it and Unblock the Notifications