നാലംഗ കുടുംബത്തിന്റെ ആത്മഹത്യ; മരണകാരണം ദുരഭിമാനമെന്ന് സൂചന; മൃതദേഹത്തില്‍ നിന്ന് ലഭിച്ചത് ഏഴ് കത്തുകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് ദുരഭിമാനമെന്ന് സൂചന. തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് വീടിനടുത്ത് കശുമാവില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാവാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ദുരഭിമാനമാണ് മരണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ ഗൃഹനാഥനായ വിനോദിന്റെ ശരീരത്തില്‍ നിന്ന് ഏഴ് കത്തുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം പോലീസിനും മറ്റൊരെണ്ണം കുടുംബശ്രീ സ്വാശ്രയ സംഘത്തിനും, മറ്റുള്ളവ അഞ്ച് വ്യക്തികള്‍ക്കുമാണ്. മരിച്ച വിനോദിന്റെ വീടിന് സമീപം കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ഒരു വ്യക്തി തൂങ്ങിമരിച്ചിരുന്നു.

ഇയാളുടെ ഭാര്യയുമായി വിനോദിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മരിച്ചയാളുടെ വീട്ടുകാരും, ഭാര്യയുടെ വീട്ടുകാരും വിനോദിന്റെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. ഇക്കാര്യം നാട്ടുകാരില്‍ പലരുമറിഞ്ഞതോടെ വിനോദും, ഭാര്യയും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം വിനോദിന്റെ മക്കളും അറിഞ്ഞതോടെ ദുരഭിമാനം മൂലം കുടുംബം കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വിനോദിന് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയ പ്രദേശവാസിയായ ഒരാളെ കുറിച്ചുള്ള പരാമര്‍ശവും ആത്മഹത്യാകുറിപ്പിലുണ്ട്. മക്കളെയും ഭാര്യയെയും കെട്ടിതൂങ്ങാന്‍ സഹായിച്ച ശേഷം വിനോദും തൂങ്ങിയെന്നാണ് കരുതുന്നത്. ദുശീലങ്ങളൊന്നുമില്ലാതിരുന്ന വിനോദ് കഠിനാധ്വാനിയായ കര്‍ഷകനായിരുന്നു. യാതൊരുവിധത്തിലുള്ള ആക്ഷേപങ്ങളുമില്ലാത്ത വിനോദിന് അവിഹിത ആരോപണങ്ങള്‍ സഹിക്കാനാവാത്തതാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ശനിയാഴ്ച രാവിലെയാണ് വിനോദിനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ മണ്ണല്ലൂര്‍ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാലുപേരെയും തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. മരത്തിന്റെ താഴത്തെ കൊമ്പില്‍ അനുശ്രീയും അഭിനവും, തൊട്ടുമുകളിലെ കൊമ്പില്‍ മിനിയും, ഏറ്റവും മുകളിലത്തെ കൊമ്പില്‍ വിനോദും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തോട്ടമുടമയായ ഷിജു സ്ഥലത്തെത്തിയപ്പോഴാണ് നാലുപോരും തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
മരത്തിന്റെ സമീപത്ത് നിന്ന് മിനിയുടെതെന്ന് കരുതുന്ന ബാഗും, ഏതാനം ശീതളപാനീയ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പമാണ് തിടങ്ങഴിയില്‍ ഇവര്‍ താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിനോദും കുടുംബവും മാനന്തവാടി പിലാക്കാവിലുള്ള സഹോദരി ഉഷയുടെ വീട്ടില്‍ പോയിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം അവിടെ നിന്നും മടങ്ങിയ നാലു പേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. എന്നാല്‍ രാത്രി ഒമ്പത് മണിയോടെ ഇവരുടെ ജീപ്പ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതിനിടയില്‍ വിനോദിന്റെ സഹോദരി ഉഷ മാതാപിതാക്കളെ വിളിച്ച് സഹോദരനും കുടുംബവും വീട്ടിലെത്തിയോ എന്ന് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് വിനോദിനെയും കുടുംബത്തെയും നാട്ടുകാരില്‍ ചിലര്‍ അന്വേഷിച്ചുപോകുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊന്നും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പശുഫാമും, കര്‍ണാടകയില്‍ വാഴകൃഷിയും ചെയ്തുവരുന്നയാളായിരുന്നു വിനോദ്. ദിവസം 130 ലിറ്റര്‍ പാല്‍ കാട്ടിമൂല ക്ഷീരസംഘത്തില്‍ അളക്കാറുണ്ടായിരുന്നുവെന്നും അറിയുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ, സി ഐ പി കെ മണി എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications