തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൊളീവിയന്‍ കോള്‍ തട്ടിപ്പ്; സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബൊളീവിയന്‍ കോള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡാറ്റാ ഹാക്കിംഗിനായാണോ ഇത്തരം മിസ്ഡ് കോള്‍ തട്ടിപ്പെന്നും സംശയം. ചില പ്രത്യേക നമ്പറുകളില്‍ നിന്നും ഫോണിലേക്ക് കോളുകളും മിസ്ഡ് കോളുകളും വരികയും കോള്‍ അറ്റന്റ് ചെയ്തവര്ക്കും തിരികെ വിളിച്ചവര്‍ക്കും പണം നഷ്ടപ്പെടുകയും ചെയ്‌തെന്ന പരാതികള്‍ വര്‍ധിച്ചുവരികയാണ്.

ബൊളീവിയയില്‍നിന്നാണ് ഇത്തരം കോളുകള്‍ വരുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ മിസ്ഡ് കോള്‍ തട്ടിപ്പ് അരങ്ങേറിയിരുന്നു. എന്നാല്‍ പണമുറ്റുക എന്നതിനപ്പുറം മറ്റ് ഉദ്ദേശ്യങ്ങള്‍ ഇത്തരം തട്ടിപ്പിലുണ്ടോയെന്നാണ് പോലീസ് ഹൈടെക് സെല്‍ പരിശോധിക്കുന്നത്.

Phone

നിരവധി മലയാളികളുടെ പണം ഫോണ്‍വിളിയിലൂടെ ചോര്‍ത്തിയ ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതത്തില്‍ അവിടെയുള്ള ടെലകോം കമ്പനിയും കൈയിടുന്നുവെന്നാണ് വിവരം. ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് പ്രത്യേകനമ്പറുകളിലേക്കു വിളിക്കുന്ന ഫോണ്‍കോളുകള്‍ക്ക് അമിതതുക ഈടാക്കുന്ന വിവിധ കമ്പനികള്‍ വിദേശത്തു സജീവമെന്നാണ് സൂചന. മിസ്ഡ് കോള്‍ വിളി അതിലൊന്നുമാത്രം. അതിനു പുറമേ ചങ്ങാത്ത ഫോണ്‍വിളി എന്ന പേരില്‍ അശ്ലീലഫോണ്‍ ചാറ്റ് നടത്തിയും വലിയ തുക ഈടാക്കുന്ന സംഘങ്ങള്‍ അണിയറയില്‍ സജീവം.

വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച ശേഷം അതിലേക്ക് ഫ്രണ്ട്‌സ് ചാറ്റിംഗ് എന്ന പേരില്‍ സന്ദേശമയച്ചാണ് തട്ടിപ്പ്. യുവാക്കളാണ് കൂടുതലായും ഇരകളാകുന്നത്. ഫോണ്‍ സന്ദേശം കണ്ടു തിരിച്ചു വിളിക്കുന്നത് പുരുഷനാണെങ്കില്‍ അപ്പുറത്ത് സ്ത്രീയാണ് ഫോണ്‍ ചാറ്റിങിനെത്തുക. ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തി സമയ ദൈര്‍ഘ്യമുണ്ടാക്കിയാണ് വലിയ തുക തട്ടുന്നത്. ഇത്തരം കോളുകള്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെ തുകയാണ് ഈടാക്കുക.

ബൊളീവിയന്‍ കമ്പനി അനധികൃതമായി പണം തട്ടിക്കുന്ന ഫോണ്‍വിളികള്‍ക്കു കരാറുണ്ടാക്കിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു പോലീസ് വിവരം തേടി. പോലീസ് കമ്മീഷ്ണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയാണ് ബൊളീവിയന്‍ ഫോണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടത്. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്പറില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ പോകുന്നതെന്നു കമ്പനിക്കു സമ്മതിക്കേണ്ടിവന്നു. എന്നാല്‍ വിശദാംശം കൈമാറാന്‍ തയാറായിട്ടില്ല.

ഫോണുകളിലെ രഹസ്യ പാസ് വേഡുകളടക്കമുള്ള ഡാറ്റകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമാണോ ഇത്തരം തട്ടിപ്പെന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്. ബി.എസ്.എന്‍.എല്‍ ഫോണുകളിലേക്കാണ് ഇത്തരം കോളുകള്‍ കൂടുതലായി വരുന്നതെന്നും പറയപ്പെടുന്നു. മൊബൈല്‍ നമ്പര്‍ അനധികൃതമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡാറ്റകള്‍ ചോര്‍ത്തുന്നതിനോ മറ്റോ ഇത്തരം സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഫോണ്‍ നമ്പറുകള്‍ ഇത്തരം മാഫിയകള്‍ക്ക് എങ്ങിനെ ലഭിക്കുന്നു എന്നതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

ടെലകോം കമ്പനിയുമായി ബന്ധപ്പെട്ടവരുടെ സഹായമില്ലാതെ ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ സൗകര്യമുണ്ടാകില്ലെന്നാണ് അറിയുന്നത്. കേരളത്തിലെ നമ്പറുകള്‍ ഇവിടത്തെ ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ മുഖേന സംഘടിപ്പിച്ചതാകാനും ഇടയുണ്ട്. തെറ്റിധരിപ്പിച്ചാകണം ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുന്നതെന്ന് കരുതുന്നു.

കൂടുതലും ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കാണ് വിളികള്‍ പോയിട്ടുള്ളത്. 59160940305, 598160940365,59160940101 തുടങ്ങിയ നമ്പറുകളില്‍ നിന്നാണു മിസ്ഡ്‌കോളുകള്‍ പ്രവഹിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറുകളിലേക്കു തിരികെ വിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ നിരക്കില്‍ പണം നഷ്ടമായി. അതേസമയം ബൊളീവിയന്‍ കമ്പനിയെ പണം തട്ടലുമായി ബന്ധപ്പെട്ടു നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന അന്വേഷണത്തിലാണ് പോലീസ്.

ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ കോളുകളാണ് വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറകേ നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെല്‍ ബൊളീവിയ, നിയുവെറ്റല്‍ എന്നീ കമ്പനികളിലേക്കു അന്വേഷണത്തിന്റെ മുന നീണ്ടത്. വന്‍തുക ഈടാക്കുന്നതില്‍ നിന്ന് നേര്‍പകുതി ടെലകോം കമ്പനിക്കാണ് നല്‍കുന്നതെന്നാണ് വിവരം. പകുതി തുക ഉപഭോക്താവിനും നല്‍കുന്നു. അതിനാല്‍ തട്ടിപ്പുനടക്കുന്നത് പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തം.

Thrissur
English summary
Thrissur Local News about fake calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X