വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; 16 മണിക്കൂർ വാഹനം സ്തംഭിച്ചു...
തൃശൂര്‍: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. 16 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ദേശീയപാതയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിന് തുടങ്ങിയ കുരുക്ക് വെള്ളിയാഴ്ച പകല്‍ രണ്ടു വരെ നീണ്ടു. ദേശീയപാത കുതിരാനില്‍ ഒരു ലോറി കേടായി നിന്നതും, റോഡിന്റെ ശോചനീയാവസ്ഥയുമാണ് ഗതാഗതക്കുരുക്കിന് കാരണം.
വ്യാഴാഴ്ച പകല്‍ പാലക്കാട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്ക്, ട്രയിലര്‍ ലോറികള്‍ ഒരുമിച്ച് വന്നതും കുരുക്കിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. കേടായ ലോറി രാത്രി തന്നെ മാറ്റിയെങ്കിലും കുരുക്കിന് ശമനമായില്ല. കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് തൃശൂര്‍ എ.സി.പിയുടെ കീഴിലുള്ള എമര്‍ജന്‍സി ഫോഴ്‌സ്, ഹൈവേ പോലീസ്, പീച്ചി പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

വലിയ ചരക്ക് ലോറികളും ട്രയിലര്‍ ലോറികളും വാണിയമ്പാറ, കൊമ്പഴ എന്നിവിടങ്ങില്‍ പിടിച്ചിട്ടു. വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ നിന്നും വലിയ വാഹനങ്ങളെ കടത്തിവിട്ടില്ല. ഇതിന്റെ ഭാഗമായി കണ്ണന്നൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍ വലിയ ലോറികള്‍ സര്‍വീസ് റോഡില്‍ പിടിച്ചിട്ടു. മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡുകളിലെല്ലാം വന്‍കുഴികളാണ് രൂപപ്പെട്ടത്. ദേശീയപാതയുടെ വിവിധ പ്രദേശങ്ങളിലെ മണ്ണിടിച്ചിലും ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന കുരുക്കഴിക്കാന്‍ ജില്ലാ ഭരണകൂടം ഒരു നടപടിയുമെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ബസു യാത്രികര്‍ക്ക് ഇവിടം പേടിസ്വപ്നമായി മാറി. അതിനിടെ മഴവെള്ളപ്പെയ്ത്തു കൂടിയായതോടെ വാഹനങ്ങള്‍ പലതും വഴിതിരിച്ചുവിടുന്ന അവസ്ഥയായി. നിലമ്പൂര്‍, വഴിക്കടവില്‍ നിന്നുള്ള വാഹനങ്ങള്‍ കോയമ്പത്തൂര്‍ വഴിയാണ് തിരിച്ചുവിടുന്നത്. ഇതോടെ പ്രതിസന്ധി കൂടി.
വഴുക്കുമ്പാറ മുതല്‍ വാണിയമ്പാറ വരെ നാലു കി.മീറ്ററാണ് ഗതാഗതകുരുക്ക് നീണ്ടത്. വ്യാഴാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ച കുരുക്ക് ഇനിയും തുടരുകയാണെന്നത് ക്ഷീണമായി. തൃശൂര്‍ -പാലക്കാട് റൂട്ടിലോടുന്ന പല ബസുകളും ഇന്നലെ സര്‍വീസ് റദ്ദാക്കി. ഇതോടെ ഈ റൂട്ടില്‍ വലിയ യാത്രാതിരക്കും അനുഭവപ്പെട്ടു. ഇന്നും കുരുക്കു തുടര്‍ന്നാല്‍ സര്‍വീസകള്‍ അനിശ്ചിതമായി നിര്‍ത്തിവെക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications