മൊബൈല്‍ കടയിലെ മോഷണം: കുട്ടിമോഷ്‌ടാക്കള്‍ അറസ്റ്റില്‍, സംഭവം തൃശൂരില്‍! മോഷ്ടിച്ചത് ഫോണ്‍ മാത്രം!
തൃശൂര്‍: ചേലക്കരയില്‍ മൊബൈല്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കുട്ടിമോഷ്‌ടാക്കള്‍ അറസ്റ്റില്‍. വെങ്ങാനെല്ലൂര്‍ കോഴിക്കരപറമ്പില്‍ ലിജേഷ്(19), പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ സുഹൃത്തുമാണു പിടിയിലായത്. സിസി ടിവി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. വീടുകളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രി ചേലക്കര നാലുകെട്ട് കോംപ്ലക്‌സിലെ വാട്‌സ് ആപ്പ് മൊബൈല്‍ കട കുത്തിത്തുറന്നു മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ കവര്‍ന്നു.
മോഷണശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഷട്ടറിന്റെ ചുവട്ടില്‍ മുളകുപൊടി വിതറിയ ശേഷമാണ് രക്ഷപ്പെട്ടത്. ബസ്‌സ്റ്റാന്‍ഡിനു സമീപം ഹൈടെക് മൊബൈല്‍ കടയുടെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടിടങ്ങളിലും സ്‌ഥാപിച്ച കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവരുടെ നീക്കങ്ങള്‍ കാമറയില്‍ വ്യക്‌തമായി പതിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്‌ടാക്കള്‍ അറസ്റ്റിലായത്. ഇരുവരും ചെറുപ്പംമുതലേ സുഹൃത്തുക്കളാണ്.

വീട്ടില്‍ കൂട്ടുകിടക്കാനെത്തിയ ലിജേഷ് പ്രായ പൂര്‍ത്തിയാകാത്ത ആളെ കൂടെ കൂട്ടുകയായിരുന്നു. ഇവര്‍ നടന്നാണ് ചേലക്കരയില്‍ വന്നത്. ആക്‌സോ ബ്ലേഡുപയോഗിച്ച് പൂട്ട് അറുത്തുമാറ്റിയാണ് അകത്ത് കയറിയത്. മോഷണസാധനങ്ങള്‍ വീതിച്ചെടുത്ത് വീട്ടില്‍ സൂക്ഷിച്ചു വിറ്റ് പണമാക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് അറസ്റ്റ്. വീട്ടില്‍ ബാഗിലാക്കി സൂക്ഷിച്ച ഫോണുകളും ആക്‌സോ ബ്ലേഡ്, കട്ടിങ് പ്ലെയറുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

പാലക്കാട് ഐ.ടി.ഐ. വിദ്യാര്‍ഥിയായ ഇയാള്‍ക്ക് ആര്‍ഭാട ജീവിതത്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഒരാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ലിജേഷിനെ ഇന്ന് ഹാജരാക്കും. മോഷണത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ സ്‌ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ചേലക്കര സി.ഐ. സി. വിജയ കുമാരന്‍, എസ്.ഐ. ബി.രാമു ചന്ദ്ര ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications