തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസിലെ ഗ്രൂപ്പസത്തിന് അന്ത്യമില്ല; കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന്...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു. പദവികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വെച്ചാല്‍ പലരും പാര്‍ട്ടിവിട്ടു പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉള്ളുതുറന്ന ചര്‍ച്ചകളാണ്‌ വേണ്ടത്‌.

കോണ്‍ഗ്രസ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ സംഘടിപ്പിച്ച കെ.കരുണാകരന്റെ നൂറാം ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. ഉപരിപ്ലവമായ കെട്ടിപ്പടുത്തലുകളും യോജിപ്പും കൊണ്ട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ രക്ഷപ്പെടുത്താമെന്നു വിചാരിച്ചാല്‍ അത്‌ ശുദ്ധ അസംബന്ധമാണ്‌. കേരളത്തില്‍ നടക്കുന്നത്‌ ഭരണമല്ല, മാനേജുമെന്റ്‌ രീതിയാണെന്നും എം.പി. പറഞ്ഞു.

KC Venugopal

സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസ്‌ വിരുദ്ധതയിലൂന്നിയ സി.പി.എം. നയം ബുദ്ധിസ്‌ഥിരതയുള്ളവര്‍ അംഗീകരിക്കില്ല. സമാനതകളില്ലാത്ത നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹം എന്നും സാധാരണപ്രവര്‍ത്തകര്‍ക്കൊപ്പമാണ്‌ നിന്നത്‌. കരുണാകരനും എ.കെ.ആന്റണിയും രണ്ടുഗ്രൂപ്പുകളുടെ നേതൃത്വത്തിലിരുന്നപ്പോഴും ഒരിക്കലും പരിധി വിട്ടു പ്രവര്‍ത്തിച്ചിട്ടില്ല. കരുണാകരന്‍ പാര്‍ട്ടിയുടെ ഐക്യത്തിനാണ്‌ മുന്‍തൂക്കം നല്‍കിയത്‌.

ഗ്രൂപ്പ്‌ പോര്‌ ഇനിയും ശക്തമായാല്‍ കാലിനടിയിലെ മണ്ണ്‌ ഒലിച്ചു പോകും. പരസ്യമായ വിഴുപ്പലക്കലുകള്‍ കൂടി വരികയാണ്‌.ഗ്രൂപ്പുകള്‍ മുമ്പേയുള്ളതാണ്‌. പെട്ടെന്ന്‌ ഇല്ലാതാക്കാനാകില്ല. ഉള്ളുതുറന്നു ചര്‍ച്ച ചെയ്യാന്‍ കഴിയണം. ഉപരിപ്ലവമായ കെട്ടിപ്പിടുത്തം കൊണ്ടു കാര്യമില്ല. ഗുണനിലവാരമുള്ളവരെ പുറത്തുകളയരുത്‌. ഓരോരുത്തരും സ്വയം തെറ്റുതിരുത്തണം. അതിനു കാലത്തിന്റെ ചുവരെഴുത്തു വായിക്കണം.

തട്ടില്‍ കൊലക്കേസിന്റെ പേരിലടക്കം ലീഡറെ പലരും വേട്ടയാടി. മികച്ച ഭരണകര്‍ത്താവായിരുന്നു കരുണാകരന്‍. ഇടുക്കി പദ്ധതി, ഗോശ്രീ പദ്ധതി, നെടുമ്പാശേരി വിമാനത്താവളം എന്നിവയൊക്കെ ദീര്‍ഘവീക്ഷണത്തോടെ കൊണ്ടുവന്നത്‌ കരുണാകരന്റെ ഭരണകാലത്താണ്‌. ലീഡറുടെ നിലപാടുകളുമായി വിയോജിപ്പുണ്ടായപ്പോള്‍ ഒരുവാക്കുകൊണ്ടു പോലും താന്‍ നോവിച്ചിട്ടില്ല.

താന്‍ കെ.എസ്‌.യു. പ്രസിഡന്റായത്‌ ശക്‌തമായ ഗ്രൂപ്പിസമുള്ള വേളയിലാണ്‌. എന്നാല്‍ തെരഞ്ഞെടുപ്പു മാറ്റിവെക്കാന്‍ ഒരിക്കലും അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ആന്റണി തയ്യാറായില്ല. കെ.എസ്‌.യു നേതൃത്വം പിടിച്ചടക്കിയിട്ടും മറ്റുഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളണമെന്ന നിലപാടാണ്‌ കരുണാകരന്‍ സ്വീകരിച്ചത്‌. ഇന്നത്തേതിന്റെ പത്തിരട്ടി ഗ്രൂപ്പിസുമുണ്ടായപ്പോഴും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ തീരാവുന്ന തര്‍ക്കമേ കോണ്‍ഗ്രസിലുണ്ടായിരുന്നുള്ളൂ. ഇന്നു ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ രണ്ടുനേതാക്കള്‍ ചെന്നിരുന്നാല്‍ രണ്ടുതരത്തിലാണ്‌ സംസാരം.

പതിനായിരം മോഡിമാര്‍ വിചാരിച്ചാലും കോണ്‍ഗ്രസ്‌ മുക്‌ത ഭാരതമുണ്ടാകില്ല. അതറിയുന്നതിനാലാണ്‌ മോഡി നിയമസഭാതെരഞ്ഞെടുപ്പുകള്‍ക്ക്‌ ഒപ്പം പൊതുതെരഞ്ഞെടുപ്പു നടത്താന്‍ നോക്കുന്നത്‌. നോട്ടുനിരോധനത്തിന്റെ പേരും പറഞ്ഞു നടന്ന മോഡിയുടെ റിസര്‍വ്‌ബാങ്കിന്‌ ഇനിയും എത്ര പണം പിന്‍വലിക്കാനെത്തി എന്നതിന്റെ കണക്കില്ല. അഛാദിന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ്‌.

ഹിന്ദുത്വം എന്നതു തെരഞ്ഞെടുപ്പുവേളയില്‍ ഓര്‍ക്കാനുള്ളതു മാത്രമായി മാറ്റി. കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണവേളയില്‍ എം.എല്‍.എമാരെ ചാക്കിടാന്‍ അമിത്‌ഷാ അടക്കമുള്ളവരാണ്‌ രംഗത്തിറങ്ങിയത്‌. 25 കോടിയാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. അതു വിലപ്പോകാഞ്ഞതോടെ മോഡിയുടെ കരണക്കുറ്റിക്ക്‌ ഏറ്റ അടിയായി കര്‍ണാടകയെന്നും വേണുഗോപാല്‍ പരിഹസിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ ടി.എന്‍. പ്രതാപന്‍ അധ്യക്ഷനായി. അനില്‍അക്കര എം.എല്‍.എ, സി.എന്‍. ബാലകൃഷ്‌ണന്‍, തേറമ്പില്‍രാമകൃഷ്‌ണന്‍, സാവിത്രി ലക്ഷ്‌മണന്‍, ജോസഫ്‌ ചാലിശേരി, ടി.വി. ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്‌ണന്‍, ജോസ്‌ വള്ളൂര്‍, ഐ.പി. പോള്‍ എന്നിവര്‍ പങ്കെടുത്തു

Thrissur
English summary
Thrissur Local News about KC Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X