വ്യാജരേഖ ചമച്ച് വായ്പയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍: എസ് ബി ഐ ബത്തേരിയില്‍ ശാഖയില്‍ അടക്കാനുള്ളത് 1.38 കോടി രൂപ
സുല്‍ത്താന്‍ബത്തേരി: വ്യാജരേഖ ചമച്ച് ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്ത നാലംഗസംഘം അറസ്റ്റിലായി. സുല്‍ത്താന്‍ബത്തേരി എസ് ബി ടി ബാങ്കില്‍ നിന്നും 60.38 ലക്ഷം രൂപയാണ് സംഘം വായ്പയെടുത്തത്. നിലവില്‍ 1.38 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ ബിദൃക്കാട് കളത്തോടന്‍ വീട്ടില്‍ അലവിക്കുട്ടി (63), പന്തല്ലൂര്‍ പാട്ടവയല്‍ പാലപ്പിള്ളി വീട്ടില്‍ പ്രകാശന്‍ (48), പന്തല്ലൂര്‍ ചോലക്കടവ് കാഞ്ഞിരക്കൊമ്പില്‍ നോബിള്‍ (37), നീലഗിരി കൊട്ടാട് അമ്പലമൂലവീട്ടില്‍ പ്രേമരാജന്‍ (52) എന്നിവരാണ് അറസ്റ്റിലായത്.
ഇതില്‍ അലവിക്കുട്ടി പത്ത്‌ലക്ഷം രൂപയും, പ്രകാശന്‍ ആറ് ലക്ഷം രൂപയും, നോബിള്‍ പതിമൂന്ന് ലക്ഷം രൂപയും, പ്രേമരാജന്‍ 8 ലക്ഷം രൂപയുമാണ് ലോണെടുത്തത്. മറ്റ് പ്രതികള്‍ 31.38 ലക്ഷം രൂപയും വായ്പയായി എടുത്തു. ഇല്ലാത്ത സ്ഥലത്തിന്റെ പട്ടയം, അടങ്കല്‍, കൈവശാവകാശരേഖകള്‍, കുടിക്കടം എന്നിങ്ങനെയുള്ള രേഖകള്‍ പന്തല്ലൂര്‍ വില്ലേജ് ഓഫീസ്, പന്തല്ലൂര്‍ താലൂക്ക് ഓഫീസ്, രജിസ്റ്റാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ശരിയായ രേഖകളാണെന്ന വ്യാജേനയാണ് ബത്തേരി എസ് ബി ടി ബാങ്കില്‍ സംഘം ഹാജരാക്കിയത്. 2009-ലാണ് സംഭവം.

ബാങ്ക് അധികൃതരുടെ ഒത്താശയോടെ ലോണ്‍ കൈപ്പറ്റുകയും തുടര്‍ന്ന് അടക്കാതിരിക്കുകയും, 1.33 ലക്ഷം രൂപ കുടിശികയാവുകയുമായിരുന്നു. തുടര്‍ന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 2016-ല്‍ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷനില്‍ ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് തമിഴ്‌നാട്ടിലെ വിവിധ ഓഫീസുകളിലടക്കം നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമാണെന്ന കാര്യം സ്ഥിരീകരിക്കുന്നത്.
തുടര്‍ന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷിച്ചുവരികയാണ്. ബത്തേരി സി ഐ എം ഡി സുനില്‍, എ എസ് ഐമാരായ ഹരിഷ്‌കുമാര്‍, ശശികുമാര്‍, സി പി ഒ മോന്‍സി, ബൈജു, വനിത സി പി ഒ സജ്‌ന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.












Click it and Unblock the Notifications