ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ആനവയറോളം ഊട്ട്: അണിനിരന്നത് 54 ഗജവീരന്‍മാര്‍
തൃശൂര്‍: കര്‍ക്കിടകത്തിലെ കാര്‍മേഘങ്ങള്‍ മാറിനിന്നു, ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ആനവയറോളം ഊട്ട്. കറുപ്പിനഴകായി വിസ്മയം വിതറി ആനക്കൂട്ടം ആനച്ചമയങ്ങളുടെ കെട്ടുകാഴ്ച്ചകളില്ലാതെ ശ്രീവടക്കുന്നാഥ സന്നിധിയില്‍ കരിയഴക് വിടര്‍ത്തി നിറഞ്ഞുനിന്നു. ആനച്ചൂരില്‍ അലിഞ്ഞുചേരുന്ന ആനപ്രേമികളുടെ നാട്ടില്‍ മഴപ്പേടിയെ മറികടന്ന് വന്‍ ജനാവലി വടക്കുംനാഥക്ഷേത്ര സന്നിധിയില്‍ ആനയൂട്ടിനു സാക്ഷ്യംവഹിക്കാനെത്തി. കര്‍ക്കടകമാസ പിറവിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ 54 ഗജവീരന്‍മാര്‍ അണിനിരന്നു. രാവിലെ അരമണിയും കുലുക്കി കരിവീരന്മാര്‍ കുളിച്ചൊരുങ്ങിയെത്തിയതോടെ ആനപ്രേമികള്‍ ചുറ്റുംകൂടി. തുടര്‍ച്ചയായ 35-ാം വര്‍ഷമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തുന്നത്. വടക്കുന്നാഥക്ഷേത്രക്ഷേമസമിതി, ആനയൂട്ടിനുള്ള സമിതി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
രാവിലെ അഞ്ചിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10,0008 നാളികേരമുപയോഗിച്ചുള്ള മഹാഗണപതിഹോമം അപൂര്‍വമാണ്. പൂജയ്ക്ക് ശേഷം ഗജവീരന്മാര്‍ വടക്കുന്നാഥ സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നിരന്നു. ബാരിക്കേഡ് കെട്ടിത്തിരിച്ച് പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ആനകള്‍ നിരന്നത്. കുട്ടിയാനകള്‍ക്കായി പ്രത്യേക സ്ഥലം ക്രമീകരിച്ചു. പടിഞ്ഞാറെ ഗോപുരത്തിന് സമീപം ഡോക്ടര്‍മാര്‍ അണിനിരന്നു. അവര്‍ മുഴുവന്‍ ആനകളെയും പരിശോധിച്ചശേഷമാണ് തെക്കേഗോപുരനടയില്‍ ആനയൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്.

കൂട്ടത്തില്‍ ഇളയവനായ വാരിയത്ത് ജയരാജിന്റെ തുമ്പിക്കെയിലേയ്ക്ക് മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിതോടെയാണ് ആനയൂട്ടിന് തുടക്കമായത്. ഊട്ടിനു മുന്നേ ഇന്നലെ പുലര്‍ച്ചെയും പെയ്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും സൂര്യശോഭ പരന്നതോടെ ആശങ്ക മാറി. ഇത്തവണ ആനകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. പാറമേക്കാവ് രാജേന്ദ്രന്‍, പുതുപ്പള്ളി കേശവന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാര്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ തുടങ്ങി 54 ആനകളെയാണ് ഊട്ടിന് കൊണ്ടുവന്നത്.
ആനയൂട്ടില്‍ ആദ്യമായി പങ്കെടുക്കുന്ന ലക്കിടി ഇന്ദിരയും സ്ഥിരം സാന്നിധ്യമായ തിരുവമ്പാടി ലക്ഷ്മിയുമായിരുന്നു ആനയഴകിലെ സ്ത്രീ സാന്നിധ്യം. ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തുന്ന ആനകളാണ് എത്താതിരുന്നത്. എസ്.ഡി.പി.ഐ നേരത്തെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കരിദിനമായെങ്കിലും പലരും വാഹനങ്ങളില്‍ ആനകളെ എത്തിക്കാന്‍ മുതിര്‍ന്നില്ല. ആയിരക്കണക്കിന് ഭക്തരും ആനപ്രേമികളും നിറഞ്ഞതോടെ ആനയൂട്ട് മിനിപൂരമായി.
500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് വലിയ ഉരുളുകളാക്കിയാണ് ആനകള്‍ക്ക് നല്‍കിയത്. ഔഷധക്കൂട്ടും ഗജവീരന്‍മാര്‍ക്ക് നല്‍കി. ഏഴുതരം പഴങ്ങളും കൂട്ടിച്ചേര്‍ത്താണ് ആനകള്‍ക്കു നല്‍കിയത്. അവില്‍, കരിമ്പ്, കക്കരി, കൈതച്ചക്ക, ചോറ് എന്നിവ ചേര്‍ത്താണ് ഉരുളകള്‍ തയാറാക്കിയത്.
ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു മഹാഗണപതിഹോമം. 10,000 നാളികേരം,1,500 കിലോ ശര്‍ക്കര,750 കിലോ നെയ്യ്,2,000 കിലോ അവില്‍,250 കിലോ മലര്‍,തേന്‍, എള്ള്, ഗണപതി നാരങ്ങ എന്നിവയാണ് മഹാഗണപതി ഹോമത്തിന് ഉപയോഗിച്ചത്.
വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രത്തില്‍ ക്യാമ്പ് ചെയ്തു. ഒരു കോടി രൂപയ്ക്ക് ആനയൂട്ട് ഇന്‍ഷുര്‍ ചെയ്തിരുന്നു. ദുര്‍ഘട മാസമായി അറിയപ്പെടുന്ന കര്‍ക്കടകത്തില്‍ വിഘ്‌നങ്ങള്‍ വരുത്തരുതെന്ന് ഗണപതി പ്രാര്‍ഥിക്കാനും ഭഗവാനെ തൃപ്തിപ്പെടുത്താനുമായാണ് ചടങ്ങ് നടത്തി വരുന്നത്. ഊട്ടിനുശേഷം ആനകള്‍ വടക്കുന്നാഥനെ വണങ്ങിയ ശേഷം കിഴക്കേ ഗോപുരനട വഴി പുറത്തേക്കിറങ്ങി. ക്ഷേത്രത്തിലെ തിരക്കു നിയന്ത്രിക്കാന്‍ പടിഞ്ഞാറേ നടയില്‍ പ്രത്യേക ക്യൂ സംവിധാനവും ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കായി അന്നദാനമണ്ഡപത്തില്‍ പ്രസാദ ഊട്ടുമുണ്ടായിരുന്നു. ഭക്തര്‍ക്കുള്ള ഊട്ടിലും നിരവധിപേര്‍ പങ്കെടുത്തു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍, ഐ.ജി.എം.ആര്‍.അജിത്ത് കുമാര്‍, സബ് കലക്ടര്‍ രേണുരാജ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ ഡോ.എം.കെ. സുദര്‍ശന്‍, അംഗം അരുണ്‍ കുമാര്‍, കൗണ്‍സിലര്‍മാരായ എ. പ്രസാദ്, എം.എസ്. സംപൂര്‍ണ്ണ, മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.എ.കൃഷ്ണനുണ്ണി ,ശ്രീ വടക്കുംനാഥ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് സി. വിജയന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, ത ിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് വി,എന്‍. ശശി എത്തി.












Click it and Unblock the Notifications